
മലയാളത്തിൽ നിന്നും അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറുകയും ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള നടിയായി മാറുകയും ചെയ്ത താരപുത്രിയാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കീർത്തിക്ക് മഹാനടിയിലെ മികച്ച പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയാണ് കീർത്തി ഇന്ന്.
2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കീർത്തിയുടെ അരങ്ങേറ്റം. ചിത്രത്തിൽ ഡബിൾ റോളിലാണ് കീർത്തി തിളങ്ങിയത്. പിന്നീട് റിങ് മാസ്റ്റര്, ഡര്ബോനി എന്നീ മലയാളം ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷെ മലയാള സിനിമകളിൽ വേണ്ടത്ര തിളങ്ങാനായില്ല. ഇപ്പോൾ അഭിനയിച്ച സിനിമകളെ കുറിച്ച് മനസ് തുറക്കുകയാണ് താരം.
“നാലുവർഷം മുമ്പ് എനിക്ക് കൊള്ളാമെന്ന് തോന്നി അഭിനയിച്ച സിനിമ ഇന്ന് കാണുമ്പോൾ കൊള്ളില്ലെന്ന് തോന്നാറുണ്ട്. പൊതുവേ സംതൃപ്തി കുറവുള്ള കൂട്ടത്തിലാണ് ഞാൻ. എന്തുചെയ്താലും മതിയാവില്ല. പോരാ എന്ന് തോന്നുമ്പോഴാണല്ലോ നമ്മൾ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുക. മുന്നോട്ട് വരുന്നതെല്ലാം എനിക്ക് എന്നെ തന്നെ പരീക്ഷിക്കാനുള്ള അവസരങ്ങളാണ്.” കീർത്തി പറഞ്ഞു.
മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന കാര്യവും അവർ പങ്കുവെച്ചു. ഉദയനിധി സ്റ്റാലിൻ അവസാനമായി അഭിനയിക്കുന്ന സിനിമയാണെന്നാണ് പറയുന്നത്. വടിവേലുവും ഫഹദും ഇതിൽ അഭിനയിക്കുന്നുണ്ട്. കീർത്തി പറഞ്ഞു.
വാണിജ്യസിനിമകൾ ചെയ്യുന്നതിനേക്കുറിച്ചും താരം മനസുതുറന്നു. ഒരു കൊമേഴ്സ്യൽ പടം ചെയ്യണമെന്നാഗ്രഹിച്ചപ്പോഴാണ് മഹേഷ് ബാബുവിനൊപ്പം സർക്കാർ വാരി പാട്ട എന്ന സിനിമ കിട്ടിയത്. ഒ.ടി.ടിയിൽ മിസ്. ഇന്ത്യക്കും സാണി കായിധത്തിനും നല്ല റിവ്യൂസാണ് ഇപ്പോഴും കേൾക്കുന്നത്. രണ്ട് തരത്തിലുള്ള സിനിമകളും മാനേജ് ചെയ്യാൻ പറ്റുന്നുണ്ടെന്നും അവർ പറഞ്ഞു.
തെലുങ്കിൽ നാനിക്കൊപ്പം ദസറ, ചിരഞ്ജീവി നായകനാവുന്ന ഭോലാ ശങ്കർ എന്നിവയാണ് കീർത്തിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.