Breaking NewsCovid UpdatesINDIA

24 മണിക്കൂറില്‍ 73 മരണം ; രാജ്യത്ത് കോവിഡ് ബാധിച്ച് മരണം 1007 ; രോഗികളുടെ എണ്ണം 31,000 പിന്നിട്ടു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു. 24 മണിക്കൂറിനിടയില്‍ 73 പുതിയ കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തതോടെ രോഗികളുടെ എണ്ണം 31,411 ആണ്. ഇന്നലെ മാത്രം പുതിയതായി 1840 രോഗികള്‍ കൂടി പട്ടികയില്‍ കയറി. മരണത്തിന്റെ കാര്യത്തിലും രോഗത്തിന്റെ കാര്യത്തിലും മുന്നിലുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 31 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തൊട്ടു പിന്നില്‍ 19 മരണവുമായി ഗുജറാത്തും 10 മരണവുമായി മദ്ധ്യപ്രദേശുമുണ്ട്. ഉത്തര്‍പ്രദേശില്‍ ഇന്നലെ മൂന്ന് പേരും മരണമടഞ്ഞു. മുംബൈയും അഹമ്മദാബാദുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണം ഇന്നലെ കണ്ടത്. മുംബൈയില്‍ 25 പേര്‍ മരിച്ചപ്പോള്‍ അഹമ്മദാബാദില്‍ 19 പേരും കോവിഡില്‍ പൊലിഞ്ഞു. ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ 729 കേസുകള്‍ ഉണ്ടായി. തമിഴ്നാട്ടില്‍ പുതിയ 121 കേസുകളും ഉണ്ടായി. ഗുജറാത്തില്‍ 226, ഡല്‍ഹി 206 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളില്‍ ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

ഒറ്റദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യത്തില്‍ ചൊവ്വാഴ്ച കഴിഞ്ഞ എല്ലാ റെക്കോഡുകളും മറികടന്നു. 1840 കേസുകളാണ് ഉണ്ടായത്. ഏപ്രില്‍ 23 ന് കണ്ട 1775 ആയിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ വലിയ കണക്ക്. മരണം സംഭവിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്നലെ രാജസ്ഥാനും ജമ്മു കശ്മീരും കയറി. രണ്ടു മരണം വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലും തമിഴ്നാട്ടിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു് അതേസമയം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ തുടര്‍ച്ചയായി രണ്ടാം ദിനത്തിലും ഡല്‍ഹി പിടിച്ചു നിന്നു.

എന്നാല്‍ ഡല്‍ഹിയില്‍ 206 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതോടെ ഡല്‍ഹിയിലെ മൊത്തം രോഗികളുടെ എണ്ണം 3,314 ആയി. മൊത്തം രോഗികളുടെ കാര്യത്തില്‍ 9,318 പേരുള്ള മഹാരാഷ്ട്രയ്ക്കും 3,774 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തിനും പിന്നില്‍ മുന്നാം സ്ഥാനത്തുണ്ട് രാജ്യ തലസ്ഥാനം. രാജ്യത്ത് ഒരു ദിവസത്തില്‍ 70 ?ലേറെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇതാദ്യമാണ്.

Tags
Show More

Related Articles

Back to top button
Close