
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട് ആണ്.
മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. വടക്കൻ കേരളത്തിലെ മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. ശക്തമായ കാലവർഷക്കാറ്റിനൊപ്പം കർണാടക തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുമാണ് ഈ ദിവസങ്ങളിൽ മഴ കനക്കുന്നതിന് കാരണം.
എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാരൻ മർദ്ദിച്ചു
കൽപ്പറ്റ: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാരൻ മർദ്ദിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് മർദ്ദനത്തിന് ഇരയായത്. തന്നെ മർദിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് കുട്ടി ചൈൽഡ്ലൈനിൽ പരാതി നൽകിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ എന്ന ബസിലെ ക്ലീനറാണ് തന്നെ മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതെന്ന് വിദ്യാർത്ഥി പറയുന്നു.
കഴിഞ്ഞ മാസം 23-നാണ് പരാതിക്കിടയായ സംഭവം. വൈകീട്ട് നാലിന് സ്കൂൾ വിട്ട് കമ്പളക്കാട്ടെ വീട്ടിലേക്കു പോകാനായി ഹിന്ദുസ്ഥാൻ എന്ന ബസിൽ കയറിയതായിരുന്നു പരാതിക്കാരനായ പതിമ്മൂന്നുകാരൻ. ബസിനുള്ളിലെ പിടിക്കാനുള്ള കമ്പിയിൽ വേറെ കുട്ടി പിടിച്ചുതൂങ്ങിയപ്പോൾ ക്ലീനർ ആ കുട്ടിയോട് ഒന്നും പറഞ്ഞില്ലെന്നും എന്നാൽ, അതുകഴിഞ്ഞ് പുളിയാർമല കഴിഞ്ഞുള്ള വളവിൽ ബസ് വളച്ചപ്പോൾ വീഴാൻപോയ താൻ കമ്പിയിൽ പിടിച്ചുവെന്നും കുറച്ചു മാറിനിന്നപ്പോൾ പിൻഡോറിലെ ക്ലീനർ വന്ന് എന്റെ ഷർട്ടിന്റെ കോളറിനുപിടിച്ച് താഴെ വലിച്ചിട്ടെന്നും മൂന്നുതവണ തൂങ്ങെടാ എന്നുപറഞ്ഞ് ആ കമ്പിയുടെ മുകളിൽ തൂക്കിപ്പിടിപ്പിക്കുകയും ചെയ്തെന്നുമാണ് കുട്ടിയുടെ പരാതി.
പിന്നാലെ കണ്ടക്ടറും തനിക്കുനേരെ കുട്ടികളുടെ ഇടയിൽവെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞെന്ന് പരാതിയിൽ പറയുന്നു. എന്തിനാ എന്നെ ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ, കണ്ടക്ടർ ഞാൻ ഇതൊക്കെ കുറെ കണ്ടും കളിച്ചും കൊടുത്തുമാണ് ഇവിടെ എത്തിയതെന്നും തനിക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യടോ ബാക്കി നമുക്ക് അപ്പോൾ കാണാം എന്ന് പറയുകയായിരുന്നെന്നും പരാതിയിലുണ്ട്.
മാത്രമല്ല, ക്ലീനർ അത്രയും യാത്രക്കാരുടെയും വിദ്യാർഥികളുടെയും മുന്നിൽവെച്ച് തന്നെ ചൂണ്ടി ഇവനൊക്കെ പഠിക്കുന്ന വിദ്യാലയം തുലഞ്ഞുപോകുമെന്നും തന്നെയൊക്കെ ഇറക്കേണ്ട സ്ഥലത്ത് ഇറക്കിത്തരാം എന്നുപറഞ്ഞ് അപമാനിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതി ചൈൽഡ്ലൈൻ കൽപ്പറ്റ പോലീസിനും ആർ.ടി.ഒ.യ്ക്കും കൈമാറിയിട്ടുണ്ട്.