KERALANEWS

ശാരീരിക അസ്വസ്ഥത, പി സി ജോർജ് നിരീക്ഷണത്തിൽ; തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിൽ അനിശ്ചിതത്വം; ഡോക്ടറുടെ തീരുമാനം നിർണായകമാകും

കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോർജിന് രക്തസമ്മർദത്തിൽ വ്യത്യാസം. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. രക്തസമ്മർദത്തിൽ വ്യത്യാസമുണ്ടെന്നും ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ആശുപത്രിയിൽ തന്നെ ത്തുഡ്രാക്കുകയാണ് അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് മകൻ ഷോണും വ്യക്തമാക്കി. രാവിലത്തെ വൈദ്യ പരിശോധന ഫലം ഹാജരാക്കി.

കോടതി മിണ്ടാൻ പറയുമ്പോൾ ചൊവ്വേ മിണ്ടിക്കോളാമെന്നും പി സി ജോർജ്

കൊച്ചി: വിദ്വേഷ പ്രസംഗക്കേസുകളിൽ അറസ്റ്റിലായതിന് പിന്നാലെ താൻ സത്യം മാത്രമേ പറഞ്ഞിട്ടുളൂവെന്ന് പി സി ജോർജ്. കോടതി വിലക്കുള്ളതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. എആർ ക്യാമ്പിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

കോടതി മിണ്ടാൻ പറയുമ്പോൾ ചൊവ്വേ മിണ്ടിക്കോളാം. ഹൈക്കോടതി തീരുമാനം അറിഞ്ഞതിന് ശേഷം സംസാരിക്കാമെന്നും പിസി ജോർജ് പറഞ്ഞു. അതേസമയം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിലും വെണ്ണല വിദ്വേഷ പ്രസംഗക്കേസുകളിലും പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.ഡിസിപിയുടെ വാഹനത്തിൽ പാലാരിവട്ടം സ്‌റ്റേഷനിൽനിന്നു കൊണ്ടുപോയ പിസി ജോർജിനെ എറണാകുളം എആർ ക്യാംപിലെത്തിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

പിസി ജോർജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും പിന്തുണയുമായി ബിജെപിയും പൊലീസ് സ്‌റ്റേഷനു മുന്നിൽ എത്തിയത് സംഘർഷത്തിന് ഇടയാക്കി. ഇവരെ നീക്കാൻ പൊലീസ് ബലം പ്രയോഗിച്ചു. ജോർജുമായി പൊലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു. ഈ വാഹനം ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ നീക്കം ചെയ്തു.

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന്റെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. പി സി ജോർജിൻറെ ജാമ്യം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഇത്. അന്വേഷണ സംഘം കൊച്ചിയിലേക്ക് പുറപ്പട്ടിട്ടുണ്ട്. നാളെ വൈകുന്നേരം വരെ കോടതിയിൽ ഹാജരാക്കാൻ സമയമുണ്ട്. തിരുവനന്തപുരത്ത് എപ്പോൾ എത്തിക്കണമെന്ന സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

കോടതി നിർദ്ദേശിച്ച ജാമ്യ വ്യവസ്ഥകൾ പത്ത് ദിവസത്തിനകം ലംഘിച്ചതിനാണ് കോടതി ജാമ്യം റദ്ദാക്കിയത്. സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന കേസിലാണ് ജാമ്യം റദ്ദാക്കിയത്. മറ്റു മതവിഭാഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്ന നിർദേശത്തോടെയാണ് ജാമ്യം നൽകിയതെങ്കിലും പി.സി.ജോർജ് പത്തു ദിവസത്തിനുള്ളിൽ ഈ നിർദേശം ലംഘിക്കുകയായിരുന്നു. നാലാമത്തെ ജാമ്യ വ്യവസ്ഥയുടെ ലംഘനമാണിത്. മറ്റു മതങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നായിരുന്നു നാലാമത്തെ ജാമ്യ വ്യവസ്ഥ. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് പി.സി.ജോർജിനു ജാമ്യം അനുവദിച്ചതെന്നും ഇത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഈ കേസിൽ ഹൈക്കോടതി നിർദേശം ബാധകമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ജാമ്യം ലഭിച്ചശേഷം വഞ്ചിയൂർ ജുഡീഷ്യൽ ഓഫിസേഴ്സ് ക്വാർട്ടേഴ്സിൽ മാധ്യമങ്ങളെ കണ്ട പി.സി.ജോർജ്, താൻ മുൻപ് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായാണ് മാധ്യമങ്ങളോടു പറഞ്ഞതെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പിന്നീട്, വെണ്ണല ക്ഷേത്രത്തിൽ നടത്തിയ വിദ്വേഷ പ്രസംഗവും മതസൗഹാർദം തകർക്കുന്ന തരത്തിലുള്ളതായിരുന്നു. ഈ പ്രസംഗത്തിന്റെ സിഡി അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. പ്രാദേശിക ഓൺലൈനിൽ വന്ന ദൃശ്യമാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. വിഡിയോയിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.

കേസിൽ പി.സി ജോർജ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ ജോർജിന്റെ വിവാദ പരാമർശത്തിലാണ് നടപടി. കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയിൽ വിദ്വേഷ പ്രസംഗം അദ്ദേഹം നടത്തിയിരുന്നു. തുടർന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കുകയും ജോർജിന്റെ അറസ്റ്റിന് വഴിയൊരുങ്ങുകയും ചെയ്തത്.

നിയമത്തെ വെല്ലുവിളിച്ച വെണ്ണല പ്രസംഗം

തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനിൽക്കെയാണ് പി.സി.ജോർജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പി.സി.ജോർജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് അറസ്റ്റിനുള്ള സാധ്യത മുന്നിൽക്കണ്ട് പി. സി. ജോർജ് ഒളിവിൽ പോവുകയും ചെയ്തു. ഹൈക്കോടതിയിൽ തിങ്കളാഴ്ച വീണ്ടും മൂൻ കൂർ ജാമ്യാപേക്ഷ നൽകിയതിനെ തുടർന്ന് ഹോക്കോടതി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിച്ച് കൊണ്ട് ജാമ്യം റദ്ദാക്കുകയായിരുന്നു. ഹൈക്കോടി അനുവദിച്ച ഇടക്കാല മൂൻകൂർ ജാമ്യം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടിതിയിൽ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് തടസ്സമാവില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.

കുറ്റവും ശിക്ഷയും

153(എ) വ്യത്യസ്ത സമൂഹത്തിനിടയിൽ സ്പർധ വളർത്തുകയും ഐക്യത്തിന് തടസ്സമാകുകയും ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുക. മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം.

295(എ) ഏതെങ്കിലും മതത്തെയോ, ഒരാളുടെ മതവികാരത്തെയോ വ്രണപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക. ജാമ്യമില്ലാത്ത കുറ്റം. മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്നത്.

പി സി ജോർജ് കസ്റ്റഡിയിൽ

കൊച്ചി: തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് കസ്റ്റഡിയിലായിരുന്നു. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയ പി സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് അദ്ദേഹത്തെ ഐ ജി ഓഫീസിലേക്ക് മാറ്റി. ഒരുമണിക്കൂറോളം നേരം നീണ്ടുനിന്ന നടപടികൾക്കൊടുവിലാണ് പി സി ജോർജിനെ പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് മാറ്റിയത്.

അറസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ജാമ്യവ്യവസ്ഥകൾ പി സി ജോർജ് ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചതോടെയാണ് കോടതിയുടെ വിധി. നിയമം പാലിക്കുമെന്നാണ് സ്റ്റേഷനിൽ എത്തിയപ്പോൾ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

പി സി ജോർജ് പാലാരിവട്ടത്തെ പോലീസ് സ്റ്റേഷനിലെത്തുന്നതിന് മുമ്പ് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പി സി ജോർജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവർത്തകർ സ്റ്റേഷനിലെത്തിയിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പി സി ജോർജിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കളും പോലീസ് സ്റ്റേഷനിലെത്തി. ഹൈക്കോടതി നൽകിയ ഇടക്കാല ജാമ്യത്തിൻറെ ബലത്തിലാണ് പി സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

അതേസമയം പി സി ജോർജ് അറസ്റ്റിന് തയ്യാറാണെന്ന് മകൻ ഷോൺ ജോർജിന്റെ പ്രതികരണം. പി സി ജോർജ് ഉടൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നും നിയമത്തെ കോടതിയെയും അനുസരിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിൻറെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഷോൺ ജോർജ്.

പി സി ജോർജിൻറെ മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് പൊലീസ് നീക്കം. ഇതിനിടെ പിസി ജോർജിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

പി സി ജോർജിനെതിരെ മുഖ്യമന്ത്രി

കൊച്ചി: പി സി ജോർജിനെതിരെയുള്ള പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു, നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ സാധ്യത ഇല്ല. ഇത് ഒരു സമീപനത്തിൻ്റെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു. അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കടുത്ത മത വിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിച്ചു. പൊലീസ് കേസ് എടുത്തു. മുദ്യാവാക്യം വിളിച്ച കുട്ടിക്ക് അതിൻറെ ആപത്ത് അറിയില്ല. കുട്ടിയെ ചുമലിൽ എറ്റിയ ആളെ അറസ്റ്റ് ചെയ്തു. പരിപാടിയുമായി ബന്ധപ്പെട്ടവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്തും പറയാവുന്ന നാടല്ല കേരളം. അത് കൊണ്ട് വർഗീയ ശക്തികളോട് ഒരു തരത്തിലും ഉള്ള വിട്ട് വീഴ്ചയും ഉണ്ടാകില്ല.. കള്ള പ്രചാരവേലകൾ ഒന്നിന് പുറകെ ഒന്നായി വരുന്നു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. ആക്രമണങ്ങൾ ബോധപൂർവമാണെന്നും” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close