
അതിരുവിട്ട വിവാഹാഘോഷങ്ങളിൽ തുടങ്ങി വിവാഹത്തിനിടെ പല തരത്തിലുള്ള അബദ്ധങ്ങളും നമ്മള് കാണാറുണ്ട്. വരന് കടന്നു വരുമ്പോള്‍ പന്തല്‍ വീഴുന്നത്, വധൂവരന്മാര് ആടിക്കൊണ്ടിരിക്കെ ഊഞ്ഞാല് പൊട്ടിവീഴുന്നത്, ആഘോഷത്തിനായി കൊണ്ടുവന്ന കേക്ക് മുറിക്കുന്നതിന് മുമ്പ് താഴെ വീഴുന്നത് തുടങ്ങി നിരവധി അബദ്ധങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്.
അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്. വിവാഹച്ചടങ്ങിന് ശേഷം നടക്കുന്ന നൃത്തത്തിനിടെ വരന് സംഭവിച്ച അബദ്ധമാണ് ഈ വീഡിയോയിലുള്ളത്. വധുവും വരനും വിവാഹ വസ്ത്രത്തില്‍ നൃത്തം ചെയ്യുന്നതിനിടേയായിരുന്നു അമളി പറ്റിയത്.
വധു വരന് മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ്. വധുവിന്റെ തലയ്ക്ക് മുകളിലൂടെ കാല് വീശിയെടുത്ത് നൃത്തം ചെയ്യാന്‍ ശ്രമിച്ചതാണ് വരന്. എന്നാല്‍ കണക്കുകൂട്ടലുകള്‍ പിഴച്ച് കാല് നേരെ വധുവിന്റെ മുഖത്താണ് ചെന്നിടിച്ചത്. ഇതിന്റെ ആഘാതത്തില്‍ വധു ഒരു വശത്തേക്ക് ചരിഞ്ഞുവീണു. തുടര്‍ന്ന് ഇവര്‍ ദേഷ്യത്തോടെ മുഖത്ത് കൈവെച്ച് എഴുന്നേല്ക്കുന്നതും വരന് ചേര്‍ത്തുപിടിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.