
കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ കോടതി മാറ്റി വെച്ചു. ചൊവ്വാഴ്ച (ഓഗസ്റ്റ് 2) കേസിൽ വിധി പറയും. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാർ ശക്തമായി എതിർത്തു. കൂടുതൽ പരാതികൾ എഴുത്തുക്കാരനെതിരെ വരുന്നതായി പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. സിവിക് ചന്ദ്രൻ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി പ്രോസിക്യൂഷനും പരാതിക്കാരിയും ഹാജരാക്കി. വാട്സാപ്പ് സന്ദേശങ്ങൾ തന്നെ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പുറത്ത് ദളിതർക്ക് വേണ്ടി പ്രവർത്തിക്കുന്നയാളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം തനിക്കെതിരായ പരാതി വ്യാജമാണെന്ന് സിവിക് ചന്ദ്രൻ വാദിച്ചു. ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്ത ആളാണ് താൻ. പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെ കൊണ്ട് അന്വേഷിപ്പിച്ചതാണ് ഈ വിഷയം. പട്ടികജാതി-പട്ടിക വർഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനിൽക്കില്ലെന്നും സിവികിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.