
വാഷിങ്ടന്‍: 27 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കാനോരുങ്ങി മൈക്രോസോഫ്റ്റ് സ്ഥാപകനും കോടീശ്വരന്മാരില് ഒരാളുമായ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും. 27 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാന്‍ സാധിക്കാത്തതിനാലാണ് വേര്‍പിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നും ഇരുവരും ചേര്‍ന്ന് പുറപെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഒരുപാട് ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ശേഷമാണ് തീരുമാനമെടുത്തതെന്നും ദമ്പതികള്‍ പറഞ്ഞിട്ടുണ്ട്.അതിസമ്പന്നരായ ദമ്പതികളുടെ സമ്പാദ്യം ഏകദേശം 130 ബില്യണ്‍ ഡോളറാണ്.
വേര്‍പിരിയുമെങ്കിലും ബില്‍- മെലിന്‍ഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇരുവരും അറിയിച്ചു. ഇരുവരുടെയും സമ്പാദ്യത്തിന്റെയും നല്ലൊരു തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാറ്റിവയ്ക്കുന്നത്. നേരത്തെ അതിസമ്പന്നനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസും മക്കന്‍സി സ്കോടും വിവാഹമോചിതരായിരുന്നു. 2019ല്‍ വിവാഹ മോചനം നേടുന്നതിന് മുന്‍പ് ജെഫ് ബെസോസ് ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ധനികന്. എന്നാല്‍ വിവാഹമോചന കരാര്‍ പ്രകാരം സമ്പത്തിന്റെ 4% മക്കന്‍സിക്ക് നല്‍കേണ്ടി വന്നിരുന്നു.