KERALANEWS

വിദേശത്തായിരുന്ന അനീഷ് നാട്ടിലെത്തിയത് കുറച്ചുനാൾ മുമ്പ്; ഓൺലൈൻ റമ്മിക്ക് അടിമയായതോടെ സമ്പാദ്യം മുഴുവൻ തീർന്നു; തിരികെ പോകാൻ പണമില്ലാതായപ്പോൾ യുവാവ് കണ്ടെത്തിയ മാർഗം മാലമോഷണം; ഉമ്മന്നൂരിലെ അനീഷ് കള്ളനായ കഥ ഇങ്ങനെ

അഞ്ചൽ: ഓൺലൈൻ റമ്മി കളിയുടെ കെണിയിൽ അകപ്പെട്ട് ആത്മഹത്യ ചെയ്ത നിരവധി പേരുടെ ജീവിത കഥകൾ ഈയിടെയാണ് പുറത്ത് വന്നത്. വിദേശത്ത് കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കിയ പണവും കടം വാങ്ങിയ കാശും ഓൺലൈൻ റമ്മി കളിച്ചു തുലച്ച യുവാവ് ബാധ്യത തീർക്കാൻ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവവും പുറത്ത് വന്നിരുന്നു. പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു. ഓടനാവട്ടത്തെ സ്വകാര്യ ബാങ്കിൽ പണയം വച്ച സ്വർണമാലയും പിടിച്ചെടുത്തു.

ഉമ്മന്നൂർ ചെപ്ര നെല്ലിമൂട്ടിൽ പുത്തൻവീട്ടിൽ അനീഷാണ് (23) അറസ്റ്റിലായത്. ഇടമുളയ്ക്കൽ പനച്ചവിള വൃന്ദാവനം ജംക്‌ഷനു സമീപം താമസിക്കുന്ന വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള മാല വ്യാഴം ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് കാറിലെത്തിയ അനീഷ് പൊട്ടിച്ചെടുത്തത്. വൃന്ദാവനം ജംക്‌ഷനിൽ ബസ് കാത്തുനിന്നു വീട്ടമ്മയുടെ അടുത്തു കാർ നിർത്തി മാല പൊട്ടിച്ചെടുത്ത് അതിവേഗം സ്ഥലം വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇൻസ്പെക്ടർ കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അനീഷ് കുടുങ്ങി.

വിദേശത്തായിരുന്ന അനീഷ് കുറച്ചുനാൾ മുൻപാണു നാട്ടിൽ എത്തിയതെന്നും ഓൺലൈൻ റമ്മിക്ക് അടിമയായി സമ്പാദ്യം മുഴുവൻ അതിൽ തീർത്തെന്നും പൊലീസ് പറയുന്നു. പിന്നീടു നാട്ടുകാരുടെ പക്കൽ നിന്നു കടം വാങ്ങി കളി തുടങ്ങിയെങ്കിലും നഷ്ടം മാത്രമാണുണ്ടായതെന്നു പറയുന്നു. ഇതിനിടെ കടം നൽകിയവർ പണത്തിനു ശല്യം ചെയ്തു തുടങ്ങി . തിരികെ പോകാൻ വീസ ശരിയാക്കി. അതിനും പണം തടസ്സമായപ്പോഴാണ് മോഷണത്തിന് ഇറങ്ങിയത്.

കാർ വാടകയ്ക്ക് എടുത്തതാണ്. വിജനമായ സ്ഥലങ്ങളിൽ കറങ്ങി ‘ഇരകളെ’ അന്വേഷിക്കുന്നതിന് ഇടയ്ക്കാണു വൃന്ദാവനം ജംക്‌ഷനിൽ ബസ് കാത്തുനിന്ന വീട്ടമ്മയെ കണ്ടതും മാല പൊട്ടിച്ചതുമെന്ന് പൊലീസ് പറഞ്ഞു.ഓടനാവട്ടത്തെ സ്വകാര്യ ബാങ്കിൽ 51,000 രൂപയ്ക്കാണു മാല പണയം വച്ചത്. പിടികൂടുന്നതിനു മുൻപു വിദേശത്ത് എത്താൻ കഴിയുമെന്നായിരുന്നു പ്രതിയുടെ പ്രതീക്ഷയെന്നും പൊലീസ് വിശദീകരിച്ചു. ഐപിസി 392 വകുപ്പു പ്രകാരമാണു കേസ്. കോടതി റിമാൻഡ് ചെയ്തു.

ഒരു മാസം പിന്നിട്ട് എകെജി സെന്റർ ആക്രമണം

തിരുവനന്തപുരം: എ കെ ജി സെന്ററിനു നേരെ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാവുന്നു. ഇക്കഴിഞ്ഞ ജൂൺ 30ന് രാത്രി 11.25 ഓടെയായിരുന്നു തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എ കെ ജി സെന്ററിന് നേരെ സ്‌കൂട്ടറിലെത്തിയ ആൾ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ ഒരു മാസം പിന്നിട്ടിട്ടും പൊലീസിന് കഴിഞ്ഞില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി.

കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു. പരിശോധിച്ച ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി.പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സിപിഐഎം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലും വിഷയം ചർച്ചയായി. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. 350ല്‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്.

ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെ പ്രത്യേക പൊലീസ് സംഘത്തിൽ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. പ്രതിയെ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിനു കഴിയുമോ എന്നത് വരുദിവസങ്ങളിൽ കാത്തിരുന്നു കാണാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close