
ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ സെമിയില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പെപ്പിന്റെ കുട്ടികളെ ലിയോണ്‍ തറപറ്റിച്ചത്. മോസ ഡെമ്പലെയുടെ ഇരട്ട ഗോളുകളാണ് ലിയോണിന്റെ ജയം അനായാസമാക്കിയത്. ഇതോടെ അവശേഷിച്ചിരുന്ന അവസാന ഇംഗ്ലീഷ് പരീക്ഷയും മറികടന്ന് ലിയോണ്‍ സെമി ഉറപ്പിച്ചു.
സിറ്റിക്കെതിരായ ജയത്തോടെ ലിയോണ്‍ മറ്റൊരു ചരിത്രംകൂടിയാണ് രചിച്ചത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലീഷ് – സ്പാനിഷ് സാനിധ്യമില്ലാത്ത ഒരു സെമി. ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് കിരീട പോരാട്ടത്തിന്റെ അവസാന ലാപ്പില്‍ ഏറ്റുമുട്ടുന്നത് ഫ്രഞ്ച് – ജര്‍മ്മന്‍ ശക്തികളാണ്. രണ്ട് ലീഗുകളില്‍ നിന്നും രണ്ട് ടീമുകള്‍ വീതമാണ് സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്. ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിച്ചിനൊപ്പം ആര്‍ബിഎല്ലും ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജര്മ്മനൊപ്പം ലിയോണും എത്തുന്നതോടെ പട്ടിക പൂര്‍ണമാകും.
ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ പിഎസ്ജി ആര്‍ബിഎല്ലിനെയും വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ലിയോണ്‍ ബയേണിനെയും നേരിടും. ഓഗസ്റ്റ് 24നാണ് ഫൈനല്‍ പോരാട്ടം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലിസ്ബണ്‍ തന്നെയാണ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ലിയോണ്‍ – സിറ്റി മത്സരത്തിലേക്ക് മടങ്ങി വന്നാല്‍ മാക്സ്വെല് കോര്‍ണറ്റിന്റെ ഗോളില്‍ ആദ്യം മുന്നിലെത്തിയത് ലിയോണ്‍ തന്നെയായിരുന്നു. മത്സരത്തിന്റെ 24ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. ആദ്യ പകുതിയില്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സിറ്റി കെവിന് ഡിബ്ര്യൂണിന്റെ ഗോളില്‍ 69ാം മിനിറ്റില്‍ ഒപ്പമെത്തി. എന്നാല്‍ സിറ്റിയുടെ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞ ഡെമ്പലെ 79, 87 മിനിറ്റുകളില്‍ സിറ്റി വല ചലിപ്പിച്ച് ലിയോണ്‍ വിജയമുറപ്പിച്ചു.