KERALANEWS

300 വർഷം പഴക്കമുള്ള രാമായണം തലമുറകളായി പകർന്നു കിട്ടിയത്; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയത് ആയിരത്തിലേറെ രാമായണം ക്ലാസുകൾ; പാരായണം മുടക്കാത്ത കുമാരന്റെ കഥ

പാലക്കാട് : വസ്ത്ര വ്യാപാരിയും മൂത്താന്തറ കണ്ണകി നഗർ ടെംപിൾ സ്ട്രീറ്റ് സ്വദേശിയുമായ എം.കുമാരൻ താൻ അറിഞ്ഞ രാമായണം പുതുതലമുറയിലേയ്ക് പകർന്നു നൽകാനുള്ള ശ്രമത്തിലാണ്. 20 വർഷത്തിലേറെയായി തന്റെ സ്ഥാപനങ്ങളിൽ രാമായണ മാസാചരണം മുടങ്ങാതെ നടത്തുകയാണ് അദ്ദേഹം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലേറെ രാമായണം ക്ലാസുകൾ അദ്ദേഹം ഇതിനോടകം സംഘടിപ്പിച്ചു.

കുമാരന്റെ കുടുംബത്തിനു തലമുറകളായി പകർന്നുകിട്ടിയ 300 വർഷം പഴക്കമുള്ള രാമായണമാണ് ഇതിനെല്ലാം പിന്നിൽ. കമ്പരാമായണത്തിന്റെ അപൂർവ പതിപ്പ് നിധിപോലെ സൂക്ഷിക്കുകയും അതിലെ ശ്ലോകങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയുമാണു കുമാരൻ. മോരുകച്ചവടക്കാരിയായിരുന്ന മുത്തശ്ശി ചിന്ന മൂത്തയ്ക്ക് അയൽവാസിയെ സഹായിച്ചതിനു സമ്മാനമായി കിട്ടിയതാണ് ഈ അപൂർവഗ്രന്ഥം.

കമ്പരാമായണത്തിന്റെ മലയാള പരിഭാഷയാണ് ഇത്. ചിന്ന മൂത്ത പിന്നീടത് മകളും കുമാരന്റെ അമ്മയുമായ വേശയമ്മയ്ക്കു കൈമാറി. പലകുറി വായിച്ചതോടെ രാമായണത്തിലെ ഓരോ സന്ദർഭവും കഥാപാത്രങ്ങളും വരെ വേശയമ്മയ്ക്കു മനഃപാഠമായി. മരണംവരെ രാമായണ പാരായണം വേശയമ്മയുടെ ജീവിതചര്യയായിരുന്നു. ഇവരുടെ മരണശേഷം മകൻ കുമാരനു രാമായണം കൈമാറിക്കിട്ടി. പേജുകൾ പൊടിഞ്ഞുതുടങ്ങിയെങ്കിലും തന്റെ പൂജാമുറിയിയിൽ നിധിപോലെ ഈ ഗ്രന്ഥം അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്.

കുമാരൻ ശ്രീധരൻ ആൻഡ് കോ സ്ഥാപനത്തിന്റെ ഉടമയും നിലവിൽ ടെക്സ്റ്റൈൽസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും വ്യാപാരി വ്യവസായി സംഘം ജില്ലാ സെക്രട്ടറിയുമാണ്. ഭാവിതലമുറയ്ക്കു കൈമാറാൻ നിലവിലുള്ള കമ്പരാമായണത്തിന്റെ 4 പതിപ്പുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സഹോദരന്റെ ഭാര്യ സുഭാഷിണി എഴുതി തയാറാക്കിയിട്ടുണ്ട്. സഞ്ചാരി കൂടിയായ അദ്ദേഹം തന്റെ എല്ലാ യാത്രകൾക്കൊപ്പവും രാമായണവും കൊണ്ടുപോകും. ഭാര്യ സുഷമയും മക്കളും മുരുകന്റെ വഴിയെ രാമായണപാരായണം ദിനചര്യയാക്കിയവരാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close