Breaking NewsKERALANEWSTop News

കാൻസർ ബാധിതയായ 26കാരിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഇനിയും 50 ലക്ഷം രൂപ വേണം; നൊന്തുപെറ്റ കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും പറ്റാതെ കഴിയുന്ന അനുപ്രിയ സുമനസുകളുടെ കാരുണ്യം തേടുന്നു

തൊടുപുഴ: നാലുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മയായ ക്യാൻസർ ബാധിച്ച 26കാരിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസുകളുടെ സഹായം വേണം. മുരിക്കാശേരി പെരിയാർവാലി പൊരുന്നോലിൽ അനുപ്രിയയാണ് നൊന്തുപെറ്റ കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും പറ്റാതെ ക്യാൻസർ എന്ന മാരകരോ​ഗത്തോട് പൊരുതുന്നത്. കിടപ്പാടം വിറ്റും കടംവാങ്ങിയും ഇതുവരെ ചികിത്സ നടത്തിയെങ്കിലും ഇനിയും 50 ലക്ഷം രൂപയോളം ഉണ്ടെങ്കിൽ മാത്രമേ ചികിത്സ പൂർത്തിയാക്കാനാകൂ.

ആദ്യ ഘട്ടം ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ് വിശ്രമത്തിൽ ആയിരിക്കുമ്പോളാണ് തലച്ചോറിൽ ട്യൂമറോടെ രണ്ടാം ഘട്ടം ക്യാൻസർ അനുപ്രിയയെ പിടികൂടിയത്. നൊന്തുപെറ്റ കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും പറ്റാത്തതിന്റെ വിഷമത്തിലാണ് അനുപ്രിയയെന്ന ഈ യുവതി. തന്റെ നാലുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് അവളുടെ അമ്മയെ കണ്ടിട്ട് ദിവസങ്ങളായി. കർഷകരായ മാതാപിതാക്കൾ അനുവിന്റെ ചികിത്സയ്ക്കായി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു കഴിഞ്ഞു. കടംവാങ്ങിയും കിടപ്പാടം വിറ്റും 27 ലക്ഷംരൂപയിലധികം മുടക്കിയ ഇവർ ഇനിയുള്ള ചികിത്സ എങ്ങനെ കൊണ്ടുപോകുമെന്നറിയാതെ വീർപ്പുമുട്ടുകയാണ്. ബന്ധുക്കളും നാട്ടുകാരുമെല്ലാം തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുന്നുണ്ടെങ്കിലും ചികിത്സയ്ക്ക് ഇനിയും വൻതുക ആവശ്യമാണ്.

ഗർഭിണിയായിരിക്കെ അനുവിന് ഇടയ്ക്കുവന്ന ചുമയിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം. ചുമ കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കാൻസറാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് നേരെ ആലുവ രാജഗിരിയിൽ പ്രവേശിപ്പിച്ചു. എത്രയും പെട്ടെന്ന് കീമോ തെറാപ്പി തുടങ്ങണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും എട്ടുമാസം ഗർഭിണിയായിരുന്നത് കാര്യങ്ങൾ വഷളാക്കി. ഒടുവിൽ കുട്ടിയെ പുറത്തെടുത്താണ് കീമോ തുടങ്ങിയത്. ലക്ഷങ്ങൾ മുടക്കിയ അഞ്ചോളം കീമോതെറാപ്പികൾക്കും റേഡിയേഷനും ശേഷം വീട്ടിൽ വിശ്രമിക്കുമ്പോഴാണ് വിധി വീണ്ടും വില്ലനായെത്തുന്നത്.

ഇടയ്ക്കു ക്ഷീണംതോന്നി വീണ്ടും ചെക്കപ്പിന് ചെന്നപ്പോഴാണ് തലച്ചോറിൽ ട്യൂമർ വളരുന്നതായി പരിശോധനയിൽ തെളിഞ്ഞത്. ട്യൂമർ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കും ലക്ഷങ്ങൾ ചിലവായി. തുടർ ചികിത്സക്ക് 50 ലക്ഷത്തോളം രൂപ ഇനിയും വേണം. ഈ തുക എങ്ങനെ കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് ഈ കുടുംബം. അനുപ്രിയയുടെ ചികിത്സാചെലവ് കണ്ടെത്തുന്നതിനായി ചികിത്സാസഹായനിധി രൂപീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് മുരിക്കാശേരിയിലെ നാട്ടുകാർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close