KERALANEWS

‘ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികൾ’; ജാമ്യം വൈകി വന്ന നീതിയെന്ന് ക്‌നാനായ സഭ

കോട്ടയം: ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നമിരപരാധികളെന്ന് ക്‌നാനായ സഭ. സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് വൈകി വന്ന നീതിയെന്ന് ക്‌നാനായ സമൂഹം വിശ്വസിക്കുന്നുവെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും ക്നാനായ കാതോലിക്ക കോൺ​ഗ്രസ് ജനറൽ സെക്രട്ടറിയുമായ ബിനോയി ഇടയാടി പറഞ്ഞു.

ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കേസില്‍ പ്രതികളാക്കപ്പെട്ടതാണ്. ഇവരെ പ്രതിയാക്കിയത് കെട്ടിച്ചമച്ചതാണെന്നാണ് വിശ്വസിക്കുന്നത്. ഫാദര്‍ കോട്ടീരിനും സെഫിക്കും ജാമ്യം നല്‍കിയ വിധിയില്‍ സന്തോഷമുണ്ടെന്നും ബിനോയി ഇടയാടി പറഞ്ഞു.

അഭയ കേസ് പ്രതികള്‍ക്ക് വിചാരണക്കോടതി നല്‍കിയ ശിക്ഷ മരവിപ്പിച്ചാണ്, പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ശിക്ഷാ വിധി സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോടതിയെ സമീപിച്ചത്.

അഞ്ചു ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

അഭയകേസ് നാൾവഴികൾ ഇങ്ങനെ

സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം

കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ-ഡിഗ്രി വിദ്യാര്‍ത്ഥിനിയും ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ അഭയ (21) 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.കോട്ടയം ജില്ലയിലെ അരീക്കരയില്‍ ഐക്കരകുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും മകളാണ് അഭയ. അച്ഛന്‍ തോമസും അമ്മ ലീലാമ്മയും അഞ്ച് വര്‍ഷം മുന്‍പ് മരിച്ചു. കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ ലോക്കല്‍ പോലീസിന്റെ ശ്രമത്തിനെതിരെ 1992 മാര്‍ച്ച് 31ന് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റും,ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് നിരവധി സമര പോരാട്ടങ്ങള്‍ നടത്തി.ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ചു.1993 ജനുവരി 30 ന് കോട്ടയം ആര്‍.ഡി.ഒ കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സമരസമതിയുടെ കര്‍ശനമായ നിലപാടിനെ തുടര്‍ന്നു അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ അന്വേഷണം സി ബി ഐക്കു വിടുന്നു.

ഒരു സിബിഐ അന്വേഷണ കഥ

സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് സിബിഐ അഭയ കേസിന്റെ അന്വേഷണം ഏറ്റെടുത്തു. 1993 മാര്‍ച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.സിബിഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വര്‍ഗീസ്.പി.തോമസിന്റെ നേതൃത്വത്തില്‍ സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തള്ളികൊണ്ട് കൊലപാതകമാണെന്ന് ആറു മാസത്തിനുള്ളില്‍ സിബിഐ കണ്ടെത്തി.സിബിഐയുടെ കേസ് ഡയറിയില്‍ കൊലപാതകമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന് ഘടക വിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ അന്നത്തെ സിബിഐ എസ്.പി വി.ത്യാഗരാജന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തി, അതിന് വഴങ്ങാതെ വന്നപ്പോള്‍ പീഡിപ്പിച്ചെന്ന് സിബിഐ ഡി.വൈ.എസ്.പി വര്‍ഗീസ്.പി.തോമസ് രാജിവെക്കാന്‍ തീരുമാനിക്കുകയും ,1994 മാര്‍ച്ച് 7 ന് എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് സിബിഐയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. അതോടെ അഭയക്കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

ഈ വിഷയം പാര്‍ലമെന്റില്‍ എം.പി മാര്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് പുതിയ വിവാദത്തിന് തിരികൊളുത്തി അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവു വിഷയത്തില്‍ ഇടപെടുകയും സിബിഐയുടെ ചുമതലയുള്ള പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ മന്ത്രി മാര്‍ഗരറ്റ് ആല്‍വ പാര്‍ലമെന്റില്‍ മറുപടി പറയേണ്ടിയും വന്നു. ഇതിനെ തുടര്‍ന്നു അഭയക്കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും സിബിഐ കൊച്ചി യൂണിറ്റ് എസ്.പി സ്ഥാനത്തു നിന്നും വി.ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ 1994 മാര്‍ച്ച് 17 ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേ സി ബി ഐ സ്വമേധയാ ത്യാഗരാജനെ കേസില്‍ നിന്നും മാറ്റി .

ഡമ്മി ടു ഡമ്മിയും പുതിയ കണ്ടെത്തലും

പുതിയതായി ചുമതലയെടുത്ത എസ് പി സി എം എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെന്‍ത്‌കോണ്‍വെന്റിലെ കിണറ്റില്‍ ജയ്പൂരിലെ ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി.അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കുവാന്‍ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലന്ന് കാണിച്ചു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുവാന്‍ അനുമതി ചോദിച്ചു കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 1996 ഡിസംബര്‍ 6 ന് റിപ്പോര്‍ട്ട് കൊടുത്തു.സിബിഐ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് തുടരന്വേഷണം നടത്തുവാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.കെ.ഉത്തരന്‍ 1997 മാര്‍ച്ച് 20 ന് ഉത്തരവ് നല്‍കി.

രണ്ടാം തവണയും സിബിഐ അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 1999 ജൂലൈ 12 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി കൊണ്ട് അഭയ കേസില്‍ രണ്ടാം തവണയും തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആന്റണി.റ്റി. മൊറൈസ് 2000 ജൂണ്‍ 23 ന് ഉത്തരവിട്ടു.സിബിഐ അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാന്‍ അനുമതി ചോദിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 2005 ആഗസ്റ്റ് 30 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കൊലപാതകമാണെന്ന് ഉറപ്പുള്ള കേസില്‍ പ്രതികളെ കണ്ടെത്താതെ കേസ് അവസാനിപ്പികന്‍ സാധിക്കില്ലെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി. ശാരങ്ധരന്റെ നിലപാട് കേസ് തുടരാന്‍ കാരണമായി.

ഫോറെന്‍സിക് രേഖകളിലെ തിരുത്തലും മാധ്യമ വാര്‍ത്തയും

2007 ഏപ്രിലില്‍ അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന വാര്ത്ത പുറത്തുവന്നതോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന റജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്നു കോടതിയില്‍ പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും അന്വേഷണം സിബിഐ കൊച്ചി യൂണിറ്റിലെ ഡി വൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ തുടരാന്‍തീരുമാനിക്കുകയും ചെയ്തു .

വീണ്ടും സി ബി ഐ ,ഇത്തവണ രക്ഷയായത് കള്ളന്‍

പുതിയ സംഘം കേസ് വിശദമായി പടിക്കുകയും ആദ്യം മുതല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ അന്വേഷണത്തില്‍ അയല്‍വാസിയായ സഞ്ജു മാത്യു നല്‍കിയ മൊഴി നിര്‍ണയകമായി. ഈ മൊഴിയില്‍ ഫാ:തോമസ് കോട്ടൂരും ഫാ: ജോസ് പൂതൃക്കയിലും കൊലപാതകം നടന്ന ദിവസം മഠത്തില്‍ വന്നതായി കണ്ടെത്തി . എന്നാലും പ്രതികളുടെ കൃത്യത്തിലുള്ള പങ്ക് വ്യക്തമാകാതെ അന്വേഷണ സംഘം ഉഴലവേ ദൈവത്തിന്റെ രൂപത്തില്‍ കൃത്യം നടന്ന ദിവസം അവിടെ മോഷണത്തിന് കയറിയ അടക്ക രാജുവിനെ സംഘം കണ്ടെത്തുന്നു. രാജുവിന്റെ മൊഴിയിലൂടെ സിസ്റ്റര്‍ സ്റ്റെഫിയും , ഫാദര്‍ കോട്ടൂരുമായിഉള്ള അവിഹിത വേഴ്ചയ്ക്ക് ദൃക്‌സാക്ഷിയാകേണ്ടിവന്ന സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. ഇതിനെ തുടര്‍ന്നു പ്രതികള്‍ കസ്റ്റഡിയിലാകുന്നു .

വിചാരണക്ക് മുന്നേ സുപ്രീം കോടതിവരെ

കേസ് വിചാരണക്ക് മുന്നേ ഒട്ടനവധി തവണ ഉന്നത കോടതികള്‍ കേറിയ കേസുകൂടിയാണ് അഭയ കേസ്. തുടര്‍ കോടതി നടപടികളില്‍ ഹൈക്കോടതി രണ്ടാം പ്രതിയായ ഫാദര്‍ പൂതൃക്കയിലിനെ ഒഴിവാക്കുകയും ചെയ്തു .ഇതിനൊക്കെയോടുവിലാണ് 28 വര്‍ഷങ്ങള്‍ക്കിപ്പുറം അഭയ കേസില്‍ വിധി വന്നത്.

ശിക്ഷാ വിധി എന്തായിരുന്നു?

ഒന്നാം പ്രതി തോമസ് കോട്ടൂരിന് കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും. കോൺവെൻറിൽ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും. തെളിവ് നശിപ്പിച്ചത് 7 വർഷം തടവും അൻപതിനായിരം പിഴയും. മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം പിഴയും. തെളിവ് നശിപ്പിക്കലിന് 7വർഷം തടവും അൻപതിനായിരം പിഴയും. പ്രതികൾ ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കണം. ഇതായിരുന്നു അഭയ കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും വിധിച്ച ശിക്ഷ.

നിരപരാധിയാണെന്ന് വിധി പ്രഖ്യാപനത്തിന് മുമ്പ് തോമസ് കോട്ടൂർ വാദിച്ചിരുന്നു. കാൻസർ രോഗിയാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കോട്ടൂർ അവസാനം വരെയും വാദിച്ചു. രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണെന്നും ഇളവ് വേണമെന്നും സിസ്റ്റർ സെഫിയും കോടതിയോട് ആവശ്യപ്പെട്ടു. ഇരുവരുടേയും അഭിഭാഷകരുടെയും വാദം ശിക്ഷാ ഇളവിന് വേണ്ടിയായിരുന്നു. പക്ഷെ രക്ഷിക്കേണ്ടവർ തന്നെയാണ് അഭയയെ കൊന്നതെന്നും പരമാവധി ശിക്ഷ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

അട്ടിമറികളുടെ ചരിത്രമുള്ള കേസ്

തുടക്കം മുതൽ അട്ടിമറി. ഒരു കൊലപാതകം ആത്മഹത്യയാക്കി തീ‍ർക്കാൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിതനീക്കം. അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർ‍ട്ടിൽ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിൻ മുതലുള്ളവർ രേഖകളിൽ തിരുത്തൽ വരുത്തിയതിന് ആരോപണവിധേയരാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആർഡിഒ കോടതിയിൽ നൽകിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു. സ്വാധീനങ്ങള്‍ക്ക് മുന്നിൽ പൊലീസ് മുട്ടുക്കുത്തിയപ്പോള്‍ തോമസ് ഐക്കരക്കുന്നേലെന്ന കർഷകനായ അഭയയുടെ അച്ഛനും അമ്മ ലീലാമ്മക്കുമൊപ്പം ഒരു കൂട്ടമാൾക്കാർ പിന്തുണമായെത്തി. ജനകീയ സമരം ശക്തമായപ്പോൾ പണത്തിനും സ്വാധീനത്തിനും മേൽ നീതിയുടെ വെള്ളിവെളിച്ചം കണ്ടു തുടങ്ങി. കേസ് സർക്കാർ സിബിഐക്ക് വിട്ടു.

രണ്ടാം വർഷം പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിസ്റ്റർ അഭയ മരിക്കുന്നത്. ക്രൈം ബ്രാഞ്ച് മാറി സിബിഐ വന്നിട്ടും ആദ്യഘട്ടത്തിൽ അട്ടിമറി ശ്രമം തുടർന്നു. സിബിഐ എസ്പിയായിരുന്ന ത്യാഗരാജൻ കേസ് അട്ടിമറിക്കാൻ സമ്മർദം ചെലുത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി.തോമസിന്‍റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി. ത്യാഗരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഭയ ആക്ഷൻ കൗണ്‍സിൽ ചെയർമാൻ ജോമോൻ പുത്തൻ പുരയ്ക്കൽ നൽകിയ ഹ‍ർജിയിൽ നിന്നാണ് കോടതി ഇടടപെൽ തുടങ്ങുന്നത്. ത്യാഗരാജനെ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അഭയയുടെത് കൊലപാതമാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് മൂന്നു പ്രാവശ്യമാണ് എറണാകുളം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്. മൂന്നു റിപ്പോർട്ടുകളും കോടതി തള്ളി.

28 വർഷത്തിനിടെ 16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ഇതിനിടെ അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്ര സർക്കാരിനും സിബിഐ ഡയറക്ടർക്കും ലഭിച്ചു. ഒടുവിൽ ഫാ.തോമസ് കോട്ടൂരിനെയും ഫാ.ജോസ് പുതൃക്കയിലിനെയും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാർക്കോ പരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്. ഈ മൂന്നു പ്രതികളെ കൂടാതെ എഎസ്ഐ അഗസ്റ്റിനെയും പ്രതിയാക്കി. കുറ്റപത്രം നൽകുന്നതിന് മുമ്പേ എഎസ്ഐ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു.

കേസട്ടിമറിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ കോടതിയെ സമീപിച്ചു. ഡിവൈഎസ്പി സാമുവലിനെയും, എസ്പി കെ ടി മൈക്കളിനെയും പ്രതിയാക്കി. വിചാരണ തുടങ്ങും മുമ്പേ സാമുവൽ മരിച്ചു. വിടുതൽ ഹ‍ർജി പരിഗണിച്ച് ഫാ.ജോസ് പുതൃക്കയിലിനെയും കെ ടി മൈക്കളിനെയും കോടതി ഒഴിവാക്കി. വീണ്ടും പല കാരണങ്ങള്‍ പറഞ്ഞ് വിചാരണ ഒഴിവാക്കാൻ പ്രതികളുടെ ശ്രമം.

ഒടുവിൽ സുപ്രീംകോടതി നിർദ്ദശ പ്രാകാരം തിരുവനന്തപുരം കോടതിയിൽ വിചാരണ ആരംഭിച്ചു. വീണ്ടും അട്ടിമറി. രഹസ്യമൊഴി നൽകിയ സാക്ഷി ഉൾപ്പെടെ 8 സാക്ഷികള്‍ കൂറുമാറി. അഭയ മരിച്ച് 28 വർഷവും എട്ട് മാസവും പിന്നിടുമ്പോഴാണ് കേസിൽ ഒടുവിൽ വിധി വന്നത്. ഇപ്പോൾ കേസിൽ പ്രതികളായ രണ്ട് പേർക്കും ജാമ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close