
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസുകളില്‍ ജാമ്യം ലഭിച്ച പി.സി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായി. പിണറായി വിജയന്റെ കളിയുടെ ഭാഗമാണ് തന്റെ അറസ്റ്റ്. പിണറായിക്കുള്ള മറുപടി നാളെ തൃക്കാക്കരയിൽ നൽകുമെന്നും തൃക്കാക്കരയിൽ താൻ ബിജെപിക്കൊപ്പം നിൽക്കുമെന്നും പി സി ജോർജ് പറഞ്ഞു.
ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മുദ്രാവാക്യം വിളികളോടെയാണ് പി.സി ജോര്‍ജിനെ സ്വീകരിച്ചത്. ഇന്ന് ഉച്ചക്കാണ് ജോര്‍ജിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മതവിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രായവും ദീര്‍ഘകാലം ജനപ്രതിനിധിയായിരുന്നതും ജാമ്യം നല്കുന്നതില് കോടതി പരിഗണിച്ചു.
കര്‍ശനമായ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. ആവശ്യമായ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് പി.സി ജോര്‍ജിന്റേതെന്നും വളരെ ഗൗരവതരമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തില്ല എന്ന് കോടതി തന്നെ ഉറപ്പാക്കണമെന്നും ജാമ്യം നല്കുകയാണെങ്കില് കര്‍ശന ഉപാധികള്‍ വയ്ക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
എന്നാല്‍ ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്നും വെണ്ണല കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമര്‍ശവും നടത്തിയിട്ടില്ലന്നും പിസി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് വെണ്ണല കേസിലും തിരുവന്തപുരത്തെ കേസിലും ജസ്റ്റിസ് പി ഗോപിനാഥ് ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച വിവരം ഇന്ന് തന്നെ തിരുവന്തപുരം മജിസ്ടേറ്റ് കോടതിയെ അറിയിക്കണമെന്ന ആവശ്യം പി സി ജോര്‍ജിന്റെ അഭിഭാഷകന് ഉന്നയിച്ചു. ഇതംഗീകരിച്ച കോടതി ഹൈക്കോടതി രജിസ്ട്രിക്ക് ഇതു സംബന്ധിച്ച് കോടതി നിര്‍ദേശം നല്കി.
പി സി ജോർജിന് ജാമ്യം ലഭിച്ചതിന് പിന്നാലെ പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ പ്രതികരണം ഇങ്ങനെ..
കൊച്ചി: വിദ്വേഷ പ്രസംഗ കേസുകളിൽ പി സി ജോർജിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മഅ്ദനിയുടെ പ്രതികരണം. ‘പാവം ജോർജിന് പ്രായം വളരെ കൂടതലും ആരോഗ്യം വളരെ കുറവുമാണ് പോൽ’ എന്നാണ് ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് തുടർച്ചയായി നീതി നിഷേധിക്കപ്പെടുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.
പിഡിപി നേതാവായ മഅ്ദനി 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് ഒമ്പത് വർഷമായിരുന്നു വിചാരണ തടവുകാരനായി തമിഴ്നാട്ടിലെ ജയിലിൽ കിടന്നത്. പിന്നീട് 2007 ഓഗസ്റ്റ് ഒന്നിന് ഇദ്ദേഹത്തെ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രത്യേക കോടതി വെറുതേ വിടുകയായിരുന്നു. 2008ലെ ബെംഗളൂരു സ്ഫോടന പരമ്പര കേസിൽ പ്രതിചേർക്കപ്പെട്ട മഅ്ദനി പരപ്പന അഗ്രഹാര കേസിൽ ജയിലിലായിരുന്നു.
നിലവിൽ ജാമ്യ വ്യവസ്ഥയിൽ ബെംഗളൂരുവിൽ കഴിയുകയാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥകൾ അലട്ടുന്ന മഅ്ദനി ഇപ്പോൾ ആശുപത്രിയിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർച്ചയായി ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്ന ഇദ്ദേഹത്തെ ഇടയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരാറുണ്ട്.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പി സി ജോർജിന് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യവും, വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യവുമാണ് അനുവദിച്ചത്. പ്രായവും ആരോഗ്യവും കണക്കിലെടുത്തായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്.
വിദ്വേഷ പ്രസംഗം ആവർത്തിക്കരുതെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി ഉപാധികൾ നിർദ്ദേശിച്ചു.തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ നേരത്തെ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ എറണാകുളം വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹത്തിന്റെ സമാപന വേദിയിലായിരുന്നു രണ്ടാമത്തെ വിദ്വേഷ പ്രസംഗം.