
അവധിക്കാലം യാത്രകളും മറ്റുമായി ആഘോഷമാക്കുകയാണ് നടി മംമ്ത മോഹൻ ദാസ്. . ബുര്‍ജ് ഖലീഫയിലെ റസ്റ്ററന്റിൽ നിന്നുള്ള ചിത്രങ്ങളാണ് താരമിപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രണയത്തിലെയും ജീവിതത്തിലെയും കരിയറിലെയും എല്ലാ ‘വിജയങ്ങളും’ ആഘോഷിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ബുർജ് ഖലീഫയുടെ 122-ാം നിലയിലയിലുള്ള അറ്റ്മോസ്ഫിയർ ഗ്രിൽ ആൻഡ് ലോഞ്ച് റസ്റ്ററന്റില്‍ നിന്നുള്ള ചിത്രങ്ങളാണ് മംമ്ത സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൗ ഹോട്ടലിൽ എത്തിയാൽ ദുബായ് നഗരത്തിലെ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാം. സെലിബ്രിറ്റികളടക്കം മിക്ക സന്ദർശകരും ബുര്‍ജ് ഖലീഫ സന്ദർശിക്കുന്നതിനൊപ്പം ഇൗ റസ്റ്ററന്റിലും എത്തിച്ചേരാറുണ്ട്.
ദുബായ്യിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് മറി കടക്കാന്‍ ഇതുവരെ മറ്റൊരു കെട്ടിടം വന്നിട്ടില്ല. 163 നിലകളോടു കൂടിയ ഈ ടവർ കിലോമീറ്ററുകൾ ദൂരെ നിന്നാലും കാണാം. മുകളിലേക്ക് ഉയർന്നു പോകുന്ന ഒരു വിർച്വൽ സിറ്റി തന്നെയായാണ് ബുർജ് ഖലീഫ. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷോപ്പിങ് സെന്ററുകൾ, ആയിരത്തോളം ലക്ഷ്വറി റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, റിക്രിയേഷൻ സൗകര്യങ്ങൾ, തുടങ്ങി ഒരു ആധുനിക നഗരത്തിൽ വേണ്ടതെല്ലാം ഈ പടുകൂറ്റൻ സൗധത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. ദുബായിലേക്ക് അവധിയാഘോഷത്തിനായി എത്തുന്നവർ ബുർജ് ഖലീഫ കാണാതെ മടങ്ങാറില്ല.