
ന്യൂഡൽഹി: കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന പരിശോധന ഫലം പുറത്ത്. കേരളത്തിൽനിന്നുള്ള രണ്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് പൂർത്തിയായത്. മങ്കിപോക്സിന് കാരണം എ. 2 വൈറസ് വകഭേദമെന്ന് ജിനോം സീക്വൻസ് പഠനം. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്.
കേരളത്തിൽ ഇതുവരെ രണ്ട് മങ്കി പോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിദേശത്തു നിന്നെത്തിയവർക്കാണ് രോഗബാധയേറ്റത്. ഇതിനിടെ ഇന്നലെ മങ്കിപോക്സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറ സ്വദേശിയായ 30കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ടാഴ്ച മുൻപു ഗൾഫിൽ നിന്നെത്തിയ യുവാവ് വെള്ളിയാഴ്ച ചർമ രോഗ വിഭാഗം ഒപിയിൽ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെയും ഒപ്പമുള്ളയാളെയും പകർച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. യുവാവിനു കൂടുതൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നു ഡോക്ടർമാർ പറഞ്ഞു. യുവാവിന്റെ സ്രവ, രക്ത സാംപിളുകൾ മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിലേക്കും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ മലപ്പുറത്തെ ആശുപത്രിയിലേക്കു മാറ്റുമെന്നു ഡോക്ടർമാർ വ്യക്തമാക്കി.
ഒരു മാസം പിന്നിട്ട് എകെജി സെന്റർ ആക്രമണം
തിരുവനന്തപുരം: എ കെ ജി സെന്ററിനു നേരെ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാവുന്നു. ഇക്കഴിഞ്ഞ ജൂൺ 30ന് രാത്രി 11.25 ഓടെയായിരുന്നു തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എ കെ ജി സെന്ററിന് നേരെ സ്കൂട്ടറിലെത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ ഒരു മാസം പിന്നിട്ടിട്ടും പൊലീസിന് കഴിഞ്ഞില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി.
കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു. പരിശോധിച്ച ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി.പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സിപിഐഎം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലും വിഷയം ചർച്ചയായി. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ സ്കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. 350ല്‍ അധികം സ്കൂട്ടറുകളാണ് ആകെ പരിശോധിച്ചത്.
ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെ പ്രത്യേക പൊലീസ് സംഘത്തിൽ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. പ്രതിയെ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിനു കഴിയുമോ എന്നത് വരുദിവസങ്ങളിൽ കാത്തിരുന്നു കാണാം.