
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിചാരണക്കോടതി. കേസില്‍ വിചാരണക്കോടതിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വാദം എന്ത് അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് ഉന്നയിക്കുന്നതെന്നും ജഡ്ജി ഹണി എം വര്‍ഗീസ് ചോദിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടു പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
പ്രോസിക്യൂഷന്റെ ആരോപണത്തിന് ഈ ഘട്ടത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. സാക്ഷികളായ വിപിന്‍ ലാല്‍, ജിന്സണ്, സാഗര്‍ വിന്‍സന്റ്, ശരത് ബാബു, ഡോ. ഹൈദരാലി, ദാസന് എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന് ആരോപിക്കുന്നത്. വിപിന്‍ ലാല്‍, ജിന്സണ് എന്നിവരുടെ കേസ് മറ്റൊരു ഹര്‍ജിയുടെ ഭാഗമായി പരിഗണിച്ചു തള്ളിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ പണം നല്‍കിയെന്ന് സാക്ഷിയായ സാഗര്‍ വിന്‍സന്റിന്റെ മൊഴിയുണ്ട്. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പീഡിപ്പിച്ചു പറയിച്ചതാണെന്ന് സാഗര്‍ പിന്നീട് കോടതിയില്‍ പറഞ്ഞു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും സഹോദരന് അനൂപും ദിലീപിന്റെ ബന്ധുക്കളാണ്. അവര്‍ ദിലീപിനെതിരെ മൊഴി നല്‍കില്ല. ദിലീപ് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്നു പറയുമ്പോള്‍ ഈ തെളിവുകള്‍ ഫോണില്‍നിന്നു കണ്ടെടുത്തെന്നു പ്രോസിക്യൂഷന് സമ്മതിക്കുന്നുമുണ്ട്.
ദിലീപും കൂട്ടരും ഫോണുകള്‍ മുംബൈയിലെ ലാബില്‍ നല്‍കിയെന്ന ഒറ്റക്കാരണം കൊണ്ടു തെളിവ് നശിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ല. തെളിവായി നല്കിയ ശബ്ദരേഖകള്‍ ദിലീപിന്റെയും കൂട്ടരുടേതുമാണ് എന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂറുമാറിയ 22 സാക്ഷികളില്‍ 6 പേര് ദിലീപിന്റെ കുടുംബാംഗങ്ങളും 5 പേര് സിനിമാ മേഖലയിലുള്ളവരും ദിലീപിന്റെ സുഹൃത്തുക്കളുമാണ്.
ദിലീപ് കോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് തെളിവായി രണ്ട് ഓഡിയോ ക്ലിപ്പുകളാണ് പ്രോസിക്യൂഷന് ഹാജരാക്കിയത്. ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തില്‍ ‘അവരെ നമ്മള് പതിയെ വിശ്വസിപ്പിച്ചെടുക്കണം’ എന്നു പറയുന്നുണ്ട്. ഇതിലെ അവര്‍ ആരാണെന്ന് വ്യക്തമല്ല. അതു ജുഡീഷ്യല്‍ ഓഫിസറെയാണ് എന്നാണ് പ്രോസിക്യൂഷന്റെ നിഗമനം. എങ്ങനെയാണ് ഈ നിഗമനത്തില്‍ എത്തിയത്. ‘അവര്‍’ എന്നു പറയുന്നതു ജുഡീഷ്യല്‍ ഓഫിസറെയാണെന്നു കരുതിയാല്‍ തന്നെ വിചാരണക്കോടതി ജഡ്ജിയെയാണെന്ന് എങ്ങനെ കൃത്യമായി പറയാനാകുമെന്നും കോടതി ചോദിക്കുന്നു.
എകെജി സെന്റർ ആക്രമണത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെയുള്ള ആക്രമണം വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. സി പി എമ്മിനെതിരേയും എൽ ഡി എഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായാണ് എ കെ ജി സെന്ററിനെതിരെ ആക്രമണം നടന്നത്. നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആക്രമണം ഉണ്ടായ എ കെ ജി സെന്റർ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
ഇന്നലെ 11.30യോടെ ആണ് എ കെ ജി സെന്ററിലേക്ക് ആക്രമണം ഉണ്ടായത്.സ്കൂട്ടറിലെത്തിയ ആൾ എ കെ ജി സെന്ററിൻറെ ഭിത്തിയിലേക്ക് സ്ഫോടന വസ്തു എറിയുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് എ കെ ജി സെൻററിൽ ഉണ്ടായിരുന്ന മുതിർന്ന സി പി എം നേതാവ് പി കെ ശ്രീമതിയും ഓഫിസ് സെക്രട്ടറിയും പറഞ്ഞു. സംഭവത്തെ തുടർന്ന് മന്ത്രിമാരും മുതിർന്ന സി പി എം നേതാക്കളും അടക്കമുള്ളവർ സ്ഥലത്തെത്തി. കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമം ആണെന്നായിരുന്നു എ.വിജയരാഘവൻ പറഞ്ഞത്.
ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നഗരത്തിൽ പ്രകടമനം നടത്തി. പ്രവർത്തകർ സംയമനം പാലിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
‘എപ്പോഴും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കരുത്’: എംഎം മണി
ഇടുക്കി: തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മന്ത്രിയും ഉടുമ്പുഞ്ചോല എംഎല്‍എയുമായ എംഎം മണി. പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുതെന്ന് മണി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസും ബിജെപിയും കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: മന്ത്രി റിയാസ്
തിരുവനന്തപുരം എകെജി സെന്ററിനെതിരായ ബോംബാക്രമണം കേരളത്തിന്റെ ക്രമസമാധാനം തകർക്കാനുള്ള ശ്രമമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോൺഗ്രസും ബിജെപിയും കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞാലുണ്ടാകുന്ന പ്രതിഷേധം ശക്തമായിരിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ ആക്രമണം നടത്തിയത്. ബോംബെറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും വേണമെങ്കിൽ കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിക്കാനും ലജ്ജയില്ലാത്തവരാണ് കേരളത്തിലെ കോൺഗ്രസ്. സംസ്ഥാനത്ത് ഭരണത്തിലിരുന്ന് കട്ട് മുടിച്ച് ശീലിച്ചവർക്ക് ഇനി ഭരണത്തിൽ വരില്ലെന്ന ആശങ്കയാണെന്നും അതിനാലാണ് ഇത്തരത്തിൽ ആക്രമണം നടത്തുന്നതെന്നും പിഎ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.
അതിനിടെ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടത്തെ വീടിന്റെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയുടെ സുരക്ഷയും വർധിപ്പിച്ചു.