
ചെന്നൈ: ഹിന്ദിക്ക് സമാനമായി തമിഴും പരിഗണിക്കപ്പെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. മദ്രാസ് ഹൈക്കോടതിയിലെയും തമിഴ് നാട്ടിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഔദ്യോഗിക ഭാഷ തമിഴ് ആകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി സ്റ്റാലിൻ പരാമർശിച്ചു.
‘തമിഴ്നാടിന്റെ വികസനം സാമ്പത്തിക മേഖലയില്‍ മാത്രമല്ലെന്നും സാമൂഹ്യ നീതി, സമത്വം, സ്ത്രീ ശാക്തീകരണം എന്നിവയും കൂടിയാണ്. അത് ദ്രാവിഡ മോഡലാണ്’ അദ്ദേഹം പറഞ്ഞു.
ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത കച്ച ദ്വീപ് തിരിച്ചു പിടിക്കണമെന്നും ഈ മേഖലയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യ ബന്ധനത്തിന് അനുമതി നല്‍കണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു. 1974ലാണ് ആള്‍വാസമില്ലാത്ത ഈ ദ്വീപ് ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുനല്‍കിയത്.
നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നും അദ്ദേഹം പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടു. തമിഴ്നാട് സര്‍ക്കാര്‍ നീറ്റ് വിരുദ്ധ ബില്ല് പാസാക്കിയത് ചൂണ്ടിക്കാട്ടായിയിരുന്നു സ്റ്റാലിന്റെ പരാമര്‍ശം.
ഫെഡറല്‍ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്കായി സംസ്ഥാനത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ സൗഹൃദത്തിന്റെ കൈ നീട്ടുകയും അതേ സമയം അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്യും.’- മുന്‍ മുഖ്യമന്ത്രി എം കരുണാധിയുടെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടിയാണിത്.
28,000 കോടി രൂപയുടെ ആറ് വികസന പദ്ധകളുടെ നിര്‍മ്മാണ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.