KERALANEWS

കേരളം വിട്ട് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവം; ആസൂത്രിത നീക്കത്തിന് പിന്നാലെ അപകട സ്ഥലത്ത് കൊള്ള സംഘമെത്തും; നാട്ടുകാരും പൊലീസും അറിഞ്ഞെത്തും മുമ്പേ സ്വർണവും പണവും കൈക്കലാക്കും; നഞ്ചൻകോട് കെ സ്വിഫ്റ്റ് അപകടവും ചർച്ചയാക്കുന്നത് അന്യ സംസ്ഥാനങ്ങളിലെ മോഷണ പരമ്പര

പാലക്കാട്: കോട്ടയത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോയ കെ സ്വിഫ്റ്റ് നഞ്ചൻകോട് അപകടത്തിൽപ്പെടുമ്പോൾ വീണ്ടും ചർച്ചകളിൽ നിറയുകയാണ് അന്യ സംസ്ഥാനങ്ങളിലെ മോഷണ പരമ്പര. മുഴുവൻ യാത്രക്കാരും പരിക്കേറ്റ് നടുറോഡിൽ ഒരു ആശ്രയത്തിനായി നിലവിളിച്ചപ്പോഴും വിലപിടിപ്പുള്ള അവരുടെ സാധനങ്ങൾ കൊള്ളയടിക്കപെടുകയായിരുന്നു. ലാപ്ടോപ്പുകളും മറ്റ് സാധനങ്ങളും ആളുകൾ എടുത്തുകൊണ്ടു പോകുന്നത് കണ്ടതായി സംഭവ സ്ഥലത്തെ മലയാളികൾ തന്നെ പറയുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനേക്കാൾ സമീപത്തുണ്ടായിരുന്നവർ ശ്രമിച്ചത് സാധനങ്ങൾ ശേഖരിക്കാനായിരുന്നു എന്നതാണ് കാര്യങ്ങളെ കൂടുതൽ സംശയത്തിലേക്ക് എത്തിക്കുന്നത്.

അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും യാത്രക്കാർ കൊള്ളയടിക്കപ്പെടുന്നതും ഇത് ആദ്യ സംഭവമല്ല. അത്തരം സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്. മുമ്പ് കന്യാകുമാരിയായിരുന്നു ഇത്തരം സംഘങ്ങളുടെ താവളമെങ്കിൽ ഇപ്പോഴിത് ബാംഗ്ലൂരിലേക്കും വ്യാപിച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു പോസ്റ്റ് ഇങ്ങനെ

തമിഴ്‌നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക Night travelers in Tamil Nadu beware (later part in English) , എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാൻ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്.

കാശ്മീരിലോ നാഗാലാൻഡിലോ അരുണാചൽ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത ഒരു അനുഭവം ഈയടുത്ത വേളാങ്കണ്ണി യാത്രയിൽ ഉണ്ടായി. സ്വയം കാറോടിച്ചു പോവുകയായിരുന്നു, ഏകദേശം രാത്രി പത്തരക്കുശേഷം തഞ്ചാവൂരിൽ ചായ കുടിക്കുവാൻ വണ്ടി നിർത്തി. ഇനി ബാക്കി ഏകദേശം ദൂരം 90 കി. മി. മാത്രം അതുകൊണ്ട് പാതിരക്കു മുൻപ് വേളാങ്കണ്ണിയിൽ എത്തി ഏതെങ്കിലും ഹോട്ടലിൽ കിടന്നുറങ്ങാം എന്നുവിചാരിച്ചു . ചായകുടിച്ചതിനു ശേഷം പിന്നീടുള്ള യാത്രയിൽ ഞാൻ സാധാരണ സ്പീഡിൽ എത്തുന്നതിനു മുൻപേ (വേറെ വണ്ടികളൊന്നും എന്നെ ഓവർ ടേക്‌ചെയ്യാറില്ല), മുൻപിൽ ഉണ്ടായിരുന്ന ഒരു ചെറിയ വാനിൽനിന്നും മണലു പോലുള്ള എന്തോ കാറ്റിൽ പറന്നെത്തി എന്റെ കാറിന്റെ ചില്ലിൽ പതിച്ചു. അപ്പോൾ അസ്വഭാവികത ഒന്നും തോന്നിയില്ല, ആ വാനിനെ ഞാൻ അനായാസം ഓവർ ടേക് ചെയ്ത് ഓടിച്ചു പോയി.

കുറെ ദൂരം ചെന്നപ്പോൾ വണ്ടിയുടെ ചില്ലിലൂടെ മുൻപോട്ടു കാഴ്ച കുറഞ്ഞു വന്നു. ആദ്യം എ. സി. ഞാൻ മുൻപിലെ ചില്ലിലേക്കു തിരിച്ചു വെച്ചു. പക്ഷെ മിസ്റ്റിങ് കൂടി ക്കൂടി വന്നു, മുൻപിൽ നിന്നും ഒരു വണ്ടി വന്നപ്പോൾ ഒന്നും കാണാൻ മേലാത്ത അവസ്ഥ, അപ്പോൾ വൈപ്പർ ഓപ്പറേറ്റ് ചെയ്തു. വെള്ളം വീണപ്പോൾ ചില്ലു തീർത്തും സുതാര്യമല്ലാതായി. ഞാൻ വണ്ടി സൈഡിൽ നിർത്തി മുൻ സീറ്റിൽ ഉറങ്ങി കൊണ്ടിരുന്ന സുഹ്രത്തിനെ ഇറക്കി ഗ്ലാസ്സു തുടക്കുവാൻ വിട്ടു. തീർത്തും വിജനമായ സ്ഥലം ആയതു കൊണ്ട് വളരെ പെട്ടന്ന് ചില്ലു തുടച്ചു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. പക്ഷെ പെട്ടന്ന് വീണ്ടും ചില്ലിൽ മഞ്ഞു വെള്ളം പിടിച്ചു മങ്ങി. അപ്പോൾ തോന്നി സംഗതി പന്തിയല്ല എന്ന്. ആ വാനിൽ നിന്നും എന്തോ കെമിക്കൽ ഇട്ടതാണ് എന്നു മനസിലായി.

അങ്ങനെ ആണെങ്കിൽ അവരുടെ ആൾക്കാർ വഴിയിൽ എവിടെയോ കാത്തിരിപ്പുണ്ട്, അല്ലെങ്കിൽ അവർ ഉടനെ പുറകെ എത്തും. പക്ഷെ വീണ്ടും ചില്ലു തുടക്കാതിരിക്കുവാനും പറ്റില്ല, അങ്ങനെ വണ്ടി വീണ്ടും നിർത്തി ചില്ലു തുടച്ചു. ആരെങ്കിലും ആക്രമിക്കുവാൻ വന്നാൽ അവർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുവാൻ മനസുകൊണ്ട് ഒരുങ്ങിയിരുന്നു. എന്നാലും പിന്നീടുള്ള യാത്ര അതീവ ദുരിതമായിരുന്നു. ഒരു പത്തു പ്രാവശ്യമെങ്കിലും ചില്ലു തുടക്കേണ്ടി വന്നു. സഹയാത്രികൻ നീളമുള്ള കയ്‌കൊണ്ടു വണ്ടിയിൽ ഇരുന്നു ഓടിച്ചു കൊണ്ട് തന്നെ ചില്ലു തുടക്കുവാൻ പഠിച്ചു. അവസാനം ഞങ്ങൾ വേളാങ്കണ്ണിയിൽ എത്തിയത് വെളുപ്പിനെ മൂന്നു മണിക്ക്.

യാത്രയുടെ അവസാനം വിശദമായി നിർത്തി പരിശോധിച്ചപ്പോൾ വണ്ടിയുടെ മുകളിലും ബോണറ്റിലും എല്ലാം നെറയെ വെള്ളം പിടിച്ചിരിക്കുന്നു, ഒരു വെളുത്ത പൊടിപോലുള്ള അവശിഷ്ടവും കണ്ടു. എന്തു കെമിക്കൽ ആണെങ്കിലും സംഗതി വളരെ ഫലവത്താണ്. എന്റെ സ്പീഡും, ഉടനെ വൈപ്പർ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത്. പൊലീസിൽ പരാതി കൊടുത്തില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close