
കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്. നടനെതിരെ പരാതി വന്ന സമയത്ത് വിജയ് ബാബു അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പരാതി പുറത്തറിഞ്ഞാല്‍ താന്‍ മരിക്കുമെന്നും പോലീസുകാര്‍ ഇത് ആഘോഷിക്കുമെന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ വന്ന് കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നു.
ഫോണ്‍ സംഭാഷണം ഇങ്ങനെ:-
വിജയ് ബാബു: ഞാന്‍ പറയുന്നത് അഞ്ച് മിനിറ്റ് കേള്‍ക്കണം. ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛന് പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കണം.
ഞാന്‍ ഈ കുട്ടിക്ക് നല്ലതുമാത്രമേ ചെയ്തിട്ടുള്ളൂ. ‘യൂ തിങ്ക് അബൗട്ട് മൈ മദര്‍ , യൂ തിങ്ക് അബൗട്ട് ഹെര്‍ മദര്‍’ ഇത് വെളിയില്‍ പോയാല്‍ പോലീസുകാര്‍ സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്കറിയാം.
അതിജീവിതയുടെ ബന്ധു: എനിക്കും അതിന്റെ അവസ്ഥകള്‍ അറിയാം. നിങ്ങള്‍ അവളെ ട്രിഗര്‍ ചെയ്തു. അവളുടെ കൈയില്‍നിന്ന് പോയി കാര്യങ്ങള്‍.
വിജയ് ബാബു: എനിക്ക് മനസിലായി, ഞാന്‍ ട്രിഗര്‍ ചെയ്തു. അത് സത്യമാണ്. പക്ഷേ, അതിന് പരിഹാരമുണ്ട്. ഞാന്‍ മാപ്പ് പറയാം. ഞാന്‍ വന്ന് കാലുപിടിക്കാം. അവള് എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ, പക്ഷേ, ഇത് വെളിയില്‍ നാട്ടുകാര്‍ സെലിബ്രേറ്റ് ചെയ്യാന്‍ സമ്മതിക്കരുത്. ഞാന്‍ ട്രിഗര്‍ ചെയ്തു, സമ്മതിച്ചു. അതിന് സൊലൂഷന് ഇല്ലേ. അതിന് പോലീസ് കേസാണോ, നാളെ അമ്മയ്ക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ,
അതിനിടെ, നടിയെ പീഡിപ്പിച്ച കേസില്‍ തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം വിജയ്ബാബുവിനെ പോലീസ് വിട്ടയക്കും. നേരത്തെ കേസില്‍നിന്ന് പിന്മാറാന് വിജയ്ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അതിജീവിത മാതൃഭൂമി ഡോട്ട് കോമിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബന്ധു വഴി അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ സംഭാഷണവും പുറത്തുവന്നിരിക്കുന്നത്.
തുറന്ന പുസ്തകമാണ് താനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. “സ്വർണം ബിരിയാണി ചെമ്പില്‍ കൊണ്ടുവന്നുവെന്ന മൊഴി കേട്ടപ്പോഴാണ് താനും അറിയുന്നത്. വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതം. അതിലെനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെ”ന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എം പി ഓഫീസിൽ നിന്നും എസ് എഫ് ഐ പ്രവർത്തകർ പോയ ശേഷം ഒരു ചാനൽ പകർത്തിയ ദൃശ്യത്തിൽ ഗാന്ധി ചിത്രം ചുമരിലുണ്ട്. അത് വാർത്തയായി വന്നിട്ടുമുണ്ട്. എസ്എഫ് ഐക്കാർ പോയതിന് ശേഷമുളള ദൃശ്യങ്ങളാണത്. അതിൽ ഗാന്ധി ചിത്രം ചുമരിലാണുള്ളത്.
മാധ്യമ പ്രവർത്തകരിറങ്ങിയ ശേഷവും എസ്എഫ്ഐക്കാർ പോയ ശേഷവും കോൺഗ്രസുകാരാണ് അവിടെയുണ്ടായിരുന്നത്. ആരുടെ കുബുദ്ധിയിൽ നിന്നാണ് ഈ ആശയമുണ്ടായത്. ചുമരിലെ ചിത്രം ആരാണ് താഴെയെത്തിച്ചത്. ആരാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്. എസ് എഫ് ഐക്കാർ പോയ ശേഷമാണ് ഗാന്ധി ചിത്രം തകർത്തതെന്ന് വ്യക്തമാണ്. ഇവർ (കോൺഗ്രസുകാർ) ഗാന്ധി ശിഷ്യർ തന്നെയാണോയെന്ന് ചോദിച്ച മുഖ്യമന്ത്രി, ഗോഡ്സേ പ്രായോഗികമായി ചെയ്തത് ഇവർ പ്രതീകാത്മകമായി ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി. പ്രതിപക്ഷം നല്കിയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തി. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. സര്‍ക്കാരിന്റെ മറുപടി തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് എന്തിനെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞില്ല. നേരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് ഈ നിലപാടെന്ന് മനസിലാകുന്നില്ല. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. കുറെ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീനതന്ത്രത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.