KERALANEWS

വിജയ് ബാബുവിനെ നാളെയും ചോദ്യം ചെയ്യും; രാവിലെ 9 മണിക്ക് ഹാജരാകാൻ നിർദേശം; ഇന്നത്തെ ചോദ്യം ചെയ്യൽ നീണ്ടത് 9 മണിക്കൂറിലേറെ

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ പൊലീസ് ഒമ്പതര മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. നാളെ രാവിലെ 9 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കൊച്ചിയിൽ മടങ്ങിയെത്തിയ വിജയ് ബാബു, വിമാനമിറങ്ങിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്നും വിജയ് ബാബു മൊഴി നൽകി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമായത്. ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു.

എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു രാവിലെ പതിനൊന്ന് മണിയോടെ ഹാജരായത്. പാസ്പോർട്ട് റദ്ദാക്കിയതടക്കം പൊലീസ് കർശന നടപടികൾ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യമെന്നും കൊച്ചി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു. ഒളിവിലുള്ള പ്രതികളെ സഹായിക്കുന്നത് കുറ്റകരമാണ്. ഒളിവിൽ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.

ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് 39 ദിവസത്തിന് ശേഷം വിജയ് ബാബു തിരികെയെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് വിജയ് ബാബു ആദ്യം പോയത് ക്ഷേത്രത്തിലേക്കായിരുന്നു. ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദര്‍ശനം നടത്തിയത്. തുടര്‍ന്നാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജറായത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം തെളിയും, കോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും വിജയ് ബാബു പറഞ്ഞു. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് വിജയ് ബാബുവിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുള്ളത്.

മലയാളികളുടെ “ഹോം”

വിജയ്ബാബുവിന് ഏറെ കൈയടികൾ നേടികൊടുത്ത സിനിമയാണ് അദ്ദേഹം നിർമ്മിച്ച ഹോം എന്ന കൊച്ചു ചിത്രം. റോജിൻ തോമസ് സംവിധാനം ചെയ്ത് ആമസോൺ പ്രൈമിൽ റിലീസായ ചിത്രം രാജ്യന്തര പ്രശസ്തി നേടിയിരുന്നു. തായ് ചി പഠിപ്പിക്കുന്ന സൈക്കോളജിസ്റ്റ് ഡോ. ഫ്രാങ്ക്‌ലിന്റെ വേഷമായിരുന്നു വിജയ്ബാബുവിന് ചിത്രത്തിൽ. ”എന്റെ അച്ഛനും ഇങ്ങനെയായിരുന്നു. അദ്ദേഹത്തിനും മാറിയ സാങ്കേതികതയെപ്പറ്റി ധാരണ കുറവായിരുന്നു. മലയാളികളിൽ പലർക്കും ഇത്തരം അച്ഛന്മാരും അമ്മമാരും ഉണ്ടാകും. ഇത് എല്ലാവരുടെയും ജീവിതത്തിൽ നിന്നുള്ള കഥയാണ്.”- മലയാള മനോരമയുമായുള്ള അഭിമുഖത്തിൽ വിജയ്ബാബു പറയുന്നു.

”ഹോം സിനിമയിലേക്കുള്ള വാതിൽ പാതി തുറന്നത് അഞ്ചു വർഷങ്ങൾക്ക് മുൻപായിരുന്നു. റോജിൻ ഹോമിന്റെ കഥ പറഞ്ഞു. റോജിന്റെ അച്ഛന്റെ ‘ഫോൺ ചാർജ് ചെയ്തു തരാമോ’ എന്ന ചോദ്യത്തിൽ നിന്നാണ് സിനിമയുടെ സ്പാർക്ക് ഉണ്ടാകുന്നത്. കഥയുടെ ത്രെഡ് ഇഷ്ടപ്പെടുകയും ചെയ്യാമെന്നുറപ്പിക്കുകയും ചെയ്തു. അങ്ങനെ തിരക്കഥയുടെ ജോലികൾ ആരംഭിച്ചു. അച്ഛന്റെ കഥാപാത്രത്തിനായി നടൻ ശ്രീനിവാസനെയായിരുന്നു ആദ്യം മനസ്സിൽ കണ്ടിരുന്നത്. പിന്നീട് മകന്റെ കഥാപാത്രത്തിനു പറ്റിയ ആളെ അന്വേഷിച്ചു. പക്ഷേ കാസ്റ്റിങ് എങ്ങുമെത്തിയില്ല. അവിടെ പാതി തുറന്ന വാതിൽ പതിയെ അടഞ്ഞു. കോവിഡ് കാലത്ത് ആളുകൾ കൂടുതലായി ഫോണുകളിലേക്ക് ചുരുങ്ങിയതായി തോന്നിയിരുന്നു. ഒരു ദിവസം ഇതിനെപ്പറ്റി ചർച്ച ചെയ്തപ്പോൾ ഭാര്യയാണ് പറഞ്ഞത് ‘ഹോം’ സിനിമയാക്കേണ്ട ഏറ്റവും ഉചിതമായ സമയം ഇതാണ് എന്ന്. ആ വാക്കുകളിൽ നിന്നാണ് അടഞ്ഞ വാതിൽ വീണ്ടും തുറക്കുന്നത്”- വിജയ്ബാബു പറയുന്നു.

”തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കൊച്ചു സിനിമകൾക്ക് വളരാനുള്ള വേദിയാകും ഒടിടി. ഹോം പോലൊരു സിനിമ 240 രാജ്യങ്ങളിലുള്ളവരാണ് കണ്ടത്. ഒടിടിയിൽ അല്ലാതെ ഇത്തരമൊരു സാധ്യത ഒരിക്കലും ഈ സിനിമയ്ക്കു ലഭിക്കില്ലായിരുന്നു. ചെറിയ സിനിമകളെ ജനങ്ങളിലെത്തിക്കാൻ ഒടിടി അനുഗ്രഹമാണ്. തിയറ്ററും ഒടിടിയും ഒരുപോലെ നിലനിൽക്കും എന്നാണ് കരുതുന്നത്.”- വിജയ്ബാബു ചൂണ്ടിക്കാട്ടി. ഹോം സിനിമ ഉണ്ടാക്കിയ വലിയ മൈലേജിൽ നിൽക്കുമ്പോഴാണ് ബലാത്സംഗ വിവാദം ഉണ്ടാകുന്നത്.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് ലൈവ് ഇങ്ങനെ..

ഇര, പ്രതി ബലാത്സംഗം ചെയ്തു തുടങ്ങിയ കാര്യങ്ങൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. നമുക്ക് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുമ്പോളാണ് അതിന്റെ ഗൗരവം മനസ്സിലാകുകയുള്ളൂ. ഞാൻ ഇത്തരം കാര്യങ്ങളിൽ വലിയ പേടിയുള്ള ഒരാളല്ല. കാരണം, നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതി. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും ഇതിൽ ഇര ഞാനായത് കൊണ്ടും എനിക്ക് പേടിയില്ല. ആരോപണം ഉന്നയിച്ച ആൾ ഇതിൽ കക്ഷിയാണ്. കക്ഷിയായിട്ടും എന്തുകൊണ്ടാണ് അവരുടെ പേര് പുറത്ത് വരാത്തത്. അവരുടെ പേരും പുറത്ത് കൊണ്ടുവരണം. അവർ മാത്രം കേക്കും കഴിച്ച സന്തോഷമായിട്ട് ഇരുന്നാൽ പോരല്ലോ. എന്റെ കുടുംബം, എന്റെ അമ്മ, എന്റെ ഭാര്യ, എന്റെ കുട്ടി, സുഹൃത്തുക്കൾ തുടങ്ങി എന്നെ സ്‌നേഹിക്കുന്നവർ ദുഃഖം അനുഭവിക്കുമ്പോൾ അപ്പുറത്ത് ഒരാൾ സുഖമായി ഇരിക്കുന്നു. ഒരു നിയമത്തിന്റെ പരിരക്ഷണത്തിൽ അവർ സുഖമായി ഇരിക്കുന്നു എന്ന് പറയുമ്പോൾ അത് എവിടുത്തെ ന്യായമാണ്. ഇക്കാര്യത്തിൽ സത്യാവസ്ഥ പറയുന്നതിനാണ് ഇപ്പോൾ ലൈവിൽ വന്നിരിക്കുന്നത്. ഇരയുണ്ടാകുമ്പോൾ എപ്പോഴും കൂടെ അട്ടകളും ഉണ്ടാകും. നമ്മൾ നന്നാകുമ്പോൾ, ഒരുപാട് പേർക്ക് അവസരം കൊടുക്കുമ്പോൾ, ഒരുപാട് കാര്യങ്ങൾ ചെയ്യുമ്പോൾ അവനെ എങ്ങിനെയെങ്കിലും താഴ്ത്തിക്കെട്ടാം എന്ന രീതിയിൽ കുറെ അട്ടകൾ വരും.

എനിക്കെതിരേ ആരോപണം ഉന്നയിച്ച കുട്ടിയെ എനിക്ക് 2018 മുതൽ അറിയാം. അന്ന് മുതൽ 2021 വരെ ഞാൻ ഈ കുട്ടിയുമായി ഒരു ചാറ്റും ചെയ്തിട്ടില്ല. ഓഡീഷൻ ചെയ്തിട്ട് വരാൻ പറഞ്ഞിട്ട്, അത് ശരിയായി രീതിയിൽ വന്ന് ചെയ്ത് സിനിമയിൽ എത്തിയ കുട്ടിയാണത്. അന്നും എനിക്ക് ഈ കുട്ടിയുമായി ഒരു ബന്ധവുമില്ല. കാസ്റ്റിങ് കൗച്ച് ചെയ്തു, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ചെയ്തു എന്ന് പറഞ്ഞ് വരുമ്പോൾ എന്റെ ഭാര്യക്കും കുട്ടിക്കും അമ്മയ്ക്കും സഹോദരിക്കും സുഹൃത്തുക്കൾക്കും വരുന്ന ദുഃഖത്തേക്കാൾ വലുതൊന്നുമല്ല ഇതിന്റെ പേരിൽ എനിക്ക് വരാൻ പോകുന്ന കേസ്. അത് ഞാൻ അനുഭവിച്ചോളാം. മീടൂ എന്ന് പറയുന്നതിന് ഇത് ഒരു ബ്രേക്ക് ആവട്ടെ. അതുകൊണ്ടാണ് ഞാൻ ലൈവിൽ വരാൻ തീരുമാനിച്ചത്.

സെറ്റിൽ ഉണ്ടായ കാര്യങ്ങൾ എന്റെ ആളുകൾ പറയും. കൺട്രോളർ തൊട്ട് നടീനടന്മാർ വരെയുള്ളവർ ഇക്കാര്യം പറയും. ആ സമയത്ത് ഈ കുട്ടിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. സിനിമയുടെ 100 ദിവസ ആഘോഷപരിപാടിയിൽ ഈ കുട്ടി പങ്കെടുത്തില്ല. എന്തുകൊണ്ട് വന്നില്ല എന്നറിയാൻ എനിക്ക് ആഗ്രഹമുള്ളതുകൊണ്ട് ഞാൻ ഈ കുട്ടിയെ വിളിച്ചു. വോറൊരു ആളുടെ ഫോണിൽ നിന്നാണ് വിളിച്ചത്. ടയർ പഞ്ചറായി പോയി എന്ന മറുപടിയാണ് കിട്ടിയത്. ഇതിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം നിനക്ക് ഇല്ലേ എന്ന് ഞാൻ ചോദിച്ചു. എനിക്ക് സാറിനെ ഒന്ന് കാണണം പറഞ്ഞു. നവംബർ 21-ന് ആയിരുന്നു ആഘോഷപരിപാടി നടന്നത്. ഡിസംബർ മുതൽ ഈ കുട്ടി എനിക്ക് മെസേജ് അയക്കാൻ തുടങ്ങി. മാർച്ചിൽ ഞാൻ ഈ കുട്ടിയെ കണ്ടു. അവിടുന്ന് അയച്ച മെസേജുകൾ എന്റെ കൈയ്യിലുണ്ട്. അത് പുറത്ത് വിടാൻ ഞാൻ തയ്യാറാണ്.

എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്റെ കുടുംബവും എന്നെ സ്‌നേഹിക്കുന്നവരും എന്നെ വിശ്വസിക്കുന്നവരുമാണ് എനിക്ക് വലുത്. അതിനാൽ ഞാൻ ഇത് പുറത്തുവിടും. അതിന്റെ പേരിൽ എന്ത് കേസ് വന്നാലും അത് ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. ഈ കുട്ടി അയച്ചിരിക്കുന്ന മെസേജുകളുടെ 400 സ്‌ക്രീൻ ഷോട്ടുകൾ എന്റെ കൈയ്യിലുണ്ട്. ഈ കുട്ടി ആരോപിക്കുന്ന ബലാത്സംഗം ആണോ, സമ്മതപ്രകാരമുള്ളതാണോ തുടങ്ങി എല്ലാറ്റിനുമുള്ള ഉത്തരം എന്റെ കൈയ്യിലുണ്ട്. ഇന്ന് ഉച്ചതൊട്ട് ഞാൻ ഇത് പരിശോധിക്കുകയാണ്. ദൈവഭാഗ്യം കൊണ്ട് എല്ലാ റെക്കോഡുകളും എന്റെ കൈയ്യിലുണ്ട്. എനിക്ക് മൂന്ന്, നാല് പേരോടെ ഉത്തരം പറയാൻ ഉള്ളൂ. എന്റെ ഭാര്യയോട്, അമ്മയോട്, എന്റെ പെങ്ങളോട് അല്ലെങ്കിൽ എന്നെ സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കളോട് എനിക്ക് ഉത്തരം പറയണം. കേസ് കോടതിയിൽപോയി കുറെ നാൾ കഴിഞ്ഞ് ചെറിയ വാർത്തയായി വിജയ് ബാബു രക്ഷപ്പെട്ടു എന്നു പറയുന്നതിനോട് എനിക്ക് താത്പര്യമില്ല. ഇവർക്ക് ഡിപ്രഷൻ ആണെന്ന് പറഞ്ഞ് എന്നെ കാണാൻ വന്നയാളാണ്.

അതിനുശേഷം ഇവർ അയച്ച എല്ലാ മെസേജുകളും എന്റെ കൈയ്യിലുണ്ട്. എന്നെ കാണാൻ വേണ്ടി ഇവർ എത്രയോ വട്ടം എനിക്ക് മെസേജുകൾ അയച്ചിരിക്കുന്നു. അതിന്‌ശേഷമുണ്ടായിട്ടുള്ള കാര്യങ്ങൾ ഞാൻ ഇവിടെ പറയുന്നില്ല. അത് ഞാൻ കോടതിയിൽ പറഞ്ഞോളാം. ഈ കേസുംകൂടി എന്റെ തലയിൽ വന്നത്‌ കൊണ്ട് എനിക്ക് ഒരു പ്രശ്‌നവും ഇല്ല. വേണമെങ്കിൽ ഞാൻ ഇക്കാര്യങ്ങൾ മുഴുവൻ സോഷ്യൽ മീഡിയയിൽ പറയാം. പക്ഷേ, അതിന്‌ശേഷം അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുണ്ടാകുന്ന ദുഃഖമോർത്ത് ഞാൻ അത് വിടുന്നില്ല. തത്ക്കാലം അത് അവിടെ നിൽക്കട്ടെ. അതുകൊണ്ട് ഇവിടെ ഇര ഞാൻ ആണ്. ഞാൻ ഇതിനെതിരേ കൗണ്ടർ കേസ് ഫയൽ ചെയ്യും. കൂടാതെ, മാനനഷ്ടക്കേസും ഫയൽ ചെയ്യും. ഇത് ചെറിയൊരു കേസ് ആയിരിക്കില്ല. ഇവരും ഇവരുടെ കുടുംബവും ഇതിന് പുറകിൽ നിന്നിട്ടുള്ളവരുമെല്ലാം ഉത്തരം പറയേണ്ടി വരും. ഞാൻ വെറുതേ വിടാൻ ആലോചിക്കുന്നില്ല. മീടൂവിന് ഇത് പുതിയൊരു തുടക്കം ആവട്ടെ. നമുക്ക് കാണാം. നമുക്ക് ഫൈറ്റ് ചെയ്യാം. എല്ലാറ്റിനും തുടക്കം കുറിച്ച ആൾ എന്ന നിലയിൽ ഇതിനും തുടക്കം കുറിക്കുകയാണ്. എന്റെ കൂടെ നിൽക്കുന്നവർക്കും മെസേജ് അയച്ചവർക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നു.

നടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 – 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തൻ്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .തുടർന്നു മദ്യം നൽകി, അവശയാക്കി, അതിൻ്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു.

പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു. മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന, എൻ്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഢനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എൻ്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.

ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എൻ്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു.

അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എൻ്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.

ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.

പരാതിയുമായി രണ്ടാമത്തെ യുവതിയും

പുതുമുഖ നടിക്ക് പിന്നാലെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ പീഡന പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും നിരസിച്ചപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി പറയുന്നു. വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് യുവതി അനുഭവം പങ്കുവച്ചത്.

കുറിപ്പിന്റെ പൂർണരൂപം

എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എന്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.

അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാൽ, എന്റെ റിഫ്‌ലെക്‌സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു ‘ഒരു ചുംബനം മാത്രം?’. ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.

കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു. ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.

അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്.അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല .ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

അതിനാൽ അതിജീവിതക്ക് വേണ്ടി ഞാൻ ശബ്ദം ഉയർത്തും.എന്നും അവൾക്കൊപ്പം നിൽക്കും.അവൾക്ക് നീതി കിട്ടുന്നത് വരെ..
കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ – ‘സ്ത്രീകൾക്ക് സുരക്ഷിതമല്ല’ എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്.

ബാലതാരമായി എത്തിയ വിജയ് ബാബു നായകനും വില്ലനുമായത് ഇങ്ങനെ…

കൊല്ലത്തെ സമ്പന്നമായ ഒരു കടുംബത്തിലാണ് വിജയ് ബാബുവിന്റെ ജനനം. വ്യവസായിയും സിനിമ നിർമ്മാതാവും ആയിരുന്ന കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയിൽ സുഭാഷ് ചന്ദ്രബാബുവാണ് (സ്‌ബൈസ് ബാബു) പിതാവ്. അമ്മ ആലപ്പുഴ കാവാലം തലച്ചല്ലൂർ വീട്ടിൽ മായ. മൂന്ന് സഹോദരങ്ങളുമുണ്ട്.

ചെറുപ്പത്തിലേ അഭിനയത്തിൽ ഏറെ താൽപ്പര്യമുള്ള കുട്ടിയായിരുന്നു വിജയ്. അന്തരിച്ച നടൻ ജയന്റെ സഹോദരൻ അജയനെ നായകനാക്കി 1981ൽ പിതാവ് സുഭാഷ് ചന്ദ്രബാബു നിർമ്മിച്ച ‘സൂര്യൻ’ എന്ന സിനിമയിൽ ബാലതാരമായി വിജയ് അരങ്ങേറി. ജയന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾ യുവാക്കളിൽ കത്തി നിൽക്കുന്ന കാലത്താണ് ചിത്രം ഇറങ്ങിയത്. പക്ഷേ അത് വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ സിനിമവിട്ട് സുഭാഷ് ചന്ദ്രബാബു ബിസിനസിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

കൊല്ലം സെന്റ് ജുഡ് സ്‌ക്കൂൾ, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു വിജയ്ബാബുവിന്റെ പഠനം. 2002ൽ സ്റ്റാർ ഇന്ത്യയിൽ ജോയിൻ ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മീഡിയ കരിയർ തുടങ്ങുന്നത്. പിന്നീട് രാജിവെച്ച് ദുബായിൽ സ്വന്തമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങി. കുറച്ചുവർഷങ്ങൾ ബിസിനസ്സ് ചെയ്തതിനുശേഷം അത് വിട്ട് അദ്ദേഹം ഹൈദരാബാദിൽ ഏഷ്യാനെറ്റ്, സിതാര ടിവി എന്നിവയിൽ വർക്ക് ചെയ്തു. 2009ൽ കേരളത്തിലേയ്ക്ക് തിരിച്ചുവന്നത് സൂര്യ ടിവിയിൽ വെസ് പ്രസിഡന്റായാണ്. പിന്നീട് ചാനൽ ഹെഡ് ആയി. ഈ കാലത്താണ് സിനിമയുടെ സാറ്റലെറ്റ് മൂല്യം വല്ലാതെ ഉയർന്നതും. ശത്രുക്കൾ ഈ വിഷയത്തിൽ പലതും പറഞ്ഞ് പരത്തുന്നുമുണ്ട്. താര സിനിമകൾ വലിയ തുകയ്ക്ക് സാറ്റലൈറ്റ് എടുത്ത് വിജയ്ബാബു കമ്മീഷൻ അടിച്ചെന്നും, ഇതിന്റെ പേരിലാണ് അദ്ദേഹം ചാനൽ വിട്ടതെന്നുമൊക്കെ. പക്ഷേ ഈ ആരോപണങ്ങളുടെയൊന്നും നിജസ്ഥിതി വ്യക്തമല്ല.

“പക്ഷേ സൂര്യ ടീവി തന്നെയാണ് തന്നിലെ അഭിനേതാവിനെ വളർത്തിയത് എന്ന് വിജയ്ബാബു ഒരു അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്. ”സൂര്യ ചാനലിലേക്ക് സിനിമകൾ വാങ്ങേണ്ടതിനാൽ ഒരുപാട് തിരക്കഥകൾ കേൾക്കാൻ അവസരം ലഭിച്ചു. സിനിമാലോകവുമായുള്ള ഈ നിരന്തര ഇടപെടൽ എന്നിൽ അഭിനയമോഹം ഉണർത്തി.” – ഇങ്ങനെയാണ് വിജയ്ബാബു അതേക്കുറിച്ച് പറയുന്നത്. മറ്റൊരു അഭിമുഖത്തിൽ പറയുന്നത് ഒരേ ജോലിചെയ്ത് ബോറടിച്ചതുകൊണ്ടാണ് താൻ സൂര്യടീവി വിട്ടത് എന്നാണ്. സിനിമയിൽ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് നിർമ്മാണത്തിലേക്ക് എത്തിക്കുന്നത്.

സാന്ദ്രയെ കസേരയോടെ എടുത്തെറിയുന്നു

2012ൽ ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിർമ്മാണക്കമ്പനി നടി സാന്ദ്രാ തോമസുമായി ചേർന്ന് തുടങ്ങുമ്പോൾ വിജയ്ബാബുവിന് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു. നിലവാരമുള്ള കൊച്ചു ചിത്രങ്ങൾ നിർമ്മിച്ച് അത് നന്നായി മാർക്കറ്റ് ചെയ്ത് വിജയിപ്പിക്കുക എന്നതായിരുന്നു ആ തന്ത്രം. ഫഹദ്ഫാസിൽ അടക്കമുള്ളവർ അഭിനയിച്ച ലിജിൻ ജോസ് സംവിധാനം ചെയ്ത ഫ്രൈഡെ എന്ന സിനിമയാണ് ആദ്യം നിർമ്മിച്ചത്. ഇത് മികച്ച ചിത്രമെന്ന് നിരൂപക പ്രശംസ നേടി. ആവറേജ് വിജയവും ആയി. വിവിധ മേഖലകളിലായി സംസ്ഥാന സിനിമാ അവാർഡുകളം ചിത്രത്തിന് ലഭിച്ചു.

തുടർന്ന് സഖറിയയുടെ ഗർഭിണികൾ, ഫിലിപ്പ് ആൻഡ് ദ് മങ്കി പെൻ, പരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, അങ്കമാലി ഡയറീസ്, ജൂൺ, ആട്-2, സൂഫിയും സുജാതയും ദ ഹോം തുടങ്ങി ഇരുപതോളം ചിത്രങ്ങൾ ഫ്രൈഡേ ഹൗസ് നിർമ്മിച്ചു. 2014ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഫിലിപ്പ് ആൻഡ് ദ് മങ്കി പെന്നിന് ലഭിച്ചു.

അതിനിടെ ഫ്രൈഡെയുടെ മനേജ്മെന്റിൽ വലിയ പൊട്ടിത്തെറിയുണ്ടായി. സാന്ദ്രാ തോമസുമായി വിജയ്ബാബു തെറ്റി. സാമ്പത്തിക തിരിമറി ആരോപണം ഇവിടെയും ഉണ്ടായി. വാക്കേറ്റത്തിനിടെ കസേരയോടെ മറിച്ചിട്ട് സാന്ദ്രയെ ദേഹോപദ്രവം ഏൽപ്പിച്ചത് കേസായി. അന്വേഷണത്തിൽ, അവിടെ ഉണ്ടായിരുന്ന ജീവനക്കാർ സാന്ദ്രയെ ഉപദ്രവിച്ചില്ല എന്ന് മൊഴി കൊടുത്തതോടെ കേസിൽ നിന്ന് വിജയ് ബാബു ഊരി പോന്നു. തന്റെ വിഹിതം വാങ്ങി സാന്ദ്ര പാർട്ണർഷിപ്പ് ഒഴിയുകയും ചെയ്യുന്നു. ഈ സംഭവം ഇപ്പോഴത്തെ വാർത്തയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുന്നുണ്ട്. സ്ത്രീകൾക്ക് നേരയുള്ള അതിക്രമം ഇയാൾക്ക് പുതുമ ഉള്ളതല്ല എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്.

പക്ഷേ സാന്ദ്ര പിന്മാറിയിട്ടും ഫ്രൈഡേ ഫിലിം ഹൗസ് വിജയകരമായി മുന്നോട്ടുപോയി. പ്രമേയമാണ് ഒരു സിനിമയുടെ സൂപ്പർ സ്റ്റാർ എന്നും, നല്ല സബ്ജക്റ്റാണെങ്കിൽ വിജയിപ്പിക്കാമെന്നുമുള്ള അത്മവിശ്വാസമാണ് വിജയ്ബാബു എപ്പോഴും ടീമിന് കൊടുത്തിരുന്നത്. ചലച്ചിത്രലോകത്തേക്ക് ഒരു എൻട്രി പ്രതീക്ഷിച്ചിരിക്കുന്ന യുവ സംവിധായകരുടെ പ്രതീക്ഷയായിരുന്നു അദ്ദേഹം. നിങ്ങളുടെ കൈയിലുള്ള സബ്ജക്റ്റിന്റെ സിനോപിസിസ് ഒരു രണ്ടു പാരഗ്രാഫിൽ എനിക്ക് എഴുതി വാട്സാപ്പ് ചെയ്യാനാണ് ഈ നിർമ്മാതാവ്, എല്ലാവരോടും പറയാറുണ്ടായിരുന്നത്.

സർബത്ത് ഷമീർ മുതൽ നീനയുടെ കാമുകൻ വരെ

ഒരു നടൻ എന്ന നിലയിലും ഏറെ ശ്രദ്ധേയമായ വേഷങ്ങൾ ചുരുങ്ങിയകാലം കൊണ്ട് വിജയ് ബാബുവിന് ചെയ്യാൻ കഴിഞ്ഞു. 2011 ൽ ത്രീ കിങ്സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 22 ഫീമെയിൽ കോട്ടയത്തിലെ നായികയുടെ കാമുകൻ വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നെ മങ്കിപ്പെന്നും, ആടും, ഹോമും, അടക്കം ഒരുപാട് വേഷങ്ങൾ. നീന, ആകാശവാണി എന്നീ ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. ഇതിൽ ലാൽജോസിന്റെ നീനയിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ”ആദ്യം എന്റെ അഭിനയ മികവിൽ ആത്മവിശ്വാസമില്ലായിരുന്നു. എന്നാൽ ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം ലാൽ ജോസ് സാർ എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു,”- ഒരു അഭിമുഖത്തിൽ വിജയ്ബാബു പറഞ്ഞു.

വിജയ്ബാബുവെന്ന നിർമ്മാതാവിനെയും നടനെ അടയാളപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു മങ്കി പെൻ. ”സിനിമയിലെ ബാലകഥാപാത്രമായ റയാൻ ഫിലിപ്പിന്റെ ശത്രുവായി മാറുന്ന കർക്കശക്കാരനായ ഗണിത അദ്ധ്യാപകന്റെ വേഷമാണ് ഞാൻ അവതരിപ്പിച്ചത്. കൊല്ലത്തെ സെന്റ് ജൂഡ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്തും എനിക്കും കണക്ക് വെറുപ്പായിരുന്നു. ഈ വിഷയത്തോടുള്ള വെറുപ്പ് എന്നെ ആ വിഷയം പഠിപ്പിച്ച അദ്ധ്യാപകരോട് പോലും വെറുപ്പിലേക്ക് നയിച്ചു. അതിനാൽ എന്റെ അദ്ധ്യാപരെ മാതൃകയാക്കിയാണ് ഞാൻ ആ വേഷം ചെയ്തത്’- ഇന്ത്യൻ എക്എ്രസിന് അനുവദിച്ച അഭിമുഖത്തിൽ വിജയ്ബാബു പറയുന്നു. ”ഈ വേഷം ഏറ്റെടുക്കാൻ ഞാൻ ആദ്യം ഭയപ്പെട്ടിരുന്നു. എന്റെ ശരീരഭാഷയും പെരുമാറ്റവും വ്യത്യസ്തമായതിനാൽ ടീച്ചർ എന്ന കഥാപാത്രത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു.”- അദ്ദേഹം പറയുന്നു.

പക്ഷേ ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രത്തിലെ സർബത്ത് ഷമീർ എന്ന പൊലീസുകാരനാണ് വിജയ് ബാബുവിന്റെ മാസ്റ്റർ പീസ്. തീയേറ്ററുകൾ നിറച്ചില്ലെങ്കിലും ചാനലുകളിലൂടെ ഹിറ്റായ ചിത്രമായിരുന്നു ആട് ഒന്നാം ഭാഗം. സോഷ്യൽ മീഡിയയിൽ ട്രോളായും ചിത്രം നിറഞ്ഞു നിന്നു. വിജയ്ബാബുവിനെപ്പോലുള്ള ഒരു കച്ചവട തന്ത്രഞ്ജൻ അതിന്റെ സാധ്യകൾ നന്നായി തിരിച്ചറിഞ്ഞു. അങ്ങനെയാണ് തീയേറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങിയത്. അത് സൂപ്പർ ഹിറ്റായി. ഷാജി പാപ്പനെയും പിള്ളാരെയും പോലെ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രമാണ് വിജയ് ബാബു അവതരിപ്പിച്ച സർബത്ത് ഷമീറും.

തന്നെ ഇപ്പോഴും പലരും സർബത്ത് ഷമീർ എന്നാണ് വിളിക്കുന്നതെന്നുപോലും ഒരു അഭിമുഖത്തിൽ വിജയ് പറഞ്ഞിരുന്നു. ”ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്. ബാംഗ്ലൂരിൽ നിന്നും ഓൺ റോഡ് വരുമ്പോൾ പൊലീസ് ചെക്കിങ്ങ് ഉണ്ടായി. ഞാൻ മാസ്‌ക് ഊരിയപ്പോൾ അവർ ഷമീർ സർ എന്നാണ് വിളിച്ചത്. ഷമീർ സർ എവിടെ പോകുന്നു എന്നാണ് അവർ ചോദിച്ചത്. അങ്ങനെ അവർ നമ്മളെ തിരിച്ചറിയുന്നതാണ് സന്തോഷം. വിജയ് ബാബു എന്നതിനപ്പുറം കഥാപാത്രമായി അവർ തിരിച്ചറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ”- വിജയ് ബാബു വ്യക്തമാക്കുന്നു.

ഇപ്പോൾ എവിടെപ്പോയാലും ആട്-3 എപ്പോഴാണ് ഉണ്ടാവുക എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. എയർപോർട്ടിൽ എമിഗ്രേഷൻ ക്ലിയറൻസിനിടെ ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ ചോദിച്ചുവെന്നും വിജയ്ബാബു കൂട്ടിച്ചേർക്കുന്നു. പക്ഷേ തന്റെ ഏറ്റവും നല്ലവേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന, ലൂസിഫറിനുശേഷം മുരളിഗോപി എഴുതുന്ന ‘തീർപ്പ്’ എന്ന സിനിമ ആയിരിക്കുമെന്നും വിജയ്ബാബു പറയുന്നു. പൃഥ്വീരാജ്, ഇന്ദ്രജിത്ത് എന്നിവർ വേഷമിടുന്ന ചിത്രം, വലിയ കാൻവാസിലാണ് ചിത്രീകരിക്കുന്നത്.

കോവിഡിനെ സൈഡ് ആക്കി

സത്യത്തിൽ കോവിഡ് കാലത്തെ മലയാള സിനിമയുടെ ഹീറോ ആയിരുന്നു വിജയ്ബാബു. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നുവെന്ന വാർത്ത പലർക്കും അവിശ്വസനീയമായിരുന്നു. വിജയ് ബാബുവിനെ വഞ്ചകൻ എന്നാണ് തീയേറ്റർ ഉടമകൾ വിശേഷിപ്പിച്ചത്. ഇനി ഇയാളുമായി യാതൊരു രീതിയിലുള്ള ബന്ധവും ഫിയോക്കിന് ഇനി മുതൽ ഉണ്ടായിരിക്കില്ല എന്നും അവർ പറഞ്ഞു.

എന്നാൽ കാലത്തിന് അനുസരിച്ച് മാറാൻ കഴിയാത്തതാണ് മലയാള സിനിമയുടെ ഒരു പ്രധാന പ്രശ്നമെന്ന് വിജയ്ബാബു തിരിച്ചടിച്ചു. ‘സിനിമാലോകം വൻ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഇനി എന്തുചെയ്യുമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ എന്ന് തിയേറ്റർ തുറക്കുമെന്നോ തുറന്നാൽ തന്നെ എന്തെല്ലാം മാനദണ്ഡങ്ങൾവച്ച് കൊണ്ടായിരിക്കും മുന്നോട്ടു പോകാൻ കഴിയുകയെന്നോ അറിയില്ല. മറ്റു വഴികൾ ഒന്നും ഇല്ലാത്തതുകൊണ്ടു തന്നെയാണ് ഞാൻ ഡിജിറ്റൽ റിലീസിനെക്കുറിച്ച് ആലോചിച്ചത്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന് ഒരുകച്ചിത്തുരുമ്പ് ലഭിച്ചതുപോലെയുള്ള അവസ്ഥയാണ്.’- വിജയ്ബാബു പ്രതികരിച്ചു.

പക്ഷേ ഇന്ന് നോക്കുക. ഒടിടി റിലീസുകൾ മലയാളത്തിൽ സുപചരിതമായിരിക്കുന്നു. അന്ന് വിജയ്ബാബു പറഞ്ഞത് ഇന്ന് എല്ലാവരും ശരിവെക്കുന്നു. ആമസോൺ പ്രൈമിലൂടെ സൂഫിയും സുജാതയും റിലീസ് ചെയ്യപ്പോൾ വിജയ്ബാബു മലയാള സിനിമ ഇനിയും മാറേണ്ടതിനെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിരുന്നു. കാരണം ഒടിടിയിൽ വിദേശ പടങ്ങൾ കാണുന്ന ശീലം പ്രേക്ഷകന് വന്നാൽ അവൻ അതേ നിലവാരം മലയാള സിനിമയിൽനിന്നും പ്രതീക്ഷിക്കുമെന്നും വിജയ്ബാബു ചൂണ്ടിക്കാട്ടിയിരുന്നു.

പക്ഷേ ഇങ്ങനെ ഒക്കെയാണെങ്കിലും ഒരു എത്തിക്സുമില്ലാത്ത മത്സരം മലയാള സിനിമയിൽ കൊണ്ടുവന്നതിനും വിജയ്ബാബു പഴികേട്ടു. അനശ്വര നടൻ സത്യന്റെ കഥ സിനിമാക്കാനുള്ള റെറ്റ് വാങ്ങിയതും വൻ വിവാദത്തിലായി. പ്രശ്സത സംവിധാകയൻ ശ്യാമപ്രസാദും മാധ്യമ പ്രവർത്തകനായ വിനു എബ്രഹാമും ചേർന്ന് മാസങ്ങൾ നീണ്ട കൂടിയാലോചനകളിലൂടെയാണ് സത്യന്റെ കഥ സിനിമയാക്കാൻ നീക്കം നടത്തുന്നത്. സത്യനെ അതേ പോലെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് കാരണം കുടുംബത്തിന്റെ അനുമതി അനിവാര്യമായിരുന്നു. ഇതിനുള്ള റൈറ്റ് നേടിയെടുക്കാൻ നീക്കം നടക്കുമ്പോൾ അപ്രതീക്ഷിതമായി കളികൾ നടന്നു. തുകയെല്ലാം പറഞ്ഞുറപ്പിച്ചപ്പോൾ അതിന് മുകളിൽ പണം നൽകി റൈറ്റ് മറ്റൊരു സംവിധായകൻ സ്വന്തമാക്കി. ഫ്രൈഡേ ബാനറിൽ വിജയ് ബാബുവാണ് സത്യന്റെ കഥ സിനിമയാക്കാനുള്ള അവകാശം നേടുന്നത്. ഇതോടെ ശ്യാമപ്രസാദും വിനു എബ്രഹാമും നിരാശരായി. ഇതുമായി ബന്ധപ്പെട്ട് വിനു എബ്രഹാം ഫെയ്‌സ് ബുക്ക് പോസ്റ്റും ഇട്ടു .കോവിഡിനുശേഷം ഈ പടം ജയസൂര്യയെ നായകനാക്കി എടുക്കാനുള്ള നീക്കം നടക്കുകയാണ്.

ഒപ്പിടാതെ പത്രിക നൽകിയാൽ എങ്ങനെ പിൻവലിക്കാനാ?

‘അമ്മ’യിലെ ഇലക്ഷൻ കാലത്തെ വിജയ്ബാബവിന്റെ തരികിടകളും ഇപ്പോൾ ചർച്ചയാവുന്നുണ്ട്. മോഹൻലാലിന്റെ പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായത്. തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമിച്ച മോഹൻലാലിനെ എല്ലാ അർത്ഥത്തിലും കബളിപ്പിക്കയാണ് അന്ന് വിജയ് ബാബു ചെയ്തത് എന്ന് ആരോപണം ഉയരുന്നുണ്ട്.

2021 ഡിസംബർ 19 നായിരുന്നു അമ്മ സംഘടനയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മണിയൻപിള്ള രാജുവും 11 അംഗ എക്സിക്യൂട്ടീവിലേയ്ക്ക് വിജയ് ബാബു, ലാൽ, നാസർ ലത്തീഫ് എന്നിവരുമായിരുന്നു വിമതനായി മൽസരിച്ചത്.

മത്സര ചിത്രം വ്യക്തമായപ്പോൾ വിജയ് ബാബുവിനെ കൊണ്ട് പത്രിക പിൻവലിപ്പിക്കാനും ധൃതിപിടിച്ച ചർച്ചകൾ നടന്നിരുന്നു. പത്രിക പിൻവലിക്കാൻ വിജയ് ബാബു സമ്മതിച്ചു. അപേക്ഷയും നൽകി. എന്നാൽ പത്രികയിൽ ഒപ്പിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പത്രിക പിൻവലിക്കാൻ നൽകിയ അപേക്ഷ അംഗീകരിക്കാൻ വരണാധികാരിക്ക് കഴിഞ്ഞില്ല. അങ്ങനെ വിജയ് ബാബു മോഹൻലാലിനെ ഞെട്ടിച്ച് മത്സര രംഗത്ത് എത്തി. അട്ടിമറി വിജയം നേടുകയും ചെയ്തു. പ്രൊഡ്യൂസർ കൂടിയാണെന്ന പ്രചരണ തന്ത്രവുമായാണ് വിജയ് ബാബു മത്സരിച്ചത്.

പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പില്ലെന്ന കാരണത്താൽ വരണാധികാരി അത് തള്ളിയപ്പോഴും പ്രചരണത്തിൽ വിജയ് ബാബു ഉണ്ടാകില്ലെന്നായിരുന്നു മോഹൻലാലും കുട്ടരും കരുതിയത്. ഇതിനിടെ തന്റെ നിലപാട് പ്രഖ്യാപിച്ച് വിജയ് ബാബു മത്സരത്തിൽ തുടർന്നു. നടൻ സിദ്ദിഖ് പറഞ്ഞിട്ടാണ് താൻ അമ്മ സംഘടനയിലേയ്ക്ക് നോമിനേഷൻ നൽകിയതെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു. തന്റെ കോർപ്പറേറ്റ് അനുഭവങ്ങൾ അമ്മയുടെ വളർച്ചയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും വിജയ് ബാബു വിശദീകരിച്ചു.

”എല്ലാവരും വ്യക്തികളായാണ് മൽസരിക്കുന്നത്. അതിൽ കൂടുതൽ യോഗ്യരെന്ന് തോന്നുന്നവരെ അമ്മയിലെ അംഗങ്ങൾ തെരഞ്ഞെടുക്കും. താൻ നോമിനേഷൻ പിൻവലിക്കുന്നതിനെ പറ്റി ചർച്ചകൾ നടന്നിരുന്നു. പക്ഷെ അത് നടന്നില്ല. സംഘടനയിലേയ്ക്ക് ശക്തമായി മൽസരിക്കാൻ തന്നെയാണ് തീരുമാനം”- ഇങ്ങനെയായിരുന്നു വിജയ്ബാബുവിന്റെ പ്രതികരണം. അങ്ങനെ വിമതന്മാർക്ക് കരുത്തു പകർന്നു. റിസൾട്ട് വന്നപ്പോൾ മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും ജയിച്ചു. നാസർ ലത്തീഫ് മാത്രമാണ് വിമതർക്കിടയിൽ തോറ്റത്.

കഴിഞ്ഞ കുറേ വർഷങ്ങളായി അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കാറില്ല. മുൻ വർഷങ്ങളിലും പലരും മത്സരിക്കാൻ തയ്യാറായി രംഗത്തു വന്നിരുന്നുവെങ്കിലും അവസാനനിമിഷം സമവായമുണ്ടാക്കി മത്സരം ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇക്കുറി സമ്മർദ്ദ-സമവായ നീക്കം തള്ളപ്പെടുകയായിരുന്നു. ഇങ്ങനെയുള്ള കുരുട്ടുബുന്ധിയാണ് വിജയ്ബാബുവിന്റെത് എന്നു വിമർശനമുണ്ട്. അങ്ങനെ അമ്മയിൽ എക്സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവാണ് ഇപ്പോൾ പീഡന കേസിൽ കുടുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. വിജയ് ബാബുവിനെതിരേയും സമാന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.

തെളിഞ്ഞതിനുമപ്പുറം തെളിയിക്കാനുണ്ടോ?

ഈ വിഷയത്തിൽ പൊതുസമൂഹത്തിലെന്നപോലെ സിനിമാലോകവും രണ്ടുചേരികളായി തിരിഞ്ഞിട്ടുണ്ട്. ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്ന് വിജയ്ബാബു അനുകൂലികളും, ഇയാൾ ഒരു സൈക്കോ പെൺവേട്ടക്കാരനാണെന്ന് മറുവിഭാഗവും പറയുന്നുണ്ട്.

ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്‌നങ്ങളെ നേരിടുന്ന നടിമാരുടെ രക്ഷകനായി ചമഞ്ഞ് ചൂഷണം ചെയ്യകയായിരുന്നു വിജയ് ബാബുവിന്റെ രീതിയെന്നാണ് ആരോപണം ഉയരുന്നത്. അതുകൊണ്ടുതന്നെ പുറത്തുവന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഒരു വിഭാഗം പറയുന്നു. പരാതിക്കാരിയെ കൂടാതെ നിരവധി യുവതികൾ വിജയ് ബാബുവിന്റെ സൈക്കോ രീതികൾ രഹസ്യമായി ശരി വയ്ക്കുന്നുണ്ട്. മാത്രമല്ല ഈ ഹാപ്പി പിൽസ് അടക്കമുള്ള വിജയ്ബാബുവിന് എവിടെ നിന്ന് കിട്ടി ഈ പീഡനത്തിൽ ഒരു റാക്കറ്റിന് ബന്ധമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

മാത്രമല്ല തന്റെ തിരക്കഥ കോപ്പിയടിച്ചുവെന്ന് പരാതി പറയാൻ എത്തിയ ഒരു യുവാവിനെ മർദിച്ചതും, ഒരു നടിയുടെ ഭർത്താവിനെ ബ്ലാക്ക് മെയിൽ ചെയ്തതും അടക്കം നിരവധി പിന്നാമ്പുറ വർത്തമാനങ്ങൾ ഈ കേസുമായി ബന്ധപ്പെട്ട് സിനിമാലോകത്ത് പറഞ്ഞുകേൾക്കുന്നുണ്ട്. ഇത് എല്ലാം ചേർത്ത് സമഗ്രമായ ഒരു അന്വേഷണം ഉണ്ടാവണമെന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close