
പുത്തൂർ: ചില്ലറ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കം ഒടുവിൽ കലാശിച്ചത് കല്ലേറിൽ. ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെ പുത്തൂർ മണ്ഡപം ജംക്ഷനിൽ ആയിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത് കരുനാഗപ്പള്ളി-കൊട്ടാരക്കര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ 500 രൂപ നോട്ടു നൽകി ടിക്കറ്റെടുത്ത യാത്രക്കാരനോടു കണ്ടക്ടർ ചില്ലറ ആവശ്യപ്പെട്ടെങ്കിലും യുവാവ് നൽകിയില്ല. തുടർന്ന് ഇത് വാക്കേറ്റത്തിൽ എത്തിചേരുകയും ബസിൽ നിന്നിറങ്ങിയ യാത്രക്കാരൻ അതേ ബസിന്റെ തന്നെ ചില്ലെറിഞ്ഞു ഉടയ്ക്കുകയും ചെയ്തു. ഇയാൾ എസ്എൻപുരം സ്വദേശിയാണെന്നു പൊലീസ് തിരിച്ചറിഞ്ഞു.
ചില്ലറയുടെ പേരിൽ ഇരുവരും തമ്മിൽ ഉണ്ടായ തർക്കം പിന്നീട് കയ്യേറ്റത്തിലേക്കും എത്തി.ഇതിനിടയിൽ തന്നെ കണ്ടക്ടർ മർദിച്ചെന്നു യാത്രക്കാരൻ പിന്നീട് പൊലീസിനോടു പറഞ്ഞു. പക്ഷേ ബസ് ജീവനക്കാർ ഇതിനെ നിഷേധിച്ചു. മണ്ഡപം ജംക്ഷനിൽ എത്തിയപ്പോൾ ബസിൽ നിന്നിറങ്ങിയ യാത്രക്കാരൻ ബസിന്റെ പിൻഭാഗത്തെ ചില്ല് കല്ലിന് എറിഞ്ഞു തകർത്ത ശേഷം ഓടി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ചിതറിയ ചില്ലു കഷണങ്ങൾ ബസിനുള്ളിലേക്കും പുറത്തു റോഡിലേക്കും തെറിച്ചു വീണു. ബസ്സിലുമായിരുന്ന മറ്റു യാത്രക്കാർ ഇത് കണ്ടു പരിഭ്രാന്തരായെങ്കിലും തലനാഴിഴയ്ക്ക് ആർക്കും പരിക്കേറ്റില്ല.
ഒരു മാസം പിന്നിട്ട് എകെജി സെന്റർ ആക്രമണം
തിരുവനന്തപുരം: എ കെ ജി സെന്ററിനു നേരെ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാവുന്നു. ഇക്കഴിഞ്ഞ ജൂൺ 30ന് രാത്രി 11.25 ഓടെയായിരുന്നു തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എ കെ ജി സെന്ററിന് നേരെ സ്കൂട്ടറിലെത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ ഒരു മാസം പിന്നിട്ടിട്ടും പൊലീസിന് കഴിഞ്ഞില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി.
കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു. പരിശോധിച്ച ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി.പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സിപിഐഎം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലും വിഷയം ചർച്ചയായി. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ സ്കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. 350ല്‍ അധികം സ്കൂട്ടറുകളാണ് ആകെ പരിശോധിച്ചത്.
ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെ പ്രത്യേക പൊലീസ് സംഘത്തിൽ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. പ്രതിയെ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിനു കഴിയുമോ എന്നത് വരുദിവസങ്ങളിൽ കാത്തിരുന്നു കാണാം.