
തിരുവനന്തപുരം; വേദിയിൽ സംസാരിക്കുന്നതിനിടെ പുറത്ത് ചെണ്ടമേളം നടത്തിയതിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിസെപ് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സംഭവം. തുടർന്ന് മുഖ്യമന്ത്രി പ്രസംഗം നിർത്തുകയായിരുന്നു.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയിൽ വേദിക്കു പുറത്തുണ്ടായിരുന്ന മേളക്കാർ ചെണ്ടമേളം നടത്തുകയായിരുന്നു. ചെണ്ടമേളം തുടർന്നതോടെയാണ് മുഖ്യമന്ത്രി നീരസം വ്യക്തമാക്കി. ഡ്രമ്മിന്റെ മുട്ടൽ കഴിയുന്നതുവരെ താൻ കുറച്ചു നേരം നിർത്താം എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചത്.
‘ഇപ്പോൾ ഇവിടെയുള്ളവർ എന്റെ സംസാരമല്ല കേൾക്കുന്നത്. ആ ഡ്രമ്മിന്റെ മുട്ടലാണെന്നതു കൊണ്ട് കുറച്ചു നേരം ഞാൻ നിർത്താം. അത് കഴിയട്ടെ, എന്നിട്ട് സംസാരിക്കാം. ഇപ്പോൾ ഈ കാണിച്ചതിനെപ്പറ്റി ഞാൻ പറയുന്നില്ല എന്നു മാത്രം’– എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പ്രസംഗം നിർത്തിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ചെണ്ടമേളം നിർത്തിച്ചു. ചെണ്ടമേളം നിന്നതിനു ശേഷമാണു മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
സൗദിയിലേക്ക് അനധികൃത മദ്യക്കടത്ത്
റിയാദ്: അനധികൃതമായി ബഹ്റൈനിൽ നിന്നു സൗദിയിലേക്കു മദ്യക്കടത്ത്. കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് (26) ദമാം ക്രിമിനൽ കോടതി 10.9 കോടി രൂപ (58 ലക്ഷം റിയാൽ) പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.
കിങ് ഫഹദ് കോസ് വേയിൽ മുനീർ ഓടിച്ച ട്രെയ്ലറിൽ നിന്ന് 4000 മദ്യക്കുപ്പികൾ കണ്ടെടുത്ത കേസിലാണു വിധി. ഇത്തരം കേസിൽ വിദേശിക്കു ലഭിക്കുന്ന പരമാവധി ശിക്ഷയാണിത്. ട്രെയ്ലറിൽ മദ്യക്കുപ്പികളാണെന്ന് അറിയില്ലായിരുന്നുവെന്നു വാദിച്ചെങ്കിലും തെളിവുകൾ ഷാഹുൽ മുനീറിന് എതിരായിരുന്നു.
അർബുദബാധിതനായ സഹോദരന്റെ ചികിത്സയ്ക്കായി സുഹൃത്തിന്റെ സഹായം തേടിയ താൻ വഞ്ചിക്കപ്പെട്ടതാണെന്നും കോടതിയെ അറിയിച്ചു. നിരപരാധിത്വം തെളിയിക്കാൻ അപ്പീൽ കോടതി ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.