
പാലക്കാട്: പേവിഷബാധയേറ്റ് പാലക്കാട് മങ്കരയിൽ ബിരുദ വിദ്യാർഥിനി ശ്രീലക്ഷി മരിച്ച സംഭവത്തിൽ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്. ചികിത്സ പിഴവ് സംഭവിച്ചിട്ടില്ലെന്നും ഗുണനിലവാരമുള്ള വാക്സിനാണ് പെൺകുട്ടിക്ക് നൽകിയത് എന്നുമാണ് ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നൽകിയ റിപ്പോർട്ടിലുള്ളത്.
പ്രാഥമിക റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. അതിനിടെ ശ്രീലക്ഷ്മിയുടെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന ആരോഗ്യവകുപ്പിന്റെ നിലപാടിനെതിരെ ശ്രീലക്ഷ്മിയുടെ കുടുംബം ഡിഎംഒയെ പ്രതിഷേധമറിയിച്ചു. മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഇത്തരമൊരു അഭിപ്രായം ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കുടുംബം ചൂണ്ടിക്കാണിക്കുന്നു.
നായയുടെ കടിയേറ്റ മേയ് മുപ്പത് തുടങ്ങി ജൂൺ ഇരുപത്തി ഏഴ് വരെയുള്ള കാലയളവിലാണ് ശ്രീലക്ഷ്മി വാക്സിനെടുത്തത്. ഒരു ഡോസ് സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുത്തിവച്ചത്. എന്നാൽ മരുന്നിന്റെ അളവിനോ നിലവാരത്തിനോ വ്യത്യാസമില്ല. ശ്രീലക്ഷ്മിക്ക് കടിയേറ്റ സമയത്ത് ജില്ലയിൽ വാക്സീൻ ക്ഷാമമുണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. വളർത്തുനായയാണ് കടിച്ചതെന്നും ശ്രീലക്ഷ്മിയ്ക്ക് മറ്റ് അസുഖങ്ങളില്ലെന്നും വ്യക്തമായിട്ടുണ്ട്.
വാക്സീൻ ഡോസ് പൂർത്തിയായതിന്റെ അടുത്തദിവസം മുതലാണ് ശ്രീലക്ഷ്മിക്ക് ശാരീരീക ബുദ്ധിമുട്ടുകൾ കണ്ട് തുടങ്ങിയത്. പനി ബാധിച്ചതോടെ 29 ന് മങ്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണു പേ ബാധയുടെ ലക്ഷണം പ്രകടിപ്പിച്ചത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ദിവസം വൈകിട്ട് നാലുവരെ സംസാരിച്ചിരുന്നതായും 30 ന് പുലർച്ചെ മരണം സംഭവിക്കുകയുമായിരുന്നു.
സൗദിയിലേക്ക് അനധികൃത മദ്യക്കടത്ത്
റിയാദ്: അനധികൃതമായി ബഹ്റൈനിൽ നിന്നു സൗദിയിലേക്കു മദ്യക്കടത്ത്. കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് (26) ദമാം ക്രിമിനൽ കോടതി 10.9 കോടി രൂപ (58 ലക്ഷം റിയാൽ) പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.
കിങ് ഫഹദ് കോസ് വേയിൽ മുനീർ ഓടിച്ച ട്രെയ്ലറിൽ നിന്ന് 4000 മദ്യക്കുപ്പികൾ കണ്ടെടുത്ത കേസിലാണു വിധി. ഇത്തരം കേസിൽ വിദേശിക്കു ലഭിക്കുന്ന പരമാവധി ശിക്ഷയാണിത്. ട്രെയ്ലറിൽ മദ്യക്കുപ്പികളാണെന്ന് അറിയില്ലായിരുന്നുവെന്നു വാദിച്ചെങ്കിലും തെളിവുകൾ ഷാഹുൽ മുനീറിന് എതിരായിരുന്നു.
അർബുദബാധിതനായ സഹോദരന്റെ ചികിത്സയ്ക്കായി സുഹൃത്തിന്റെ സഹായം തേടിയ താൻ വഞ്ചിക്കപ്പെട്ടതാണെന്നും കോടതിയെ അറിയിച്ചു. നിരപരാധിത്വം തെളിയിക്കാൻ അപ്പീൽ കോടതി ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.