KERALANEWS

പി സി ജോർജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; തീരുമാനം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗത്തില്‍ ജാമ്യം റദ്ദാക്കപ്പെട്ട പി സി ജോർജിനെ ജില്ലാ ജയിലിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലേക്കു മാറ്റി. ആശുപത്രി സെല്ലോ സുരക്ഷയുള്ള മറ്റേതെങ്കിലും സെല്ലോ പി.സി.ജോർജിനു നൽകുമെന്ന് പൂജപ്പുര ജയിൽ സൂപ്രണ്ട് പറഞ്ഞു. പി.സി.ജോർജിന്റെ സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണു നടപടി. ജില്ലാ ജയിലിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല.

രാവിലെ 10 മണിയോടെയാണ് പി.സി.ജോർജിനെ ജില്ലാ ജയിലിലെത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മറ്റു തടവുകാരോടൊപ്പം അഡ്മിഷൻ സെല്ലിലാക്കി. നിരീക്ഷിക്കാൻ പൊലീസുകാരെയും ചുമതലപ്പെടുത്തി. ഉച്ചയ്ക്കു ജയിൽ ഭക്ഷണമാണ് നൽകിയത്. ചോറ്, സാമ്പാർ, അവിയല്‍, തൈര് എന്നിവയാണ് വ്യാഴാഴ്ച ജയിലിലെ ഉച്ച ഭക്ഷണം. വൈകിട്ടു ചായ നൽകി. സെൻട്രൽ ജയിലിൽ രാത്രിയിൽ ചോറ്, തോരൻ, തീയൽ എന്നിവയാണ് ഭക്ഷണം.

മതവിദ്വേഷ പ്രസംഗത്തില്‍ ജാമ്യം റദ്ദാക്കി വഞ്ചിയൂര്‍ കോടതി രാവിലെ ജയിലില്‍ അടച്ചെങ്കിലും ഇന്ന് തന്നെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടുമെന്നായിരുന്നു ജോര്‍ജിന്‍റെ പ്രതീക്ഷ. തിരുവനന്തപുരം പ്രസംഗത്തിലെ ജാമ്യം റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജി ഫലത്തില്‍ ജാമ്യ ഹര്‍ജി തന്നെ ആയതിനാല്‍ മജിസ്ടേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുമില്ല. രാവിലെ കേസ് പരിഗണിച്ച ഹൈക്കോടതി ഉച്ചക്ക് കേസ് വീണ്ടും പരിഗണിക്കും വരെ പി സി ജോര്‍ജ് പ്രതീക്ഷയിലായിരുന്നു. അറസ്റ്റ് അനാവശ്യമാണെന്ന് ജോര്‍ജിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ പറഞ്ഞു . പൊലീസ് എന്തിനാണ് പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദിക്കുന്നതെന്നും എന്തു തെളിവുകളാണ് ഇനി ലഭിക്കാനുള്ളതെന്നും അഭിഭാഷകര്‍ ആരാഞ്ഞു.

പി സി ജോർജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസ് ആണെന്ന് മുഖ്യമന്ത്രി

തൃക്കാക്കര: പി.സി.ജോർജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണെന്ന് മുഖ്യമന്ത്രി. “ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്, ആട്ടിൻകൂട്ടത്തിന് അത് നന്നായി അറിയാം. വർഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗീയത കലർത്താനാണ് ബിജെപിയുടെ ശ്രമം. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ നോക്കുകയാണ് ബിജെപി. ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പിന്തുണക്കുന്നതെന്നാണ് ബിജെപി വാദം. രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാർ ആക്രമണങ്ങൾ മറക്കരുത്. വർഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകു”മെന്നും പിണറായി വിജയൻ പറഞ്ഞു.

വർഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ക്രൈസ്തവ സംരക്ഷണത്തിന്റെ പേര് പറഞ്ഞ് വർഗീയവിഷം ചീറ്റിയ ആളെ സംരക്ഷിക്കുന്നയാളുകളാണ് 2008 ൽ 38 പേരുടെ ജീവനെടുത്തത്. അവർക്ക് അതിൽ പശ്ചാത്താപമില്ല. രാജ്യത്ത് ക്രിസ്ത്യാനികളെ സംഘപരിവാർ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രഹാം സ്റ്റൈനേയും മക്കളെയും കൊന്നത് മറക്കാനിടയില്ല. നാൽപ്പതോളം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. മൂന്നൂറിലധികം പള്ളികൾ തകർക്കപ്പെട്ടു. അറുപതിനായിരം പേരെ കുടിയൊഴിപ്പിച്ചു. അന്ന് പ്രാർത്ഥിക്കാൻ ഇടമില്ലാത്തവർക്ക് സിപിഎം ഓഫീസുകൾ വിട്ടു നൽകി. ബിജെപി അധികാരത്തിൽ ഏറിയ ശേഷം വ്യാപകമായല്ലേ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

തൃക്കാക്കര എങ്ങനെ വിധിയെഴുതും എന്നതിന്റെ സൂചനകൾ വന്ന് തുടങ്ങിയിട്ടുണ്ട്. ഇത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മാന്യത വിട്ടുള്ള നെറികെട്ടതും നിലവാരം ഇല്ലാത്തതുമായ പ്രചാരണ രീതിയിലേക്ക് നീങ്ങിയിരിക്കുകയാണ് യുഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ‘ബി’ ടീമായാണ് കോണ്ഗ്രസിനെ ജനങ്ങൾ കാണുന്നത്. കോൺഗ്രസിലെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഉപതെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ തകർച്ചയാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി സി ജോർജിന്റെ ജാമ്യ ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി

വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്റെ ജാമ്യ ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഹർജി നാളെ ഉച്ചക്ക് പരിഗണിക്കും. പോലീസിൽ നിന്ന് വിവരം ശേഖരിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്റ്റഡിയിൽ വെച്ച് എന്താണ് പോലീസിന് ചെയ്യാൻ ഉള്ളത് എന്ന് കോടതി ചോദിച്ചു. വീഡിയോ റെക്കോർഡുകൾ കയ്യിലുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി.സി.ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ജോ‍‍ർജിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. ഇതിനുമുന്നോടിയായി ജനറൽ ആശുപത്രിയിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി. പി.സി.ജോർജ് തുടർച്ചയായി വിദ്വേഷ പരാമർശം നടത്തുന്നതിൽ ഗൂഢാലോചനയുണ്ട് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ​ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉപതെരഞ്ഞെടുപ്പിന് മുൻപുള്ള അറസ്റ്റ് പോപ്പുലർ ഫ്രണ്ടിനു മുഖ്യമന്ത്രിക്ക് കൊടുത്ത ഉറപ്പെന്ന് ബിജെപി

തിരുവനന്തപുരം: പി സി ജോർജ് സർക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റ് ചെയ്യാൻ സർക്കാരിന് തിടുക്കമായിരുന്നു. ജോർജിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ട ഒരുപാട് പേർ കേരളത്തിൽ ഉണ്ട്. പോപ്പുലർ ഫ്രണ്ടിനു മുഖ്യമന്ത്രിക്ക് കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് എന്നും സുരേന്ദ്രൻ ആരോപിച്ചു.

മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി സി ജോർജിനെ 14 ദിവസത്തേക്ക് രാവിലെ കോടതി റിമാൻഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി സി ജോർജ് കോടതിയിൽ പറഞ്ഞു. പൊലീസ് കാരണം പി സി ക്ക് ജീവിക്കാൻ കഴിയുന്നില്ലെന് അഭിഭാഷകൻ പറഞ്ഞു. പിസിയെ ഏതു വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം നടത്തിയത്. അതാണ് ഇന്നലെ രാത്രി കണ്ടത് എന്നും അഭിഭാഷകൻ പറഞ്ഞു. പൊലീസ് മർദ്ദിക്കുമോയെന്ന് ഭയമുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നിനെയും ഭയമില്ലെന്ന് പി സി കോടതിയോട് പറഞ്ഞു.

പി സി ജോർജിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ കിട്ടുമെന്ന് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ കസ്റ്റഡി ആവശ്യം പരി​ഗണിക്കാതെയാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.

ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സിയെ ജയിലിലിടണം`; പ്രീണന നയമെന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമായെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പി സി ജോര്‍ജിന്റെ അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രീണന നയമാണെന്നാണ് ഷോണിന്റെ ആരോപണം. ഒരു മണിക്കൂറെങ്കിലും പി സി ജോര്‍ജിനെ ജയിലിലിട്ട് മുഖ്യമന്ത്രിക്ക് ആരെയോ ബോധിപ്പിക്കാനുണ്ട്. മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചെത്തിയ ശേഷം ആദ്യം ചര്‍ച്ച ചെയ്തത് പി സി ജോര്‍ജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാത്തത് അടക്കമുള്ള ജനകീയ പ്രശ്‌നങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. ഈ നടപടി മുഖ്യമന്ത്രി ഈ വിഷയത്തില്‍ എത്ര പ്രതികാരത്തോടെയാണ് ഇടപെട്ടതെന്ന് തെളിയിക്കുന്നുണ്ടെന്നും ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നാണ് ഷോണ്‍ ജോര്‍ജിന്റെ മറ്റൊരു ആരോപണം. തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രം തയാറാക്കിയ എഫ് ഐ ആര്‍ ആണിതെന്ന് ആര്‍ക്കും മനസിലാകും. പ്രസംഗത്തില്‍ നിന്നും പെറുക്കിയെടുത്ത ചില വാചകങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍. പി സി ജോര്‍ജിന്റെ വാക്കുകള്‍ ഇസ്ലാമിനെതിരെയാണെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്. പി സി ജോര്‍ജ് വിമര്‍ശിച്ചത് ചില തീവ്രവിഭാഗങ്ങളെ മാത്രമാണെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം 14 ദിവസത്തേക്കാണ് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതി പി സി ജോർജിനെ റിമാൻഡ് ചെയ്തത്. ജോർജിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റുക. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി മെയ്‌ 30ന് പരിഗണിക്കും.

പുറത്തുനിന്നാൽ പ്രതി കുറ്റം ആവർത്തിക്കുമെന്ന പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോർജിനെ കോടതി റിമാൻഡ് ചെയ്തത്. തന്നെ വേട്ടയാടുകയാണ് എന്ന തരത്തിൽ മജിസ്‌ട്രേട്ടിന് മുമ്പിൽ പിസി ജോർജ് പ്രതികരിച്ചിരുന്നു. തനിക്ക് ആരേയും ഭയമില്ലെന്നും കൂട്ടിച്ചേർത്തു. പൊലീസിനോട് പരാതിയുമില്ലെന്നും പറഞ്ഞു. ഇതിന് ശേഷമാണ് 14 ദിവസ റിമാൻഡിൽ മജിസ്‌ട്രേട്ട് തീരുമാനമെടുത്തത്. ഇന്ന് ബിജെപിക്കാരുടെ പ്രതിഷേധവും പിസി ജോർജിന് വേണ്ടി ഉണ്ടായില്ല. എന്നാൽ പിസിയുടെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ നീക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കരയിലെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇതെന്നും പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് അറസ്‌റ്റെന്നും കൂട്ടിച്ചേർത്തു.

പൊലീസു കാരണം ജീവിക്കാൻ പിസി ജോർജിന് കഴിയുന്നില്ലെന്ന വാദമാണ് മജിസ്‌ട്രേട്ടിന് മുമ്പിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉയർത്തിയത്. ഇതിന് ശേഷമാണ് പൊലീസിനെ കുറിച്ചുള്ള ചോദ്യം എത്തിയത്. തനിക്ക് ആരേയും ഭയമില്ലെന്നും പൊലീസ് ഉപദ്രവിക്കുമെന്ന ഭയമില്ലെന്നും പിസി പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ ജോർജിനെ വേണമെന്നതായിരുന്നു പൊലീസിന്റെ ആവശ്യം. അത് ഇന്ന് കോടതി പരിഗണിച്ചുമില്ല. ഹൈക്കോടതിയുടെ തീരുമാനം കൂടി അറിഞ്ഞ് ഇത് പരിഗണിക്കാനാണ് തീരുമാനം.

കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ ദിവസമാണ് ജോർജിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കിയിരുന്നത്. ഇതിന് തൊട്ടുപിന്നാലെ കൊച്ചിയിലെത്തി പൊലീസ് സംഘം ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു. രാത്രിതന്നെ തിരുവനന്തപുരത്തേക്കും എത്തിച്ചു. രാവിലെ മജിസ്‌ട്രേട്ടിന് മുമ്പിൽ എത്തിച്ചാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിനു പിന്നാലെ മകൻ ഷോണിനൊപ്പം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി.സി. ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്. നിയമത്തിന് വഴങ്ങുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു പി.സി. ജോർജ് സ്റ്റേഷനിലെത്തിയത്. തുടർന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സിറ്റി പൊലീസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം പി.സി. ജോർജിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അനിവാര്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകൾ പി.സി. ജോർജ് ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പി.സി. ജോർജിനെ പിന്തുണച്ച് പൊലീസ് സ്റ്റേഷൻ പരിസരത്ത് ബിജെപി പ്രവർത്തകരും എത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി 20 ശതമാനം വോട്ടിന് വേണ്ടി ജോർജിനെ സർക്കാർ അകാരണമായി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പ്രതികരിച്ചു. കൊലവിളി നടത്തിയ ബാലനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. സംഘാടകർക്കെതിരെ നടപടി എടുക്കുന്നില്ല. ഇരട്ടനീതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. നീതി നിഷേധിക്കപ്പെടുന്ന ജോർജിനൊപ്പം നിലനിൽക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close