KERALANEWS

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസ്; മൂന്ന് എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ; കടുത്ത നടപടികൾക്കൊരുങ്ങി പൊലീസ്

കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ . റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, മര്‍ദ്ദനമേറ്റ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്ത് വന്നതോടെ എഫ്ഐആറില്‍ മാറ്റം വരുത്തി കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് പൊലീസ്. പ്രതികൾക്കെതിരെ വധശ്രമത്തിന് കൂടി കേസ്സെടുത്തു. എന്നാല്‍, ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാൻ ശ്രമിച്ച ജില്ലാ നേതാവ് സഫീർ ഉൾപ്പെടെ ഇനിയും പിടിയിലാകാനുണ്ട്.

ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്ത് വന്നത്. കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളായിരുന്ന നേരത്തെ എഫ്ഐആറില്‍ ഉണ്ടായിരുന്നത്. പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കൂടുതല്‍ ശക്തമായ വകുപ്പ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തി. മുന്നൂറ്റി ഏഴാം വകുപ്പ് പ്രകാരം വധശ്രമം കൂടി ഉള്‍പ്പെടുത്തി എഫ്ഐആര്‍ പുതുക്കി. എസ്‍ഡിപിഐക്ക് സംഭവത്തില്‍ പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്‍ഡിപിഐ ജില്ലാ നേതാവ് സഫീര്‍ ഉള്‍പ്പെടയുള്ളവര്‍ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. വെള്ളത്തില്‍ മുക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫ്ലക്സ് കീറിയതായി തന്നെ കൊണ്ട് സമ്മതിപ്പിച്ചതെന്നാണ് ജിഷ്ണുവിന്‍റെ മൊഴി. ഇത് ശരിവെക്കുന്നതാണ് ഇന്നലെ പുറത്ത് വന്ന ദൃശ്യം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തുറന്ന പുസ്തകമാണ് താനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷിന്റെ ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. “സ്വർണം ബിരിയാണി ചെമ്പില്‍ കൊണ്ടുവന്നുവെന്ന മൊഴി കേട്ടപ്പോഴാണ് താനും അറിയുന്നത്. വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്‍റെ പൊതുജീവിതം. അതിലെനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെ”ന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എം പി ഓഫീസിൽ നിന്നും എസ് എഫ് ഐ പ്രവർത്തകർ പോയ ശേഷം ഒരു ചാനൽ പകർത്തിയ ദൃശ്യത്തിൽ ഗാന്ധി ചിത്രം ചുമരിലുണ്ട്. അത് വാർത്തയായി വന്നിട്ടുമുണ്ട്. എസ്എഫ് ഐക്കാർ പോയതിന് ശേഷമുളള ദൃശ്യങ്ങളാണത്. അതിൽ ഗാന്ധി ചിത്രം ചുമരിലാണുള്ളത്.

മാധ്യമ പ്രവർത്തകരിറങ്ങിയ ശേഷവും എസ്എഫ്ഐക്കാർ പോയ ശേഷവും കോൺഗ്രസുകാരാണ് അവിടെയുണ്ടായിരുന്നത്. ആരുടെ കുബുദ്ധിയിൽ നിന്നാണ് ഈ ആശയമുണ്ടായത്. ചുമരിലെ ചിത്രം ആരാണ് താഴെയെത്തിച്ചത്. ആരാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്. എസ് എഫ് ഐക്കാർ പോയ ശേഷമാണ് ഗാന്ധി ചിത്രം തകർത്തതെന്ന് വ്യക്തമാണ്. ഇവർ (കോൺഗ്രസുകാർ) ഗാന്ധി ശിഷ്യർ തന്നെയാണോയെന്ന് ചോദിച്ച മുഖ്യമന്ത്രി, ഗോഡ്സേ പ്രായോഗികമായി ചെയ്തത് ഇവർ പ്രതീകാത്മകമായി ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തി. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. സര്‍ക്കാരിന്‍റെ മറുപടി തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് എന്തിനെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞില്ല. നേരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് ഈ നിലപാടെന്ന് മനസിലാകുന്നില്ല. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. പ്രതിപക്ഷത്തിന്‍റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. കുറെ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീനതന്ത്രത്തിന്‍റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close