KERALANEWS

പ്രവാസിയായ വനിതാ ഡോക്ടറുമായി മലയിൻകീഴ് സിഐ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത് വിവാഹ വാ​ഗ്ദാനം നൽകി; പരാതി നൽകിയിട്ടും കേസ് എടുക്കാതിരുന്ന പൊലീസ് നടപടി എടുത്തത് സംഭവം വാർത്തയായതോടെ; എ വി സൈജുവിന് മുൻകൂർ ജാമ്യവും

കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിന് മുൻകൂർ ജാമ്യം. തന്നെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പ്രവാസിയായ യുവതി പരാതി നൽകിയതിന് പിന്നാലെയാണ് സൈജു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് എടുത്തതിന് പിന്നാലെ എ.വി.സൈജുവിനെതിരെ വകുപ്പ്തല നടപടി ഉണ്ടായിരുന്നു. സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. സൈജു നിലവിൽ അവധിയിലാണ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു.

ഭർത്താവിനൊപ്പം വിദേശത്തു കഴിയുകയായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് വിവാഹിതനായ സൈജുവുമായി പരിയപ്പെട്ടത്. പരാതിക്കാരി തന്റെ പേരിലുള്ള കടകൾ മറ്റൊരാൾക്ക് വാടകയ്ക്കു നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്. 2019ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോൾ വീട്ടിലെത്തിയ സൈജു പീ‍ഡിപ്പിച്ചുവെന്നാണ് പരാതി.

വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വധഭീഷണി മുഴക്കിയെന്നുമാണു പരാതി. എ.വി. സൈജുവിനെ അറസ്റ്റ് ചെയ്യാനോ സസ്‌പെന്റ് ചെയ്യാനോ തയാറാകാതെ കേരള ആഭ്യന്തരവകുപ്പ് തയ്യാറാകുന്നില്ല. സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് ശബ്ദമുയർത്തേണ്ട കേരളത്തിന്റെ കാവലാളുകൾ തന്നെ ഇത്തരത്തിൽ സ്ത്രീകൾക്ക് എതിരെ അതിക്രമങ്ങൾ അഴിച്ചു വിടുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയാകുന്നത്.

പീഡനത്തിന് ഇരയായ ഡോക്ടറുടെ പരാതി പോലും സ്വീകരിക്കാതെ ഉന്നതർ ഉരുണ്ടുകളിച്ചതിന് പിന്നാലെ വിവരം വാർത്തയായപ്പോൾ മാത്രമാണ് ഈ സംഭവത്തിൽ കേസെടുക്കാൻ പോലും തയ്യാറായത്. ഇടതുപക്ഷ അനുകൂല പൊലീസ് അസോസിയേഷന്റെ നേതാവുകൂടിയായ സിഐ സൈജുവിനെതിരെ കേസ് വന്നതിനു പിന്നാലെ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയിരിക്കുകയാണ്. അതും മലയിൻകീഴിൽ നിന്ന് വെറും 15 കിലോമീറ്റർ അകലെ തിരുവനന്തപുരം നഗരത്തിലെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക്.

അബുദാബിയിൽ ഡോക്ടറായി പ്രവർത്തിക്കുന്നതിനിടെ നാട്ടിൽ എത്തിയ യുവതി ഒരു കേസുമായി ബന്ധപ്പെട്ടാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ 2019 ഓഗസ്റ്റിൽ എത്തുന്നത്. അന്ന് സ്റ്റേഷനിൽ എസ്ഐ ആയിരുന്നു ഇപ്പോൾ കേസിൽ പ്രതിസ്ഥാനത്തുള്ള സിഐ സൈജു. മൊബൈൽ നമ്പർ വാങ്ങി കെണിയിൽ വീഴ്‌ത്തുകയായിരുന്നു ഉദ്യോഗസ്ഥനെന്നും വനിതാഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു. വിദേശത്ത് ഡോക്ടറായിരുന്നു പരാതിക്കാരി. വിവാഹം കഴിഞ്ഞ് പത്ത് വർഷമായിട്ടും മക്കളില്ലായിരുന്നു. അങ്ങനെ നാട്ടിൽ ചികിൽസയ്ക്കായി എത്തി. പിന്നീട് ഭർത്താവ് മടങ്ങുകയും ചെയ്തു. ഇതിനിടെയാണ് വില്ലനായി പോലീസുകാരൻ എത്തുന്നത്. ഇവർക്ക് ആ പൊലീസ് സ്റ്റേഷൻ പരിധിയിൽ കട മുറികളുണ്ടായിരുന്നു. അത് ചിലർക്ക് വാടകയ്ക്ക് നൽകി. ചില പ്രശ്നങ്ങളെ തുടർന്ന് അവരോട് ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് വഴങ്ങിയില്ല. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിന് മുമ്പിലെത്തുന്നത്.

പൊലീസിന്റെ ഇടപെടലിൽ കടമുറി പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെ സൈജുവിന്റെ പെരുമാറ്റവും സ്വഭാവവും മാറിയെന്ന് പരാതിയിൽ പറയുന്നു. പരാതി നൽകിയ സമയം മൊബൈൽ നമ്പർ വാങ്ങിയിരുന്നു. എന്നാൽ കേസ് തീർന്നതിന് ശേഷവും സൈജു നിരന്തരം ഫോണിലൂടെയും വാട്സ്ആപിലൂടെയും ബന്ധപ്പെട്ടു. അങ്ങനെ പരിചയം ശക്തമായതിന് പിന്നാലെ കേസിൽ പ്രശ്നപരിഹാരം ഉണ്ടാക്കിത്തന്നതിന് ട്രീറ്റ് വേണമെന്നായി ആവശ്യം.

അന്നേരം ഞാൻ സർജറി കഴിഞ്ഞ് വീട്ടിൽ കഴിയുകയായിരുന്നു. ഇതിനിടെ ഭർത്താവ് വിദേശത്തേക്ക് തിരികെ പോയി. 2019 ഒക്ടോബർ മൂന്നിന് രാത്രി ഒമ്പതുമണിയോടെ ഡിന്നർ കഴിക്കാൻ എന്നുപറഞ്ഞ് സൈജു വീട്ടിൽ വന്നു. നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസമാണ് എന്ന് പറഞ്ഞിരുന്നു. ആഹാരം കഴിക്കുന്നതിനിടെ വൈകാരികമായി ഇടപെട്ടു തുടങ്ങി. പിന്നീട് ബലപ്രയോഗത്തിലൂടെ എന്നെ കീഴ്പ്പെടുത്തി. സർജറി കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറഞ്ഞിട്ടും പോലും എന്റെ എതിർപ്പ് വകവയ്ക്കാതെ തന്നെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു – ഡോക്ടർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പിന്നീട് പലവട്ടം തന്നെ വീട്ടിലെത്തി പീഡിപ്പിച്ചെന്നും താൻ ഭാര്യയുമായി പിണക്കത്തിലാണെന്നും അവരുമായി ബന്ധം വേർപെടുത്തി തന്നെ കല്യാണം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഡോക്ടർ പരാതിയിൽ പറയുന്നു. പിന്നീട് തന്റെ കുടുംബം തകർന്നു. ഭർത്താവ് ഉപേക്ഷിച്ചു. മാതാപിതാക്കൾ മരിച്ച താൻ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായി. ഇതിനിടെയും പലകുറി സിഐ വീട്ടിൽ വന്നു. ഇതിനിടെ തന്നിൽ നിന്ന് പലതവണയായി ലക്ഷങ്ങൾ വാങ്ങുകയും ചെയ്തു.

കൊല്ലത്തെ ബാങ്കിലെ നിക്ഷേപം പിൻവലിപ്പിച്ച് പള്ളിച്ചലിലെ ഒരു ബാങ്കിൽ നിക്ഷേപിക്കാൻ നിർബന്ധിച്ചു. അതിൽ നോമിനിയായി സൈജുവിന്റെ പേരാണ് നൽകിയിട്ടുള്ളത്. എൽഎൽബിക്ക് ഫീസടയ്ക്കാൻ എന്ന പേരിലുൾപ്പെടെ പലതവണ പണം തന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ജനുവരി 24ന് എന്റെ വീട്ടിൽ വന്ന് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വന്നതാണെന്നാണ് പറഞ്ഞത്. അതിന് ഞാൻ വഴങ്ങിയില്ല. മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളപ്പോൾ ഇങ്ങനെ തുടരാൻ പറ്റില്ലെന്ന് പറഞ്ഞു. അന്ന് ദേഷ്യപ്പെട്ട് മടങ്ങിപ്പോയി.

ഇതിന് പിന്നാലെ ഫോണിൽ നിരന്തരം വിളിച്ചെങ്കിലും ഞാൻ എടുത്തില്ല. തുടർന്ന് നാലുദിവസം കഴിഞ്ഞ് 28ന് വീട്ടിൽ വന്ന് ബലപ്രയോഗത്തിലൂടെ തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. വഴങ്ങിയില്ല. തുടർന്ന ഈ വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിയായി. അദ്ദേഹത്തിന്റെ ഭീഷണി ഇതിനകം തികച്ചും അനാഥയായിക്കഴിഞ്ഞിരുന്ന എന്നെ മാനസികമായി തകർത്തു. രക്തസമ്മർദ്ദം കൂടി. പിറ്റേന്ന് ഞാൻ പാങ്ങോട് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായി. – ഡോക്ടർ പരാതിയിൽ പറയുന്നു.

ഏറെക്കാലം പീഡനമേറ്റ ഡോക്ടറിൽ നിന്ന് പരാതി പോലും സ്വീകരിക്കാതെ അവരെ വട്ടും ചുറ്റിച്ച ശേഷം ഒടുവിൽ സംഭവം വാർത്തയായതിന് പിന്നാലെയാണ് കേസെടുക്കാൻ പോലീസ് തയ്യാറായത്. ഏതായാലും കേസ് വന്നതിന് പിന്നാലെ കേസിൽ നിന്ന് രക്ഷപ്പെടാനും വാദിയെ പ്രതിയാക്കാനുമുള്ള നീക്കങ്ങൾ പ്രതി സൈജുവിന്റെ നേതൃത്വത്തിൽ തുടങ്ങിയതായ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. തനിക്കെതിരെ ഉയർന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ഡോക്ടറുമായും അവരുടെ ഭർത്താവുമായും നല്ല സൗഹൃദമാണ് ഉണ്ടായിരുന്നതെന്നുമാണ് സൈജു ഉന്നയിക്കുന്ന വാദം.

ഇവരുടെ പെരുമാറ്റ രീതി മോശമാണെന്നും ഡോക്ടറും അവരുടെ പേരിൽ മറ്റുചിലരും തന്നെ ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ട് സമീപിച്ചെന്നും ഇതിനെതിരെ താനും ഭാര്യയും കഴിഞ്ഞമാസം റൂറൽ എസ്‌പിക്ക് പരാതി നൽകിയിരുന്നുവെന്നും ആണ് ഇപ്പോൾ പീഡനക്കേസ് വന്നതിന് പിന്നാലെ പ്രതി സൈജു ഉയർത്തുന്ന വാദം. എന്നാൽ സിഐ റാങ്കിലെ ഒരു ഉദ്യോഗസ്ഥനും ഭാര്യയും തങ്ങൾക്കെതിരെ ഭീഷണി ഉണ്ടായതായി റൂറൽ എസ്‌പി സ്ഥാനത്തുള്ള ഒരു ഉന്നത മേലുദ്യോഗസ്ഥന് പരാതി നൽകി ഒരുമാസമായിട്ടും അതിൽ ഇതുവരെ ഒരു കേസ്പോലും എടുക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാണ്. ഇത്തരമൊരു പരാതി ലഭിച്ചെങ്കിൽ എന്തുകൊണ്ട റൂറൽ എസ് പി അതിൽ ഒരു അന്വേഷണം പോലും നടത്തിയില്ലെന്ന് പീഡനത്തിനിരയായ വനിതാ ഡോക്ടറും ചോദിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close