
ജനറൽ ബോഡി യോഗത്തിനു ശേഷമുള്ള ഷമ്മി തിലകൻറെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അച്ഛൻ തിലകനൊപ്പമുള്ള ഒരു ചിത്രമാണ് ഫേസ്ബുക്കിലൂടെ ഷമ്മി പങ്കുവച്ചിരിക്കുന്നത്. അടുത്തടുത്ത് ചിരിക്കുന്ന ഇരുവരെയും ചിത്രത്തിൽ കാണാം. ചിരിക്കണ ചിരി കണ്ടോ എന്നാണ് ഷമ്മി ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഫീലിംഗ് റിലാക്സ്ഡ് എന്നും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
നടൻ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുന്ന താരസംഘടനയായ അമ്മയുടെ നടപടി വലിയ വാർത്താപ്രാധാന്യമാണ് നേടിയത്. ഞായറാഴ്ച നടന്ന ജനറൽ ബോഡി യോഗത്തിൽ ഷമ്മിയെ പുറത്താക്കാൻ തീരുമാനമെടുത്തെന്നാണ് ആദ്യം പുറത്തുവന്ന വാർത്തയെങ്കിലും വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അത് നിഷേധിച്ചു. സംഘടനയ്ക്കെതിരെ തുടർച്ചയായി പൊതു പ്രതികരണം നടത്തിക്കൊണ്ടിരിക്കുന്ന ഷമ്മിയ്ക്കെതിരെ പ്രതിനിധികൾക്കിടയിൽ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹത്തിൻറെ വിശദീകരണം കേട്ട ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുമെന്നുമാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
അതേസമയം ഷമ്മി തിലകൻ ഇന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്. അമ്മ സംഘടന നികുതി വെട്ടിച്ചുവെന്നും രജിസ്ട്രേഷൻ തട്ടിപ്പ് നടത്തിയെന്നും ഷമ്മി ആരോപിച്ചു. തന്നെക്കൊണ്ട് നാട്ടുകാർക്ക് ശല്യമാണെന്ന് ഗണേഷ്കുമാർ നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്തടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്നും ഷമ്മി തിലകൻ ചോദിച്ചിരുന്നു. ‘ഗണേഷിൻറെ ബന്ധുവായ ഡിവൈഎസ്പിയാണ് എനിക്കെതിരെ കള്ള കേസുകൾ എടുക്കുകയും കള്ളക്കഥ ഗണേഷിന് പറഞ്ഞ് കൊടുക്കുകയും ചെയ്തത്. അമ്മ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാർ തന്നെ പറഞ്ഞതാണ്. അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും അച്ഛൻ തിലകനോട് പണ്ട് ‘അമ്മ’ അംഗങ്ങൾ കാണിച്ചത് ഇപ്പോൾ എന്നോടും കാണിക്കുകയാണന്നും ഷമ്മി കുറ്റപ്പെടുത്തി. തിലകനും മുൻപ് അച്ചടക്ക നടപടിയുടെ ഭാഗമായി അമ്മയിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്.
അതേസമയം ഷമ്മി തിലകൻറെ സോഷ്യൽ മീഡിയ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. തിലകൻറെയും ഷമ്മി തിലകൻറെയും നിലപാടുകളിലെ ചില സമാനതകൾ ചൂണ്ടിക്കാട്ടിയുള്ളതാണ് ഏറെ കമൻറുകളും.