
നടന് ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗം മലയാളികൾ ഞെട്ടലോടെയാണ് കേട്ടത്. ഭാര്യയുടെ വിയോഗം തീര്‍ത്ത ശൂന്യതയില്‍ നിന്ന് ജഗദീഷ് ഇനിയും പുറത്ത് വന്നിട്ടില്ല. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്നായിരുന്നു രമയുടെ അന്ത്യം. ഇപ്പോഴിതാ രമയുടെ അവസാനനാളുകളെ കുറിച്ച് പറയുകയാണ് താരം.
ജഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ… ‘ രണ്ട് വര്‍ഷത്തിനിടെയാണ് അസുഖം മൂര്‍ച്ഛിക്കുന്നത്. മിക്കവാറും കിടപ്പില്‍ തന്നെയായിരിക്കും. ലീവിങ് റൂമില്‍ തന്നെയായിരുന്നു കിടന്നിരുന്നത്. കൊച്ചുമക്കളൊക്കെ വരുമ്പോ കട്ടിലില്‍ കയറി കിടക്കുകയും മറ്റും ചെയ്യുമായിരുന്നു. ഇതിന് ഞങ്ങള്‍ വഴക്ക് പറയുമ്പോള്‍ രമ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കും. മരിക്കുന്നവരെ മരുന്ന് മുടക്കിയിരുന്നില്ല’; ഭാര്യയുടെ അവസാന നാളുകളെ കുറിച്ച് പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
രമയുടെ അവസാന ദിവസത്തെ കുറിച്ചും ജഗദീഷ് പറയുന്നുണ്ട്.’ നല്ല ഉത്സഹത്തിലായിരുന്നു. നെഞ്ചിനുള്ളില്‍ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്ത ശേഷമാണ് ഞാന്‍ ഒന്ന് മുകളിലേക്ക് പോയത്. അപ്പോള്‍ തന്നെ താഴെ നിന്ന് സഹായി വിളിക്കുകയായിരുന്നു. രമ കട്ടിലിലേക്ക് മയങ്ങി വീഴുന്നതാണ് ഇറങ്ങിവരുമ്പോള്‍ കാണുന്നത് . മോളും ഭര്‍ത്താവും കൂടി വന്നു നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നു’. ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളും നടന് പങ്കുവെയ്ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പെട്ടെന്നൊരു ദിവസം രമയുടെ ഒപ്പിനു നീളം കുറഞ്ഞതായി തോന്നി. കൈകള്‍ക്ക് വഴക്കം കുറയുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു അതെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായത്. നടക്കാനും ജോലികള്‍ ചെയ്യാനുമൊക്കെ പിന്നീടു ബുദ്ധിമുട്ടായി. ആദ്യം ചികിത്സിച്ചത് വെല്ലൂരിലെ ഡോ. മാത്യു അലക്സാണ്ടര്‍ ആണ്. ‘വീഴാന്‍ സാധ്യതയുണ്ട്, വാക്കിങ് സ്റ്റിക്കോ വീല്‍ചെയറോ ഉപയോഗിക്കണ’മെന്ന നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും രമ അതിനു സമ്മതിച്ചിരുന്നില്ല. 64 പടികള്‍ കയറി വേണം ഡിപാര്‍ട്മെന്റിലേക്ക് എത്താന്‍. കൂടെ ചെല്ലാമെന്ന് പറഞ്ഞാല്‍ അനുസരിക്കാന്‍ കൂട്ടാക്കാറില്ലായിരുന്നു. അവള് മുകളിലെത്തും വരെ ചങ്കിടിപ്പോടെ നോക്കി നിന്നിട്ടുണ്ടെന്ന് ജഗദീഷ് പറഞ്ഞു.
മക്കളേയും കൊച്ചുമക്കളേയും കുറിച്ചൊക്കെ അഭിമുഖത്തില്‍ പറയുന്നുണ്ട്. കുഞ്ഞുങ്ങള്‍ വന്നതോടെ രമയുടെ മറ്റൊരു മുഖമാണ് കണ്ടത്. സ്കൂള്‍ തുറക്കുന്നതിനു മുന്‍പേ തന്നെ പുസ്തകങ്ങളും ഒരു വര്‍ഷത്തേക്കുള്ള നോട്ടുബുക്കുകളും വാങ്ങി പൊതിയും. എന്നെ കൊണ്ടാണ് ബുക്കില്‍ പേരെഴുതിക്കുന്നത് ‘നല്ല കയക്ഷരം ചേട്ടന്റെയാണ്’ എന്നായിരുന്നു അവള് പറഞ്ഞിരുന്നത്. മൂത്ത മകള്‍ രമ്യയ്ക്ക് ഇംഗ്ലിഷ് അധ്യാപിക ആകണം എന്നായിരുന്നു മോഹം. ഡോക്ടര്‍ എന്ന സ്വപ്നം കൊടുത്തത് രമയായിരുന്നു.അവള് ഫാര്മക്കോളജിയിലും ഇളയവള്‍ സൗമ്യ സൈക്യാട്രിയിലും പിജി കരസ്ഥമാക്കി.
രമ്യയ്ക്കു വേണ്ടി ഒരു ഐപിഎസുകാരനെ കണ്ടുപിടിക്കണമെന്ന മോഹം കൊണ്ടാണ് ചെന്നൈയില്‍ ജോയിന്റ് കമ്മിഷനറായ നരേന്ദ്രന് മരുമകനായി വന്നത്. സൗമ്യയ്ക്കു വേണ്ടി പിജി ഉള്ള ഡോക്ടറെ മതി എന്നായിരുന്നു നിബന്ധന. അവസാനകാലത്ത് രമയെ ചികിത്സിച്ചത് ന്യൂറോളജിസ്റ്റായ മരുമകന് പ്രവീണാണ്. രമ്യയുടെ മക്കളായ എട്ടാം ക്ലാസുകാരി കാര്‍ത്തികയ്ക്കും ഒന്നാം ക്ലാസുകാരന് കാര്‍ത്തിക്കിനും സൗമ്യയുടെ മകള്‍ ഒന്നാംക്ലാസുകാരി പ്രാര്‍ഥനയ്ക്കും രമ എന്നാല്‍ ജീവനാണ്. അമ്മൂമ്മയെ പോലെ ഡോക്ടറാകണം എന്നാണ് കാര്‍ത്തികയുടെ സ്വപ്നമെന്നും ജഗദീഷ് ഓര്‍ത്തു.