
കൊച്ചി: പി.സി.ജോർജിന് പാതി ആശ്വാസം. വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂ. വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്. അതേസമയം പി.സി.ജോർജിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് കമ്മിഷണർ പറഞ്ഞു.
തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹര്‍ജി നല്‍കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോർജിന്റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
പി സി ജോര്‍ജ്ജിന്റെ മത വിദ്വേഷ പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കും; നേരിട്ട് കാണണമെന്ന് കോടതി
തിരുവനന്തപുരം: അനന്തപുരിയിലെ പി സി ജോർജിന്റെ മതവിദ്വേഷ പ്രസംഗം നേരിട്ട് കാണാനൊരുങ്ങി കോടതി. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പോലീസിനോട് കോടതി നിർദ്ദേശം നൽകി. പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. പി സി ജോർജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഈ പ്രസംഗം കാണാനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് – രണ്ടാണ് നിർദ്ദേശം നൽകിയത്. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പി സി ജോർജ്ജിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ജനാധിപത്യ മര്യദകള്‍ പാലിക്കാത്ത വ്യക്തിയാണ് പി സി ജോർജ്ജെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷൻ എതിർത്തു. വാദങ്ങള്‍ക്കിടെയാണ് പ്രസംഗം നേരിട്ട് കാണാൻ കോടതി തീരുമാനിച്ചത്.
കേരള രാഷ്ട്രീയത്തിലെ ഈ ഒറ്റക്കൊമ്പന് വിവാദങ്ങളൊന്നും തന്നെ പുത്തരിയല്ല. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ ആകില്ലെന്ന് പറയുന്ന പോലെയാണ് നമ്മുടെ പിസി ആശാന്റെ അവസ്ഥ. വാ തുറന്നാൽ ഒരു വിവാദ പ്രസ്താവന ഉറപ്പ്. ‘ വിവാദ’ നിലപാടുകൾ കൊണ്ട് അദ്ദേഹമെന്നും മുഖ്യധാരയിൽ തന്നെ സീറ്റുറപ്പിച്ചിട്ടുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതയുമല്ല, പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകൾ കേരളക്കരയെ തന്നെ ഒന്നടങ്കം ഞെട്ടിച്ചതാണ്. പിന്നീട് സ്വന്തം പ്രസ്താവനകളുടെ പേരിൽ കടന്നാക്രമണങ്ങൾക്കും അദ്ദേഹം പാത്രമായിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ചതും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പിന്തുണച്ചതുമെല്ലാം വലിയ വിവാദങ്ങളായിരുന്നു.
ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് പരാതി നല്കിയ കന്യാസ്ത്രീയാണ് പിസി ജോര്‍ജിന്റെ ആക്ഷേപത്തിന്റെ അവസാനത്തെ ഇര. അന്ന് അദ്ദേഹം പറഞ്ഞത് “പന്ത്രണ്ട് തവണ ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷമാണ് കന്യാസ്ത്രീ പരാതിയുമായി രംഗത്ത് വന്നത്. അതുകൊണ്ട് തന്നെ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിക്കാതിരിക്കാനാകില്ല. കന്യാസ്ത്രീകളുടെ സമരം പേരെടുക്കാനാണ്” എന്നായിരുന്നു. പരാമര്‍ശം വിവാദമായി. ദേശീയ വനിത കമ്മീഷന് ഇടപെട്ടു. പിസി ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ചു. അപ്പോഴും കന്യാസ്ത്രീയോട് മാപ്പു പറഞ്ഞില്ല.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിന് പിസി ജോര്‍ജ് പൂർണ പിന്തുണ പ്രഖ്യാപിച്ചത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. അക്രമത്തെ അതിജീവിച്ച നടിയെ ആക്ഷേപിക്കുകയും ചെയ്തു അദ്ദേഹം. ബലാല്‍സംഗത്തിന് ഇരയായ നടി പിറ്റേന്ന് പരാതി കൊടുക്കാന്‍ എത്തിയതിലായിരുന്നു അന്ന് ജോര്‍ജിന് കൗതുകം. നടിയുടെ പേര് വെളിപ്പെടുത്തിയതിനും പിസി ജോര്‍ജ് നിയമനടപടി നേരിട്ടു.
അഭിപ്രായ പ്രകടനങ്ങളില്‍ ഉച്ചഭാഷിണിയായ ജോര്‍ജിന് വിവാദങ്ങള്‍ ദിനചര്യയാണ്. കഴിഞ്ഞ ദിവസങ്ങളായി രാഷ്ട്രീയ കേരളത്തിൽ കത്തി നിൽക്കുന്നത് പിസി ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിലേ വിവാദ പ്രസംഗമാണ്. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ് പിയുടെ നേത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെയാണ് എത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം പൊലീസ് വണ്ടിയിൽ കയറാൻ പി സി ജോർജ് തയാാറായില്ല. പി സി ജോർജ് സ്വന്തം വാഹനത്തിലാണ് ഫോർട്ട് സ്റ്റേഷനിലേക്ക് വരുന്നത്. അതിനുശേഷം അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. തിരുവനന്തപുരം ഫോർട്ട് പൊലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനിൽകാന്തിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി.
കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു. പിസി ജോര്‍ജ്ജിന്റെ മൊഴി ഉള്‍പ്പടെ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു153 എ വകുപ്പ് പ്രകാരമാണ് കേസ്.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.
കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു. മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ പറയുന്നു. മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
അതേസമയം പി സി ജോർജിന്റെ കസ്റ്റഡിയെ ബി ജെ പി നേതാക്കൾ അപലപിക്കുകയാാണ്. അദ്ദേഹം പറഞ്ഞപോലെ പലതും കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്.അതേസമയം പൊലീസ് നടപടി അനിവാര്യമായതെന്ന് വി ഡി സതീശൻ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കലാപങ്ങൾ വരെ ഉണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു