KERALANEWSTop News

‘ഹോമി’ൽ കലഹിച്ച് മലയാള സിനിമ, ആളിക്കത്തിച്ച് കോൺഗ്രസ്; അവാർഡ് വിവാദം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ജൂറിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയർന്നത്. ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അംഗീകാരങ്ങൾ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഇതിന്റെ ഭാ​ഗമായി ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേര്‍ വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തി. പിന്നാലെ മലയാള സിനിമാ മേഖലയിലെ പുതിയ വിവാദങ്ങൾക്ക് ഹോം വഴി വെക്കുകയായിരുന്നു.

ജൂറി സിനിമ കണ്ടില്ലെന്ന് ഉറപ്പാണെന്നും നിർമ്മാതാവ് വിജയ് ബാബുവിനെതിരായ കേസ് സിനിമക്കെതിരെ ആയുധമാക്കിയിട്ടുണ്ടാകാമെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. ‘ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു. സിനിമയ്ക്കും ഇന്ദ്രൻസിനും മഞ്ജു പിള്ളക്കും അവാർഡ് പ്രതീക്ഷിച്ച ആരാധാകർ നിരാശ മുഴുവൻ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുമ്പോഴാണ് ഗുരുതര ആരോപണവുമായി ഇന്ദ്രൻസും രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരത്തിൽ ഹോമിനെ ബോധപൂർവ്വം തഴഞ്ഞെന്ന ആക്ഷേപം ഉയരുമ്പോൾ സിനിമ അവസാനഘട്ടത്തിൽ എത്തിയിരുന്നില്ലെന്നാണ് ജൂറി ചെയർമാൻ സയിദ് മിർസ പറഞ്ഞത്. എല്ലാ ജൂറി അംഗങ്ങളും ‘ഹോം’ സിനിമ കണ്ടതാണ്. വിവാദം അനാവശ്യമാണ്. ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് ‘ഹോം’ എത്തിയിട്ടില്ല എന്നും ജൂറി ചെയർമാൻ വ്യക്തമാക്കി. അവാർഡുകൾ നിർണയിച്ചതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പൂർണമായും ജൂറിയാണ് അവാർഡുകളെല്ലാം തീരുമാനിച്ചതെന്നുമാണ് സയിദ് മിർസ വ്യക്തമാക്കിയത്.

ഇന്ദ്രൻസിന്റെ വൈകാരിക പ്രതികരണത്തോടെ ഹോം വിവാദം കൂടുതൽ മുറുകി. കേസിന്റെ പേരിലാണ് സിനിമയെ തഴഞ്ഞതെങ്കിൽ തെറ്റായ പ്രവണതയാണെന്നായിരുന്നു സംവിധാകൻ റോജിൻ തോമസിന്‍റെ പ്രതികരണം. അഞ്ച് ആറ് വർഷത്തെ കഷ്ടപ്പാടിൽ നിന്നും എഴുതിയെടുക്കുന്ന സിനിമയാണ് ഹോം. കൊവിഡ് സമയത്ത് ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത സിനിമ. അങ്ങനെയൊരു കഠിനാധ്വാനം പിന്നിലുണ്ട്. ഇന്ദ്രൻസ് ചേട്ടന്റെ നാല്പത് വർഷത്തെ കരിയറിൽ ലഭിച്ച ഫുൾ ലെങ്ത് കഥാപാത്രം. ഇത്രയും ദിവസം ഷൂട്ടിനായി അദ്ദേഹം നൽകിയ മറ്റൊരു സിനിമയില്ല. അവാർഡിൽ ഒരു പരാമർശം എങ്കിലും വരാമായിരുന്നുവെന്നും റോജിൻ പറഞ്ഞു.

റോജിൻ തോമസിന്റെ വാക്കുകൾ

‌ഏതാനും പേർ ചേർന്നെടുക്കുന്ന തീരുമാനമാണല്ലോ ജൂറിയുടേത്. മറ്റുള്ളവരെ ഫീൽ ചെയ്യിപ്പിച്ചത് പോലെ ജൂറിയെ ഫീൽ ചെയ്യിക്കാൻ പറ്റാതെ പോയതിൽ സംവിധായകൻ എന്ന നിലയിൽ വിഷമമുണ്ട്. സിനിമ ഇറങ്ങി കഴിഞ്ഞ് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നു തന്നെ നമുക്ക് സന്തോഷം ഉണ്ടായിരുന്നു. അത് തന്നെയാണ് ഏറ്റവും വലിയ അവാർഡ്. ഹോമിന്റെ സംവിധായകൻ എവിടെ പോയാലും അവരുടെ വീട്ടിലെ ഒരാളായാണ് എല്ലാവരും കാണുന്നത്. എന്നെ സംബന്ധിച്ച് അതുതന്നെയാണ് ഏറ്റവും വലിയ അവാർഡ്. മാധ്യമങ്ങളിലൊക്കെ വാർത്തകൾ വരുമ്പോൾ സ്വാഭാവികമായും മനുഷ്യനെന്ന നിലയിൽ പ്രതീക്ഷിക്കുമല്ലോ. അവാർഡ് ലഭിക്കാത്തതിൽ വിഷമമൊന്നും ഇല്ല. ഇന്നലെ മുതലുള്ള ആളുകളുടെ പ്രതികരണം തന്നെ അവാർഡ് ലഭിച്ചത് പോലെയാണ്. ഹോം ജൂറി കണ്ടിട്ടില്ല എന്ന് തോന്നുന്നില്ല. കാരണം അവസാന റൗണ്ടിൽ വരെ സിനിമ എത്തിയിരുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. കണ്ട സിനിമ അവാർഡിന് അർഹതപ്പെട്ടതാണെന്ന് അവർക്ക് തോന്നിക്കാണില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഹോം മാറ്റിനിര്‍ത്തപ്പെട്ടെങ്കില്‍, അത് തെറ്റായ പ്രവണതയാണ്. ഹോം സിനിമ അഞ്ച് ആറ് വർഷത്തെ കഷ്ടപ്പാടിൽ നിന്നും നമ്മൾ എഴുതിയെടുക്കുന്ന സിനിമയാണ്. കൊവിഡ് സമയത്ത് ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത സിനിമയാണ്. അങ്ങനെയൊരു കഠിനാധ്വാനം സിനിമയ്ക്ക് പിന്നലുണ്ട്. ഇന്ദ്രൻസ് ചേട്ടന്റെ നാല്പത് വർഷത്തെ കരിയറിൽ ലഭിച്ച ഫുൾ ലെങ്ത് കഥാപാത്രം. ഇത്രയും ദിവസം ഷൂട്ടിനായി അദ്ദേഹം നൽകിയ മറ്റൊരു സിനിമയില്ല. അവാർഡിൽ ഒരു പരാമർശം എങ്കിലും വരാമായിരുന്നു. അദ്ദേഹം ശ്രദ്ധിക്കപ്പെട്ടില്ല എന്നതിൽ വിഷമമുണ്ട്. അവാർഡ് ലഭിച്ചവർക്കെതിരെ നമുക്കൊരു പ്രതിഷേധവുമില്ല‍.

‘ജനഹൃദയങ്ങളിലെ മികച്ച നടന്‍’; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ജൂറിക്കെതിരെ വിമര്‍ശനം

എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് അവാർഡിൽ ഹോമിനെ പരി​ഗണിക്കാത്തതെങ്കിൽ അത് ശരിയായ കാര്യമല്ലെന്ന് നടി മഞ്ജു പിള്ള പറയുന്നു. “നല്ലൊരു സിനിമ കാണാതെ പോയി, അത് എന്തെങ്കിലും കാരണത്തിന്റെ പുറത്താണെങ്കിൽ അത് ശരിയായില്ലെന്ന് മാത്രമേ എനിക്ക് പറയാനുള്ളു. സംവിധായകൻ ഏഴ് വർഷം നെഞ്ചിൽ കൊണ്ട് നടന്ന സിനിമയാണ് ഹോം. നല്ലൊരു സിനിമ കാണാതെ പോയതിലുള്ള വിഷമമുണ്ട്. ഹോം കണ്ടില്ലേ എന്നൊക്കെ തോന്നിപ്പോയി. പിന്നെ ജനങ്ങൾ തന്നൊരു സ്നേഹമുണ്ട് അവർ തന്ന സപ്പോർട്ടുണ്ട് അതുതന്നെയാണ് ഏറ്റവും വലുത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നതും ജനങ്ങൾ തന്നൊരു സപ്പോർട്ടാണ്. അതല്ലേ നമുക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഘടകവും ഏറ്റവും വലിയ അവാർഡും. അർഹ​തപ്പെട്ടവർക്ക് തന്നെയാണ് അവർഡ് കിട്ടിയത്. നമുക്ക് അവാർഡ് കിട്ടിയില്ല എന്ന് പറഞ്ഞ് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ”, എന്നായിരുന്നു മഞ്ജു പിള്ളയുടെ പ്രതികരണം.

പിന്നാലെ വിഷയത്തില്‍ ഇടപെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. അവാർഡ് നിശ്ചയിച്ചതിൽ സർക്കാർ ഇടപെട്ടുവെന്നാണ് ഷാഫി പറമ്പിൽ ആരോപിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഹോം സിനിമയെയും നടന്‍ ഇന്ദ്രൻസിനെയും തഴഞ്ഞത് മനപ്പൂർവ്വമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്ന സർക്കാരിന് ഓസ്‌കർ അവാർഡ് നൽകണമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചിരുന്നു. കോൺഗ്രസിനെ തെറി പറയാൻ കിട്ടിയ വേദിയിൽ നന്നായിട്ട് അഭിനയിച്ചവരേ സർക്കാർ പ്രോത്സാഹിപ്പിച്ചുവെന്നും ഷാഫി കുറ്റപ്പെടുത്തി.

വിവാദങ്ങള്‍ കനത്തതോടെ വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തി. പുരസ്കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കി. പുരസ്കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. അവാർ‍ഡ് നിർണയത്തിൽ സർക്കാർ ഇടപെടലുണ്ടായി എന്ന ആരോപണം സജി ചെറിയാൻ തള്ളി. സിനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല എന്ന് മന്ത്രി പറഞ്ഞു. സർക്കാരിനാണ് നല്ല അഭിനയത്തിന് അവാർഡ് നൽകേണ്ടത് എന്ന ഷാഫി പറമ്പിലിന്റെ പ്രതികരണത്തോട്, നന്നായി അഭിനയിക്കുന്നവർക്ക് അല്ലേ അവാർഡ് നൽകാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നന്നായി അഭിനയിച്ചാൽ അടുത്തവട്ടം കോൺഗ്രസ് നേതാക്കളെ പരിഗണിക്കാം. ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വയ്ക്കാമെന്നും സജി ചെറിയാൻ പരിഹസിച്ചു.

അവാർഡിൽ ഇടപെട്ടിട്ടില്ലെന്നാണ് സർക്കാറിന്റെയും ചലച്ചിത്ര അക്കാദമിയുടേയും പ്രതികരണമെങ്കിലും ഇന്ദ്രൻസിന്റെയും മഞ്ജു പിള്ളയുടെയും ചിത്രങ്ങളും ഹോം പോസ്റ്ററും ഷെയർ ചെയ്ത് സോഷ്യൽ മീഡയയിൽ സിനിമാ താരങ്ങൾ ഉൾപ്പടെ പ്രതിഷേധം അറിയിക്കുകയാണ്. 2022ൽ റിലീസ് ചെയ്ത ഹൃദയം എങ്ങനെ 2021ലെ മികച്ച ജനപ്രിയ ചിത്രമായെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും ഈ വര്‍ഷത്തെ ഫിലിം അവാര്‍ഡ് പ്രഖ്യാപനം വിവാദങ്ങളുടെ കൊടുമുടിയിലേറിയിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close