Breaking NewsINDIANEWS

‘രാജ്യത്തോട് മാപ്പ് പറയണം, ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മ’; പരാമർശം പിൻവലിക്കാൻ വൈകി; ആഞ്ഞടിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമർശം പിൻവലിക്കാൻ വൈകിയെന്നും വിമര്‍ശിച്ചു. രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.

പൊലീസ് അന്വേഷണത്തെ പരിഹസിച്ച കോടതി, നൂപുർ ശർമ്മക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും വിമര്‍ശിച്ചു. അറസ്റ്റ് നടക്കാത്തത് നൂപുറിൻ്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം. വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുർ ശർമ്മയുടെ ഹര്‍ജി. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകൾ ഒന്നിച്ച് ദില്ലി പൊലീസിന്‍റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുർ ശർമ്മ ആവശ്യപ്പെടുന്നത്. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുർ ശർമ്മ ഹർജി പിൻവലിച്ചു. ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയും പരാമര്‍ശം.

ആരാണ് നുപുർ ശർമ്മ ?

അഭിഭാഷകയാണ് നുപുർ ശർമ്മ. ബിജെപി നേതാവും പാർട്ടി വക്തമാവുമാണ്. മെയ് 28ന് നുപുർ ശർമ്മ ഒരു ടെലിവിഷൻ വാർത്താ ചർച്ചയിൽ പ്രവാചകൻ മുഹമ്മദിനെ കുറിച്ച് നടത്തിയ പരാമർശം രാജ്യത്തിന് പുറത്തേക്കും വലിയ ചർച്ചയായി മാറിയിരിക്കുന്നത്. പ്രസ്താവന ഗൾഫ് രാജ്യങ്ങൾ വരെ അപലപിക്കുന്ന സാഹചര്യത്തിലെത്തിയതോടെ ശർമ്മയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന, 20 പോലീസുകാർ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റ, സംഘർഷം ഉടലെടുത്തത് ഈ പ്രസ്താവനകളിൽ നിന്നായിരുന്നു. പാർട്ടിയുടെ വിവിധ പദവികൾ വഹിച്ച നുപുർ ബിജെപിയുടെ പ്രമുഖ മുഖമാണ്. വിവാദം കത്തിപ്പടർന്നതോടെ തന്റെ പ്രസ്താവന പിൻവലിക്കുന്നതായി നുപുർ ട്വീറ്റ് ചെയ്തു.

എന്താണ് കാൺപൂർ സംഘർഷത്തിലേക്ക് നയിച്ച ആ പ്രസ്താവന

മെയ് 28ന് ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ, ആളുകൾ എന്നിവ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം മുസ്ലിംകൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു.

നുപുറിന്റെ വിശദീകരണം ഇങ്ങനെ

ശിവദേവനെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഞാൻ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തിൽ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും സൈനുകളുമായും ശിവലിങ്കത്തെ താരതമ്യം ചെയ്തു. ശിവദേവനെ തുടർച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടിവന്നത്. എന്നാൽ എന്റെ വാക്കുകൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ പരാമർശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല – അവർ ട്വിറ്ററിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close