KERALANEWS

‘കോഴി വളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ’; ലോ ഫ്ലോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമെന്ന് സാബു എം ജേക്കബ്

കൊച്ചി: ലോ ഫ്ലോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്നും, നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ലോകത്തിലാദ്യമായി സംഭവിക്കുന്ന കാര്യമാണിത്. വിദ്യാഭ്യാസ, ഗതാഗത മന്ത്രിമാരെ അഭിനന്ദിക്കുന്നു. കോഴി വളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഈ വിമര്‍ശനം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നിലപാടിനോടു ചേര്‍ത്തു വായിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിൽ ഇതുവരെ ഭരിച്ച ഒരു സർക്കാരും മെച്ചപ്പെട്ടതല്ല’

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ട്വന്റി-ട്വന്റിയുടെ നിലപാട് നാളെ വ്യക്താക്കുമെന്ന് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും ഒരു മുന്നണിക്കും ഉറപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമകാലിക വിഷയങ്ങളിൽ ജനം പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയമായ തിരുത്തലുകൾക്ക് വേണ്ടിയാകണം ജനങ്ങൾ വോട്ടു ചെയ്യേണ്ടത്. ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം ജനങ്ങളോട് പറയും. എല്ലാവരും ബന്ധപ്പെടുന്നുണ്ട്. യു.ഡി.എഫും എൽ.ഡി എഫും തമ്മിൽ ഭേദമില്ല – കേരളത്തിൽ ഇതുവരെ ഭരിച്ച ഒരു സർക്കാരും മെച്ചപ്പെട്ടതല്ല. ബി.ജെ.പി ഉപദ്രവിച്ചിട്ടില്ലെന്നും പക്ഷെ സഹായിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായിച്ചുവെന്ന സുരേന്ദ്രന്റെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കാക്കരയിൽ കനത്ത പോരാട്ടം; സുധാകരന്റെ വിവാദ പരാമർശം ആയുധമാക്കി ഇടത് മുന്നണി; ശശി തരൂർ അടക്കമുള്ള നേതാക്കളെ കളത്തിലിറക്കി യുഡിഎഫ്

തൃക്കാക്കര: തൃക്കാക്കരയിൽ വാശിയേറിയ പ്രചാരണവുമായി മുന്നണികൾ. കെ സുധാകരന്റെ വിവാദ പരാമർശം ആയുധമാക്കി ഇടത് മുന്നണി ഉയർത്തുമ്പോൾ കെ റെയിൽ, വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് തിരിച്ചടിക്കുന്നത്. കെ റെയിൽ സമര സമിതി ഇന്ന് എറണാകുളം കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും, സംവാദവും നടത്തും. സ്ഥാനാർഥികളുടെ വാഹന പ്രചാരണവും തുടരുകയാണ്. മൂന്ന് മുന്നണികളുടെയും മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

തൃക്കാക്കരയിലെ യുവ വോട്ടർമാരുടെ മനസ്സിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് മുന്നണികൾ. ശശി തരൂർ അടക്കമുള്ള നേതാക്കളെ കോൺഗ്രസ് ഇറക്കുമ്പോൾ, പ്രൊഫഷണലായ സ്ഥാനാർഥി തന്നെയാണ് ഇടതുമുന്നണിയുടെ ആയുധം.

അറുപത്തയ്യായിരത്തിലേറെ യുവ വോട്ടർമാരുണ്ട് തൃക്കാക്കരയിൽ. ശശി തരൂരിനെ പോലെ യുവാക്കളെ സ്വാധീനിക്കാനാകുന്ന നേതാക്കളെയാണ് വോട്ടുറപ്പിക്കാൻ യുഡിഎഫ് ആശ്രയിക്കുന്നത്. പോരാത്തതിന് യൂത്ത് ബ്രിഗേഡും. ടെക്കികൾക്കിടയിൽ പ്രവർത്തിക്കാൻ പ്രത്യേക സംഘത്തേയും കോൺഗ്രസ് ഇറക്കിയിട്ടുണ്ട്.

യുവാക്കളെയും ടെക്കികളേയും പിടിക്കാൻ സ്ഥാനാർഥിയെയാണ് ഇടതുമുന്നണി ഉയർത്തിക്കാട്ടുന്നത്. ചെറിയ ഗ്രൂപ്പുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് ജോ ജോസഫ്.

യുവാക്കളുടെ വോട്ടു കിട്ടിയാൽ മണ്ഡലം ഉറപ്പിക്കാമെന്ന് മുന്നണികൾ കരുതുന്നു. ഇതിനായി വ്യത്യസ്തമായ തന്ത്രങ്ങളാണ് അണിയറയിൽ നേതാക്കൾ ഒരുക്കുന്നത്.

തൃക്കാക്കരയിൽ മന്ത്രിപ്പടയുടെ വോട്ട് പിടുത്തം പ്രതിരോധിക്കാൻ മറുതന്ത്രവുമായി യുഡിഎഫ്. മുതിർന്ന നേതാവായ ഉമ്മൻചാണ്ടി അടക്കമുള്ളവരെ ഫ്ലാറ്റുകളിലേക്ക് എത്തിക്കുകയാണ് യുഡിഎഫ്.

ആലിൻചുവട്ടിലെ പാഞ്ജോസിലേക്ക് ഉമ്മൻചാണ്ടി എത്തിയത് വൈകീട്ട് 7 മണിയോടെ. ഉമാതോമസിന് വോട്ട് അഭ്യർത്ഥിക്കാൻ ഉമ്മൻചാണ്ടി എത്തിയതോടെ ചുറ്റിനും ആൾക്കൂട്ടമായി. പിന്നെ ഫ്ലാറ്റിൽ എല്ലാവരെയും കൂട്ടിയിരുത്തി. പരാതിയായി. നിർദേശങ്ങളായി.

എല്ലാം കേട്ട് മറുപടി പറഞ്ഞ് അടുത്ത ഫ്ലാറ്റിലേക്ക്. കേരളത്തിൽ ഏറ്റവും കൂടുതൽ ഫ്ലാറ്റുകൾ ഉള്ള മണ്ഡലം കൂടിയാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ ഫ്ലാറ്റുകളിലെത്തി വോട്ടുറപ്പിക്കാതെ ജയിക്കാനാകില്ല.ശശി തരൂർ അടക്കമുള്ള മുതിർന്ന നേതാക്കളും പ്രചാരണത്തിന് നേതൃത്വം നൽകുന്നു.

ഇടതുമുന്നണി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള വോട്ട് പിടുത്തം നേരത്തെ തുടങ്ങിയതാണ്.ചിട്ടയോടെ തുടങ്ങിയ പ്രചാരണത്തിൽ മന്ത്രിമാർ കൃത്യതയോടെ എല്ലായിടത്തുമെത്തുന്നു.പകൽ ജോലിക്ക് പോകുന്നവർ കൂടുതലായതിനാൽ വൈകീട്ടാണ് ഫ്ലാറ്റുകളിലെത്തിയുള്ള നേതാക്കളുടെ മാരത്തോൺ പ്രചാരണം.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close