KERALANEWSTop News

കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും; ‘ മണിമാളികയിൽ ഉറങ്ങുന്ന മന്ത്രിമാരെ വിളിച്ചുണർത്താൻ’ ബിഎംഎസിന്റെ പട്ടിണി മാർച്ച് മന്ത്രി മന്ദിരങ്ങളിലേക്ക്

തിരുവനന്തപുരം: ഇന്നലെ ആരംഭിച്ച കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും.ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെ തന്നെ ശമ്പളം വിതരണം ചെയ്ത് തുടങ്ങിയിരുന്നു. സർക്കാർ അധികമായി 30 കോടി കൂടി നൽകിയതോടെയാണ് പ്രശ്ന പരിഹാരമായത്. അതേസമയം ഇന്ന് ബിഎംസിന്റെ നേതൃത്വത്തിൽ തൊഴിലാളികളും കുടുംബാംഗങ്ങളും മന്ത്രി മന്ദിരങ്ങളിലേയ്ക്ക് പട്ടിണി മാർച്ച് നടത്തുന്നു.

തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാർച്ച്. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഗതാഗതമന്ത്രി തിരുവനന്തപുരത്ത് ഇല്ല. വയനാട്,കണ്ണൂർ,കാസർകോട് ഒഴികെയുള്ള ജില്ലകളിൽ വിവിധ മന്ത്രിമാരുടെ സ്വകാര്യ വസതികളിലേക്കാണ് മാർച്ച്. ഇതോടൊപ്പം കെഎസ്ആർടിസിയിലെ ഡീസൽ പർച്ചേസിൽ അഴിമതി ആരോപണമുന്നയിച്ച് ബിഎംഎസ് മുഖ്യമന്ത്രിക്ക് പരാതി നൽകി

ഇടതു സർക്കാർ ഭരണത്തിൽ കഴിഞ്ഞ ആറുവർഷമായി കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുന്ന നയമാണ് അനുവർത്തിക്കുന്നത്. തൊഴിലാളികൾ പണിയെടുക്കാത്തതു കൊണ്ടല്ല കൂലി നൽകാത്തത്. മറിച്ച് കഴിഞ്ഞ 65 വർഷം മാറിമാറി ഭരിച്ച സർക്കാരുകളുടെ നയവൈകല്യങ്ങൾ കൊണ്ട് കടക്കെണിയിലാക്കി, കമ്മീഷൻ അടിച്ച വകയിൽ ബാങ്ക് വായ്പയും സർക്കാരിന്റെ ബാധ്യതയായ പെൻഷൻ കെഎസ്ആർടിസിയെ കൊണ്ട് തനത് ഫണ്ടിൽ നിന്നും കൊടുപ്പിച്ചു വരുത്തിവച്ച ഭീമമായ സാമ്പത്തിക ബാധ്യത തീർക്കാൻ ഇന്ന് പണിയെടുക്കുന്ന ജീവനക്കാരുടെ ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചു കൊണ്ട് ശമ്പളം തടഞ്ഞു വയ്ക്കുന്നതാണ് എന്ന് ബിഎംഎസ് പറയുന്നു.

തൊഴിലാളികളെ പൊതുജനമധ്യത്തിൽ നാണംകെടുത്തി ആത്മവീര്യം തകർത്ത്, സ്ഥാപനത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചന മറ്റൊരു വശത്ത്. 3400 താഴെയുള്ള ഷെഡ്യൂളുകളിൽ നിന്നായി ദിവസം ആറ് കോടി വരുമാനം കൊണ്ടു വരുന്ന ജീവനക്കാരന് ശമ്പളം നൽകാനായി ആയി സർക്കാരിനു മുന്നിൽ പാട്ട നീട്ടുന്നത് അവനെ അപമാനിക്കാനാണ്. കെഎസ്ആർടിസിയുടെ ചെലവിന്റെ മുൻഗണനാക്രമത്തിൽ ഏറ്റവും അവസാന സ്ഥാനമാണ് ശമ്പളത്തിന് സർക്കാർ നൽകിയിരിക്കുന്നത്. ഡീസൽ ചെലവ് കഴിഞ്ഞാൽ അടുത്ത സ്ഥാനം വരുമാനം കൊണ്ട് വരുന്ന ജീവനക്കാരുടെ ശമ്പളത്തിന് നൽകണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നത് സ്ഥാപനത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ചാണ്. സംതൃപ്തരായ തൊഴിലാളികൾക്ക് മാത്രമേ സ്ഥാപനത്തെ സമൃദ്ധിയിലേക്ക് നയിക്കാൻ കഴിയൂ എന്നും ബിഎംഎസ് അവകാശപ്പെടുന്നു.

ഏപ്രിൽ മാസം 163 കോടി ടിക്കറ്റ് വരുമാനവും ഏഴുകോടി ടിക്കറ്റ് ഇതര വരുമാനവും ചേർത്ത് 170 കോടി കെഎസ്ആർടിസി ട്രഷറിയിൽ അടച്ചു. എന്നിട്ട് ശമ്പളത്തിനായി കൊട്ടിയടച്ച കോട്ട വാതിലുകളിൽ മുട്ടി കൊണ്ടിരിക്കുകയാണ്. അതിനൊപ്പമാണ് ജീവനക്കാരെ പുലഭ്യം പറച്ചിൽ. ഉണ്ട് നിറഞ്ഞ കുംഭകുലുക്കി പട്ടിണി കിടക്കുന്നവനെ പുച്ഛിച്ചു കൊണ്ട് മന്ത്രിമാർ എന്നും ചാനലുകളിൽ വീരസ്യം വിളമ്പുന്നു. ശമ്പളം നൽകാൻ സർക്കാരിന് ബാധ്യത ഇല്ല പോലും. സർക്കാരിന്റെ എല്ലാ സാമൂഹ്യ സേവനങ്ങളും കെഎസ്ആർടിസി വഴിനടത്തുകയും ശമ്പളം നൽകേണ്ട സമയം കൈമലർത്തി കാണിക്കുകയും ചെയ്യുന്ന പ്രവണത ആശാസ്യമല്ല എന്നും കുറ്റപ്പെടുത്തുന്നു.

2785 ബസുകൾ ഇടിച്ചൊതുക്കി കെഎസ്ആർടിസിയെ കുത്തുപാള എടുപ്പിക്കാൻ കച്ചകെട്ടിയ സർക്കാരും മാനേജ്മെന്റും 60% വരുമാനം കൊണ്ടുവരുന്ന സൂപ്പർ ക്ലാസ് ഷെഡ്യൂളുകൾ സ്വിഫ്റ്റ് എന്ന പാരലൽ കമ്പനി ഉണ്ടാക്കി അതിന് മഹാദാനം നടത്തുന്നു. അതിന്റെ ചെലവ് കാണിക്കാതെ, ഓടി കൊണ്ടുവരുന്ന പണമെല്ലാം ലാഭം ആണെന്നും കെഎസ്ആർടിസി നഷ്ടമാണെന്നും വരുത്തിത്തീർത്ത് പൂട്ടിക്കുവാൻ ഗൂഢാലോചന നടത്തുന്നു. കെഎസ്ആർടിസിക്ക് ബദൽ സ്വിഫ്റ്റ് ആണ് എന്ന് ജനങ്ങളെ കൊണ്ട് പറയുകയാണ് സർക്കാർ ലക്ഷ്യം. അങ്ങനെ വരുമ്പോൾ സാധാരണ യാത്രക്കാർക്ക് യാത്രാസൗകര്യം നഷ്ടപ്പെടുന്നു എന്ന് അവർ തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണ് ശമ്പള നിഷേധത്തിൽ കെഎസ്ആർടിസി തൊഴിലാളികൾക്ക് യാത്രക്കാർ നൽകിവരുന്ന നിസ്സീമമായ പിന്തുണ. 6/5/22 ലെ പണിമുടക്കിന്റെ അന്ന് പോലും പോലും യാത്രക്കാരോ മാധ്യമങ്ങളോ ജീവനക്കാരെ കുറ്റം പറഞ്ഞില്ല. ശമ്പളം നൽകാത്ത പിണറായി വിജയൻ സർക്കാരിനെയാണ് അവർ പഴിച്ചത്. ജനവികാരം മനസിലാക്കി സർക്കാരിൻ്റെ നയം തിരുത്തുന്നതിന് പകരം തൊഴിലാളികളെ പുറകെ നടന്ന് പുലഭ്യം പറയുന്നവരായി പിണറായി സർക്കാരിലെ മന്ത്രിമാർ അധപതിച്ചു. ശമ്പളം വൈകുന്നതിൽ തൊഴിലാളിയെ സമാധാനിപ്പിക്കാനോ ശമ്പളം നൽകാനുള്ള നടപടി സ്വീകരിക്കുവാനോ ശ്രമിക്കാതെ പണിമുടക്കിയ ജീവനക്കാർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാനാണ് സർക്കാർ താല്പര്യം കാണിക്കുന്നത്. പാടത്ത് പണിക്ക് വരമ്പത്ത് കൂലിയെന്ന് വീമ്പിളക്കിയവർ പണി ചെയ്യുന്നവനെ അറപ്പോടെ കാണുന്നു എന്നതാണ് യാഥാർത്ഥ്യം. വയർ നിറഞ്ഞതിന്റെ ആലസ്യത്തിൽ തൊഴിലാളികളുടെ വിശപ്പിന്റെ വിളി കേൾക്കാതെ, മണിമാളികയിൽ ഉറങ്ങുന്ന മന്ത്രിമാരെ വിളിച്ചുണർത്താൻ അവരുടെ വസതികളിലേക്ക് പട്ടിണി മാർച്ച് നടത്തുകയാണ് ബിഎംഎസ്.

കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി; എല്ലാ മാസവും ഇങ്ങനെ പറ്റില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ കെ എസ് ആർ ടി സിയിൽ ശമ്പള വിതരണം തുടങ്ങി. ശമ്പളം നൽകാനായി 20 കോടി രൂപ കുടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ സഹായമായ 20 കോടി രൂപയക്ക് പുറമെ 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് കെ എസ് ആർ ടി സി തത്കാലം ശമ്പള പ്രതിസന്ധി മറികടന്നത്. സർക്കാർ അധിക സഹായം പ്രഖ്യപിച്ചെങ്കിലും പണം കയ്യിൽ കിട്ടാൻ കാത്തുനിൽക്കാതെ മാനേജ്മെന്‍റ് ശമ്പള വിതരണത്തിലേക്ക് കടക്കുകയായിരുന്നു.

ആവശ്യമുള്ള അധിക തുക മറ്റ് സാമ്പത്തിക ക്രമീകരണങ്ങളിലൂടെ ഉറപ്പാക്കിയാണ് നടപടി. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകിയത്. ധന വകുപ്പിൽ നിന്ന് പണം കിട്ടുന്ന മുറയ്ക്ക് മറ്റ് ജീവനക്കാരിലേക്കും ശമ്പളമെത്തും. മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴി ഒരുക്കിയത്. 20 ദിവസം വൈകിയങ്കിലും സ്കൂൾ തുറക്കും മുമ്പ് ശമ്പളം കിട്ടുന്നതിന്‍റെ ആശ്വാസത്തിലാണ് ജീവനക്കാർ.

എന്നാൽ എല്ലാ മാസവും കെ എസ് ആർ ടി സിക്ക് കോടികൾ നൽകാനാവില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഗതാഗതമന്ത്രിയുടെ നിലപാട് തള്ളി പണിമുടക്കുകളല്ല കെ എസ് ആർ ടി സിയിലെ പ്രതിസന്ധിക്ക് കാരണമെന്നും കെ എൻ. ബാലഗോപാൽ പറഞ്ഞു. തന്‍റെയും ധനമന്ത്രിയുടേയും നിലപാട് ഒന്ന് തന്നെയെന്നായിരുന്നു വിവാദത്തിൽ ആന്‍റണി രാജുവിന്‍റെ പുതിയ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close