
മുംബൈ: എൻസിപി നേതാവും ലോക്സഭാ അംഗവുമായ സുപ്രിയ സുലെയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തി ബിജെപി നേതാവ്. മഹാരാഷ്ട്രാ ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് വിവാദ പരാമർശത്തിലൂടെ പ്രശ്നത്തിൽ ആയിരിക്കുന്നത്. രാഷ്ട്രീയം മനസിലാകുന്നില്ലെങ്കില് വീട്ടിൽ പോയി പാചകം ചെയ്യാൻ നോക്കണമെന്നായിരുന്നു ചന്ദ്രകാന്ത് സുലെയോട് പറഞ്ഞത്. സംഭവം വിവാദമായി.
എന്തിനാണ് രാഷ്ട്രീയത്തിൽ ഇടപെടുന്നത്? വീട്ടിൽ പോയി പാചകം ചെയ്യൂ. ഡൽഹിയിലോ സെമിത്തേരിയിലോ എവിടെ പോയിട്ടായാലും ഞങ്ങൾക്ക് ഒ.ബി.സി ക്വാട്ട തരൂ. ലോക്സഭാ അംഗമായിട്ടും ഒരു മുഖ്യമന്ത്രിയുടെ അപ്പോയിൻമെന്റ് എങ്ങനെയാണ് എടുക്കുക എന്ന് അറിയില്ലേ?-ചന്ദ്രകാന്ത് പാട്ടീൽ ചോദിച്ചു.
ഒ.ബി.സി സംവരണവുമായി ബന്ധപ്പെട്ട് സുപ്രിയ സുലെയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രകാന്ത് പാട്ടീൽ. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒ.ബി.സി സംവരണം അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സുലെയുടെ വിമർശനം. ”മധ്യപ്രദേശ് മുഖ്യമന്ത്രി(ശിവരാജ് സിങ് ചൗഹാൻ) ഡൽഹിയിൽ വന്ന് ഒരാളുമായി കൂടിക്കാഴ്ച നടത്തി. പെട്ടെന്നുതന്നെ രണ്ടു ദിവസത്തിനകം ഒ.ബി.സി സംവരണത്തിന് അവർക്ക് അനുമതിയും ലഭിച്ചു.”- സുപ്രിയ സുലെ ചൂണ്ടിക്കാട്ടി.
പരാമർശം വിവാദമായതോടെ ന്യായീകരണവുമായി ചന്ദ്രകാന്ത് രംഗത്തെത്തിയിട്ടുണ്ട്. ഗ്രാമങ്ങളിൽ പോയി രാഷ്ട്രീയം പഠിക്കാനാണ് താൻ പറഞ്ഞതെന്നായിരുന്നു വിശദീകരണം. ”ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ്. ഇത്തരം പ്രയോഗങ്ങളെല്ലാം പ്രചാരത്തിലുള്ള ഗ്രാമപ്രദേശങ്ങളിൽ ചെന്ന് ജീവിക്കാൻ പഠിക്കണമെന്നാണ് ഞാൻ പറഞ്ഞത്. സുപ്രിയയോട് ബഹുമാനമാണ്. ഞങ്ങൾ പലപ്പോഴും സംസാരിക്കുന്നതുമാണ്.”- ചന്ദ്രകാന്ത് പാട്ടീൽ വിശദീകരിച്ചു.
ഒ.ബി.സി സംവരണം നടപ്പാക്കാൻ മഹാരാഷ്ട്രയിലെ ശിവസേന-എൻ.സി.പി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സംവരണം സുപ്രിംകോടതി തടഞ്ഞിരിക്കുകയാണ്. എന്നാൽ, വേണ്ട വിവരങ്ങൾ കോടതിയിൽ നൽകാതെ കേന്ദ്ര സർക്കാരാണ് സംവരണത്തിനു വിഘാതമായി നിൽക്കുന്നതെന്നാണ് മഹാരാഷ്ട്രാ സർക്കാർ ആരോപിക്കുന്നത്.