INSIGHTNEWS

മക്കളെ പാലൂട്ടി വളർത്തും; കുഞ്ഞുങ്ങൾക്കായി വിശന്നിരിക്കും; സൈനിക പ്രവർത്തനത്തിൽ ഉൾപ്പെടെ മുന്നിട്ട് നിന്നവർ; അറിയാം പ്രാവുകളെക്കുറിച്ച് കൂടുതൽ

പ്രാവുകളെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ആരും സ്വന്തം വീടുകളിലേക്ക് കൂടുകൂട്ടാൻ സ്വാഗതം ചെയാൻ സാധ്യതയില്ലാത്ത ഒരു പക്ഷിയാണ്‌ അത്. ആര്‍ക്കിടെക്റ്റല്‍ അത്ഭുതമായ തുന്നാരന്റേയും മറ്റും കൂട് കണ്ട അമ്പരപ്പല്ല പ്രാവിന്റെ കൂട് കണ്ടാല്‍ ഉണ്ടാവുക. ഒട്ടും ഭംഗിയില്ലാത്ത, ചുള്ളിക്കമ്പുകളും ചപ്പു ചവറും ചറപറ നിരത്തിയിട്ട വൃത്തികെട്ട പടപ്പാണിവരുടെ കൂട്. കൂടിനു ചുറ്റും കാഷ്ടിച്ച് വെച്ച് അലങ്കോലമാക്കീട്ടും ഉണ്ടാകും.

ഗ്രീറ്റിങ്ങ് കാര്‍ഡുകളിലും വര്‍ണ കലണ്ടറുകളിലും ചിത്രകാരന്മാര്‍ വരച്ചുവെച്ച റൊമാന്റിക്ക് ഇണപ്രാവുകളെപ്പോലെ കൊക്കുരുമ്മി കണ്ണില്‍ കണ്ണില്‍ നോക്കി ഇരിക്കുന്ന പാവങ്ങളല്ല ശരിയ്ക്കും ഉള്ള ഇണപ്രാവുകള്‍. ഇവരുടെ പ്രണയ ചേഷ്ടകള്‍ ഒട്ടും സൗമ്യവും നിശബ്ദവും നയനാനന്ദകരവും അല്ല. പരസ്പരം തല്ലുക്കൂടി വഴക്കടിക്കുന്നതുപോലെ ഇടയ്ക്ക് കൊത്തിയും പിടച്ചും തള്ളിയും പുളച്ച് ബഹളം കൂട്ടിയും കൂട്ടിലെ കമ്പും തൂവലും ചിതറിപ്പിച്ചുള്ള ചലപില സ്വഭാവം. ജോഡികള്‍ അടുത്തടുത്ത് കൂടുകളുണ്ടാക്കും.

സ്വന്തം കൂട്ടിലല്ലാതെയും കയറി ഇരുന്നു ബഹളം വെക്കും. തല്ലുകൂടും. കൂര്‍ക്കം വലിക്കും പോലെ ഗൂര്‍.. ഗൂര്‍.. ഗൂര്‍.. എന്ന് പ്രണയാര്‍ദ്ര ശബ്ദങ്ങള്‍ പരസ്പരം കൈമാറും. മറ്റ്പക്ഷിക്കൂടുകള്‍ പോലെ കൂട്ടിലെ കമ്പുകളും വൈക്കോലും ഏതെങ്കിലും വിധത്തില്‍ ചേര്‍ത്ത് കുരുക്കി വെക്കാത്തതിനാല്‍ ഇവയുടെ അലമ്പ്കളിമൂലം ഇടക്കിടെ അതിലെ കമ്പുകള്‍ താഴെ വീണുകൊണ്ടിരിക്കും. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ ആയാല്‍ അവയും കൂടി കാഷ്ടിച്ച് ഇട്ടത് കമ്പുകളില്‍ ചേര്‍ന്ന് ഒട്ടി ബലമുണ്ടാകുന്നത് മാത്രമാണ് കൂടിന്റെ ഏക ശക്തി. മുകളില്‍ മാത്രമല്ല കിണറുകളുടെ ഉള്ളിലെ വക്കുകളിലും ഇവര്‍ കൂടുകെട്ടും. വെള്ളം അഴുക്കാകാന്‍ പിന്നൊന്നും വേണ്ട.

ഒലിവിലയും ചുണ്ടില്‍ കൊത്തി പറന്നുവരുന്ന ‘സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍’ യുദ്ധവിരുദ്ധ പോസ്റ്ററുകളില്‍ ചെറുപ്പം മുതല്‍ കണ്ട് ശീലമാണെങ്കിലും ‘പ്രാവും യുദ്ധവും തമ്മില്‍ എന്ത്?’ എന്ന കാര്യം എല്ലാവര്‍ക്കും അത്ര ധാരണയൊന്നും ഇല്ല. ചില രാഷ്ട്രീയ നേതാക്കള്‍ എന്തിനാണ് നാട്ടുകാരുടെ മുന്നില്‍ വെച്ച് പ്രാവുകളെ ആകാശത്തേക്ക് പറത്തിവിടുന്ന ചടങ്ങുകള്‍ നടത്തുന്നത് എന്നതും അത്രകണ്ട് വ്യക്തതയുള്ള കാര്യമല്ല.

മഹാപ്രളയത്തിനുശേഷം എവിടെയെങ്കിലും കരയുണ്ടോ എന്നറിയാനായി നോഹയുടെ പേടകത്തില്‍ നിന്നും പറത്തിവിട്ട പ്രാവ് കൊക്കില്‍ ഒലിവിലയും ആയി തിരിച്ച് വരുന്നതായി ബൈബിൾ കഥകളില്‍ ഉണ്ടല്ലൊ. പ്രതീക്ഷയുടെ, സമാധാനത്തിന്റെ ചിഹ്നം ആയി ഒലിവിലയുമായി പറക്കുന്ന പ്രാവ് അങ്ങിനെ വന്നതാണ്. . ദൈവത്തിന്റെ ആത്മാവ് പ്രാവിന്റെ രൂപത്തില്‍ പറന്നു വരുന്നതൊക്കെ ബൈബിളില്‍ പറയുന്നുണ്ട്. ഗുഹയില്‍ പ്രവാചകന്‍ മുഹമ്മദ് ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് തോന്നാതിരിക്കാന്‍ തൗര്‍ ഗുഹാമുഖത്ത് ഇണപ്രാവുകള്‍ വളരെപെട്ടന്ന് കൂടുകൂട്ടി മുട്ടയിട്ട് വെച്ചും ചിലന്തികള്‍ വലനെയ്തും വെച്ചത്രെ.

ഇങ്ങനെ ഗുഹയ്ക്കകത്ത് ആരും തൊട്ടടുത്ത സമയത്തൊന്നും കയ്യറീട്ടില്ല എന്നു ശത്രുക്കളെ തോന്നിപ്പിക്കാന്‍ സഹായിച്ച് പറ്റിച്ചു എന്നും വിശ്വാസമുണ്ട്. ദാനധര്‍മ്മിഷ്ടനായ ശിബി ചക്രവര്‍ത്തിയെ പരീക്ഷിക്കാനായി അഗ്‌നി ദേവന്‍ പ്രാവിന്റെ രൂപത്തില്‍ പാറിവന്ന് ശിബിയുടെ അരികില്‍ വന്ന് അഭയം തേടിയെന്നും, പിറകെ പരുന്തിന്റെ രൂപത്തില്‍ ഇന്ദ്രനും വന്നെന്നാണ് ഒരു കഥ. തന്റെ ഭക്ഷണം തിരിച്ച് തരണം എന്ന് പരുന്ത് പറഞ്ഞപ്പോള്‍ അഭയം തേടിയ ആളെ താന്‍ ഉപേക്ഷിക്കില്ല എന്നും പകരം പ്രാവിന്റേതിന് തുല്യ മാംസം തന്റെ തുടയില്‍ നിന്ന് ചെത്തിയെടുത്ത് തരാം എന്നും പറയുന്നു. പക്ഷെ എത്ര മാംസം ചെത്തീട്ടും പ്രാവിന്റെ ഭാരത്തിന് ഒപ്പം എത്താഞ്ഞപ്പോള്‍ സ്വയം തന്നെ ഭക്ഷിച്ചോളാന്‍ ശിബി പറയുന്നതായാണ് കഥ.

തെരുവു മാജിക്ക്കാരുടെ ഏറ്റവും ഇഷ്ട ഐറ്റങ്ങളിലൊന്നാണല്ലോ ഒഴിഞ്ഞ തൊപ്പിയില്‍ നിന്നും പ്രാവുകളെ എടുത്ത് കാണിക്കുക എന്നത്. നഗര ചത്വരങ്ങളില്‍ കൂട്ടമായി എത്തുന്ന പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നതും ചിലരുടെ ഇഷ്ടങ്ങളിലൊന്നാണ്. പലമഹാന്മാരും മരണശേഷവും പ്രാവുകള്‍ കൊണ്ടുള്ള ശല്യം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. പട്ടണങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ എല്ലാം പ്രാവുകള്‍ക്ക് കാഷ്ടിക്കാനായി ഇവരുടെ പ്രതിമകള്‍ ഉണ്ടാകും. വൃത്തികേടാക്കുന്നതിനാലും പലതരം ഉയരങ്ങളില്‍ ഘടിപ്പിച്ച പല ഉപകരണങ്ങളും കേടാക്കുന്നതിനാലും പ്രാവുകളെ കൊണ്ടു വലിയ തോതിലുള്ള ശല്യം പലയിടങ്ങളിലും ഉണ്ട്. ഇവയെ ഓടിക്കാന്‍ പലതരത്തിലുള്ള സജ്ജീകരണങ്ങള്‍ നടപ്പിലാക്കി നോക്കുമെങ്കിലും പ്രാവുകള്‍ അത്രവേഗമൊന്നും പിന്തിരിയില്ല. ഇവര്‍ക്ക് വന്നിരിക്കാന്‍ പറ്റാത്ത വിധം നീളന്‍ ആണികള്‍ കുത്തനെ നിരത്തിപ്പതിച്ചും വലകള്‍ കൊണ്ട് തടഞ്ഞും ചെറിയ തോതില്‍ ഷോക്കടിപ്പിച്ചും ഒക്കെ പലതും ചെയ്തുനോക്കാറുണ്ട്.

വാത്തുകള്‍ക്കും കോഴികള്‍ക്കും ഒപ്പം മനുഷ്യര്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ പക്ഷികളിലൊന്ന് പ്രാവുകളാണ്. പതിനായിരം വര്‍ഷം മുമ്പ് തന്നെ പ്രാവുകളെ ഇണക്കി വളര്‍ത്താന്‍ മനുഷ്യര്‍ തുടങ്ങിയിരുന്നു എന്നാണ് കരുതപ്പെടുന്നത്. എങ്കിലും എവിടെ ഏതുകാലത്താണ് ആദ്യമായി പ്രാവുകളെ ഇണക്കിവളര്‍ത്താന്‍ തുടങ്ങിയത് എന്നതിന് കൃത്യമായ തെളിവുകള്‍ ഇല്ല. Columbidae എന്ന പക്ഷി കുടുംബത്തിലാണ് പ്രാവുകള്‍ ഉള്‍പ്പെടുക. കൊടും ചൂടുള്ള സഹാറമരുഭൂമിയിലും അന്റാര്‍ട്ടിക്ക് പ്രദേശത്തും ആര്‍ട്ടിക്കിലും ഒഴികെ സര്‍വ പ്രദേശങ്ങളിലും ഇവര്‍ ഉണ്ട്. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഭൂമിയില്‍ ഒരുവിധം എല്ലായിടത്തും കാണുന്ന പക്ഷികളിലൊന്ന് പ്രാവുകളാണ്. അന്‍പത് ജനുസ്സുകളിലായി 344 സ്പീഷിസുകള്‍ ആണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. വലിപ്പം കുറഞ്ഞ ഇനങ്ങളെ ഡോവ് (doves) എന്നും വലിയവയെ പീജിയണ്‍ (pigeons) എന്നും ഇംഗ്ലീഷില്‍ പൊതുവായി പറയാറുണ്ടെങ്കിലും ഇത്തരം ഒരു വിഭജനം എല്ലാ നാട്ടിലും ഇല്ല.

ഇവയിലെ വളര്‍ത്ത് പ്രാവുകളെ Columba livia domestica എന്ന സബ് സ്പീഷിസ് ആയാണ് കണക്കാക്കുന്നത്. വളര്‍ത്ത് പക്ഷികള്‍ തിരിച്ച് പുറത്തേക്ക് പോയി ഫെറല്‍ പ്രാവുകളായി ജീവിക്കുകയും ചെയ്യും. .പല പ്രത്യേകതകള്‍ ഉള്ളവ പരസ്പരം ഇണചേര്‍ന്ന് ഉണ്ടായ ആയിരത്തോളം ബ്രീഡുകള്‍ നിലവില്‍ ഉണ്ട്. നീലഛായയുള്ള ചാരനിറമാണ് അമ്പലപ്രാവുകള്‍ക്ക്. കഴുത്തിലും മാറത്തും ഊത, ചുകപ്പ്,പച്ച എന്നീ നിറങ്ങളുടെ വര്‍ണരാജിമിശ്രണമുള്ള മയില്‍ നിറം കാണാം. പൂട്ടിയ ചിറകുകളില്‍ മങ്ങിയ കറുപ്പ് പട്ടകള്‍ കാണാം. പഴയ കെട്ടിടങ്ങള്‍ കോട്ടകള്‍ അമ്പലങ്ങള്‍ പള്ളിമിനാരങ്ങള്‍ ഗോപുരങ്ങള്‍ ഒക്കെ ഇവര്‍ ഇഷ്ടപ്പെടുന്നെങ്കിലും ഇവരുടെ കൂട്ടങ്ങള്‍ പാറക്കെട്ടുകളിലും മറ്റുമാണ് ഏറ്റവും കൂടുതലായി ഉള്ളത്. അതിനാലാണ് ഇവര്‍ക്ക് കല്‍ പ്രാവുകള്‍( rock dove, rock pigeon) എന്നും പേരുള്ളത്. കിണറുകളുടെ ഉള്ളിലും ഇവ കൂടു കെട്ടും. ഇരിക്കാന്‍ ഒരു തട്ട് കിട്ടിയാല്‍ അവിടെ കൂടുകെട്ടിക്കളയും. വാലിലെ തൂവലുകള്‍ എല്ലാം ഒരേ നീളമായതിനാല്‍ തുറന്നു പിടിച്ചാല്‍ കൂര്‍ത്ത ആകൃതിയല്ല ഉണ്ടാകുക. നമ്മുടെ നാട്ടില്‍ കാണുന്ന മറ്റൊരിനം പ്രാവുകളാണ് അരിപ്രാവുകള്‍.. പുള്ളിപ്രാവ് എന്നും വിളിക്കുന്ന ഇവരുടെ ശാസ്ത്രനാമം Spilopelia chinensis എന്നാണ്. പുറവും ചിറകുകളുടെ മുന്‍പകുതിയും തവിട്ടു നിറമുള്ളതില്‍ ഇളം റോസ് നിറമുള്ള വട്ടപ്പുള്ളികളും നീണ്ട വാലും ആണ് ഈ പ്രാവുകളുടെ പ്രത്യേകത. കുക്കൂ- ക്കൂര്‍-കൂര്‍-കൂര്‍-കൂര്‍ എന്ന വിധത്തില്‍ താളത്തില്‍ മനോഹരമായി കുറുകി കൊണ്ടിരിക്കും

തുറന്ന പാടത്തും പറമ്പുകളിലും പ്രാവുകള്‍ കൂട്ടമായാണ് ഇരതേടുക. ധാന്യമണികള്‍ കൊത്തിതിന്നാനായി എത്തുന്ന പ്രാവിങ്കൂട്ടം കൃഷിക്കാരുടെ പേടികളില്‍ ഒന്നാണ്. നാല്‍പ്പതും അന്‍പതും എണ്ണം ചേര്‍ന്നുള്ള സംഘങ്ങള്‍ അതി വേഗം പറന്നുപോകും അസ്ത്രം പോലെ പറന്നുപോകുന്ന കൂട്ടം പെട്ടന്ന് ബ്രേക്കിട്ടപോലെ എല്ലാ പക്ഷികളും ഒന്നിച്ച് തിരിഞ്ഞ് ഒഴുകിയിറങ്ങും. മണ്ണിലിറങ്ങി ധാന്യങ്ങളും വിത്തുക്ജളും ഭക്ഷണമാക്കുന്നവയും മരങ്ങളിലെ പഴങ്ങളും മറ്റും പ്രധാന ഭക്ഷണമാക്കുന്നവയുമായി പ്രാവിനങ്ങളെ രണ്ടായി തിരിക്കാന്‍ പറ്റും. ഇതുകൂടാതെ പല പ്രാവിനങ്ങളും പലതരം കീടങ്ങളേയും പ്രാണികളേയും ഭക്ഷണമാക്കും.

കുഞ്ഞുങ്ങളെ പാലൂട്ടുന്നവർ

പ്രത്യേകമായ ഇണചേരല്‍ കാലം ഒന്നും ഇവര്‍ക്കില്ല. ഏതുകാലത്തും ഇവ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തും. അന്‍പത് മുതല്‍ അഞ്ഞൂറുവരെയുള്ള കൂട്ടങ്ങളായി കഴിയാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍ ഇണചേരുന്ന സമയവും കുഞ്ഞുങ്ങളെ വളര്‍ത്തുന്ന സമയവും ഇരട്ടകളായി സധാസമയവും കാണാം. 17-19 ദിവസം കൊണ്ട് മുട്ടകള്‍ വിരിയും. കാഴ്ചയില്‍ ഒട്ടും ഭംഗിയില്ലാത്ത മാംസപിണ്ഡം പോലുള്ള കുഞ്ഞുങ്ങളാണ്. ഒരു ഇണചേരല്‍ കാലം രണ്ട് മുട്ടകള്‍ മാത്രമിട്ട് വിരിയിച്ച് ആണും പെണ്ണും ചേര്‍ന്ന് കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്തുന്ന രീതിക്കാരാണ്. മുലപ്പാലല്ല, തൊണ്ടയിലെ ഒരു ഗ്രന്ഥിയില്‍ നിന്നും ഊറിവരുന്ന വെളുത്ത്‌കൊഴുത്ത ദ്രവമായ ക്രോപ് മില്‍ക്ക് കക്കി തികട്ടി പുറത്തെടുത്ത് കൊക്കിലാക്കി കുഞ്ഞിന് പകര്‍ന്നു നല്‍കുന്നതാണ് ശീലം. ഇതു മാത്രമാണ് ആദ്യ അഴ്ചയിലെ ഏക ഭക്ഷണം. ഈ സമയം കുഞ്ഞിനു കൊടുക്കുന്ന ഭക്ഷണത്തില്‍ ദഹിക്കാന്‍ വിഷമമുള്ള വിത്തുകളുടേയും ധാന്യത്തിന്റെയും അംശം അബദ്ധത്തില്‍ പെടാതിരിക്കാന്‍ അച്ഛന്‍ പ്രാവും അമ്മ പ്രാവും വേറെ ഭക്ഷണം ഒന്നും കഴിക്കില്ല. രണ്ട് കുഞ്ഞുങ്ങളെ പോറ്റാനുള്ള ദ്രവം മാത്രമേ രണ്ടുപേര്‍ക്കും കൂടി ഉണ്ടാകുകയുള്ളു. അതിലധികം കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ പട്ടിണികിടന്ന് ചാവേണ്ടിവരും എന്നതിനാലാവാം രണ്ട് മുട്ട മാത്രം ഇടുന്ന ശീലം പരിണാമപരമായി ഉണ്ടായത്. ഒരേ സമയം ഒറ്റൊരു ഇണയുമായി മാത്രം ചേര്‍ന്ന് ജീവിക്കുന്ന മോണോഗമസ് സ്വഭാവക്കാരാണിവര്‍. എങ്കിലും അപൂര്‍വ്വം ആണ്‍ പ്രാവുകള്‍ മറ്റ് പെണ്‍പ്രാവുകളുമായി ഇണചേരാറും ഉണ്ട്.

പ്രാവുകളുടെ വെള്ളം കുടി മറ്റ് സാധാരണ പക്ഷികളെ പോലെ അല്ല . മറ്റ് പക്ഷികൾ ഇത്തിരി വെള്ളം കൊക്കില്‍ വലിച്ചെടുത്ത് തല ഉയര്‍ത്തി അത് ഇറക്കിയ ശേഷം വീണ്ടൂം കൊക്ക് വെള്ളത്തില്‍ താഴ്തി കുടിക്കുകയാണല്ലോ ചെയ്യുക. പ്രാവ് സ്ട്രോ വെച്ച് കുടിക്കും പോലെ കൊക്ക് താഴ്ത്തി ഒരേ കുടിയാണ്.

പ്രാവുകളേയും കുഞ്ഞുങ്ങളേയും മുട്ടകളേയും തിന്നാന്‍ ഇഷ്ടം പോലെ ഇരപിടിയന്മാര്‍ ചുറ്റും എപ്പഴും ഉണ്ടാകും. പൂച്ചകളും പാമ്പുകളും മൂങ്ങകളും പരുന്തുകളും ഒക്കെ ഇവരുടെ സ്വാഭാവിക ശത്രുക്കള്‍ തന്നെയാണ്. മനുഷ്യര്‍ പണ്ട് മുതലേ പ്രാവിറച്ചി ഇഷ്ടക്കാരായതിനാല്‍ പറയുകയും വേണ്ട. പറന്ന് രക്ഷപ്പെടലല്ലാതെ വേറെ പ്രതിരോധങ്ങള്‍ ഒന്നും ഇവര്‍ക്കില്ല. ശത്രുവിന്റെ പിടുത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ പെട്ടന്ന് പൊഴിയുന്ന, കട്ടിയില്‍ ഉള്ള രോമങ്ങള്‍ സഹായിക്കും. വളരെ അയഞ്ഞ രീതിയിലാണ് തൊലിയും രോമങ്ങളും ഉണ്ടാകുക. പിടിക്കൂടുമ്പോഴേക്കും ധാരാളം രോമം ഇരപിടിയന്റെ വായില്‍ നിറയുന്നതിനാല്‍ , അതിന്റെ ജഗപൊഹയില്‍ ചിലപ്പോള്‍ തടി രക്ഷപ്പെട്ടെന്നും വരും. ചില അവസരങ്ങളില്‍ ശത്രുവിന്റെ ശ്രദ്ധ തെറ്റിക്കാന്‍ വാല്‍തൂവലുകള്‍ പൊഴിച്ചിടുന്ന ശീലവും പ്രാവുകള്‍ക്ക് ഉണ്ട്.

സൈനിക സേവനം പോലെ ഉയർന്ന പദവികൾ നടത്തിയിരുന്നവർ

പോലീസിലും മറ്റും നായകള്‍ക്ക് പദവികള്‍ ഉള്ളതുപോലെ ഒരു കാലത്ത് സൈനിക സേവനം നടത്തിയിരുന്ന പ്രാവുകള്‍ക്കും ഉയര്‍ന്ന പദവികള്‍ നല്‍കിയിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ ഫ്രാന്‍സിലുള്ള അമേരിക്കന്‍ സേനകള്‍ ‘പ്രിയ ചങ്ങാതി എന്ന അര്‍ത്ഥമുള്ള Cher Ami എന്ന പേരുള്ള ഒരു സൈനിക സേവന പ്രാവിനെ ഉപയോഗിച്ചിരുന്നു. ജെര്‍മന്‍ പട്ടാളക്കരുടെ വെടിയേറ്റ്, ഒരു കണ്ണ് നഷ്ടപ്പെട്ട അവസ്ഥയില്‍ അറ്റു വീഴാറായ കാലുമായി 25 മൈലുകള്‍ പറന്ന് അടിയന്തിര സന്ദേശം ഈ പ്രാവ് കൈമാറിയ ഒരു സംഭവം ഉണ്ട്. ശത്രുക്കള്‍ക്കിടയില്‍ കുടുങ്ങി കിടന്ന 194 പട്ടാളക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത് ആ സന്ദേശമായിരുന്നു. ആ പ്രാവിന് Croix de Guerre മെഡല്‍ നല്‍കി ആദരിച്ചു. സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററി വിഭാഗത്തില്‍ Cher Ami യുടെ ശരീരം ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ യുദ്ധ സമയങ്ങളില്‍ സന്ദേശപ്രാവുകളുടെ സേവനം ലോകത്ത പല സേനകളും ഉപയോഗിച്ചിട്ടുണ്ട്. ടെലഗ്രാമും ഫോണും റേഡിയോയും ഒക്കെ വരുന്നതിനു മുമ്പ് ഉള്ള നീണ്ട കാലമത്രയും വേഗത്തില്‍ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ പ്രാവുകളുടെ സേവനം മാത്രമേ ഉണ്ടായിരുന്നുള്ളു. ഭക്ഷണമായും, തപാല്‍ സ്‌ന്ദേശ വാഹകരായും പെറ്റായും പവിത്ര ജീവിയായും, മതചടങ്ങുകളിലെ ബലിജീവിയായും ഒക്കെ ആയിരക്കണക്കിനു വര്‍ഷമായി പ്രാവുകള്‍ മനുഷ്യര്‍ക്ക് ഒപ്പം ഉണ്ട്. പുരാതന ഈജിപ്തുകാര്‍ കൂട്ടമായി പ്രാവുകളെ വളര്‍ത്തിയിരുന്നു. ചില അനുഷ്ടാനകര്‍മ്മങ്ങള്‍ക്ക് അവര്‍ പതിനായിരക്കണക്കിന് പ്രാവുകളെ ബലിയര്‍പ്പിച്ചിരുന്നു. ഇപ്പോഴും അസമിലെ കാമഖ്യ ക്ഷേത്രത്തിലും മറ്റും പ്രാവുകളെ ബലി നല്‍കുന്നുണ്ട്.

പിത്തസ‍ഞ്ചിയില്ല, പക്ഷെ പിത്ത രസമുണ്ട്

പിത്ത സഞ്ചിയില്ലാത്തവരാണ് പ്രാവുകള്‍. പഴയകാലത്ത് പലരും കരുതിയിരുന്നത് ഇവര്‍ക്ക് പിത്തരസമായ ബൈല്‍ ഇല്ല എന്നായിരുന്നു. രക്തം, കഫം, (കറുപ്പും മഞ്ഞയും) പിത്തം ഇവയുടെ അളവിലെ വ്യത്യാസങ്ങളാണ് രോഗങ്ങള്‍ക്ക് കാരണം എന്നായിരുന്നു എത്രയോ നൂറ്റാണ്ടുകള്‍ലോകത്തിലെ പല വൈദ്യശാഖകളൂം വിശ്വസിച്ചിരുന്നത്. വാത പിത്ത കഫ ത്രിദോഷങ്ങളാണ് ശരീരത്തിലെ രോഗങ്ങള്‍ക്ക് നിധാനം എന്ന് ആയുര്‍വേദവും കരുതിയിരുന്നു. അതിനാല്‍ പിത്തം ഇല്ലാത്ത പ്രാവുകള്‍ക്ക് പ്രത്യേകതകള്‍ കല്‍പ്പിച്ചിരുന്നു. എന്നാല്‍ പിത്ത സഞ്ചിയില്ലെങ്കിലും ഇവയും പിത്തരസം – ബൈല്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബൈല്‍ നേരിട്ട് കുടലിലേക്ക് സ്രവിപ്പിക്കുകയാണ് ചെയ്യുക,.

സ്വന്തം താമസ സ്ഥലത്തേക്ക് തിരിച്ച് എത്താനുള്ള പ്രവണത സൂക്ഷിക്കുന്നവരാണ് മാടപ്രാവുകള്‍. പരിശീലനം കിട്ടിയ പ്രാവുകള്‍ അപരിചിതമായ ഒരു പ്രദേശത്ത് നിന്നും ആയിരം കിലോമീറ്റര്‍ അകലെ വെച്ച് പോലും വഴിതെറ്റാതെ കൂട്ടിലേക്ക് തിരിച്ച് പറക്കാന്‍ കഴിയുന്നവയാണ്. എങ്ങിനെയാണിവ ഇത്ര കൃത്യമായി വഴി കണ്ടുപിടിക്കുന്നത് എന്നതിനേക്കുറിച്ച് നിരവധി അനുമാനങ്ങള്‍ നിലവിലുണ്ട്. മാപ്പ് സെന്‍സും കോമ്പസ് സെന്‍സും ആണ് പ്രധാനപ്പെട്ട രണ്ട് സഹായക കാര്യങ്ങള്‍. അവയുടെ തലയിലെ സൂക്ഷ്മമായ കാന്തിക കലകള്‍ ആണ് ഭൂമിയുടെ കാന്തിക ക്ഷേത്രത്തെ തിരിച്ചറിഞ്ഞ് യാത്രചെയ്യാന്‍ സഹായിക്കുന്നതില്‍ ഒരു കാരണം എന്ന് കരുതപ്പെടുന്നു. ആന്തരിക ഘടികാരവും സൂര്യന്റെ സ്ഥാനനിര്‍ണ്ണയവും സമ്മിശ്രമായി പ്രവര്‍ത്തിച്ചാണ് കോമ്പസ് സെന്‍സ് സാദ്ധ്യമാകുന്നത് എന്നതാണ് വേറൊരു നിഗമനം. രാത്രികളില്‍ നക്ഷത്രസ്ഥാനം , ലാന്‍ഡ് മാര്‍ക്കുകളുടെ ദൃശ്യമാപ്പുകളുടെ സഹായം പോളറൈസ്ഡ് ലൈറ്റ് കോമ്പസുകള്‍, ഇന്‍ഫ്രാസൗണ്ട് മാപ്പുകളുടെ നാവിഗേഷന്‍ സഹായം , ഗന്ധ സഹായം ഒക്കെ ഇത്തരം യാത്രകളില്‍ പ്രാവുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ വിഷ്യല്‍ ഇമ്പള്‍സുകളെ നിര്‍ധാരണം ചെയ്യാനുള്ള പ്രത്യേക കഴിവുകള്‍ ഉള്ളവരാണ് പ്രാവുകള്‍.

ഫാന്‍സി പ്രാവുകള്‍

ഹോബിയായി പ്രാവുകളെ വളര്‍ത്തുന്നവര്‍ പലതരം പ്രാവുകളെ ബ്രീഡ് ചെയ്ത് ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തെങ്ങുമായി ആയിരത്തി ഒരുന്നൂറോളം ഇനം ഫാന്‍സി പ്രാവുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജാക്കബിന്‍ പുരോഹിതരുടേതുപോലെ തലയില്‍ ചുറ്റും നിറയെ രോമങ്ങള്‍ ഉള്ള ജാകൊബിന്‍സ് അതില്‍ പ്രധാനപ്പെട്ട ഒരിനം ആണ്. 12-14 വാല്‍ തൂവലുകള്‍ മാത്രമുള്ളതാന് സാധാരണ പ്രാവുകള്‍ എങ്കിലും 30-40 തൂവലുകളോടെ , വിടര്‍ത്തിയാല്‍ മനോഹരമായ് വിശറിപോലെ തോന്നിക്കുന്ന വാലുള്ളവരാണ് ഫാന്റാലിസ് എന്ന ഇനങ്ങള്‍.. തലയിലേയും കാലുകളിലേയും നെഞ്ചത്തെയും ഫ്രില്ല് രോമസഞ്ചയം കൂടാതെ ശബ്ദപ്രത്യേകതകളും വ്യത്യസ്ത മനോഹര നിറങ്ങളും ഇത്തരം ബ്രീഡുകളുടെ ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. ഫ്രില്‍ബാക്ക്, ലാഹോര്‍, ട്രമ്പെറ്റര്‍ എന്നിങ്ങനെ പലതരം ബ്രീഡുകള്‍ ഉണ്ട്. മോഹ വിലയും ഇവയോടുള്ള ഇഷ്ടവും മൂലം ഇത്തരം പ്രാവ് വളര്‍ത്തലും , വില്‍പ്പനയും വലിയൊരു വിപണിയായി മാറിയിട്ടുണ്ട്. പ്രാവു വളര്‍ത്തുന്ന ചിലരില്‍ ഇവയുടെ തൂവലുകളില്‍ നിന്നുള്ള പൊടിയിലെ ചില പ്രോട്ടീന്‍ അലര്‍ജി മൂലം ശ്വാസകോശ പ്രശ്‌നങ്ങളും ആസ്ത്മയും ഉണ്ടാകാറുണ്ട്.

വെള്ളരിപ്രാവുകൾ

പൂര്‍ണ്ണമായും വെളുപ്പുനിറമുള്ള പ്രാവുകളെയാണ് മാജിക്ക്കാരും സമാധാന – സ്വാതന്ത്ര സന്ദേശത്തിനായി ആകാശത്തേക്ക് കൂട്ടമായി പറപ്പിച്ച് വിടുന്ന ചടങ്ങുകള്‍ക്കും ഉപയോഗിക്കാറ്. Barbary doves എന്നു വിളിക്കുന്ന Streptopelia risor എന്ന ഇനത്തെയാണ് പൊതുവെ ഇതിന് ഉപയോഗിക്കുക. പക്ഷെ ഇവര്‍ക്ക് അമ്പലപ്രാവുകളേപ്പോലെ സ്വന്തം താമസസ്ഥലത്തേക്ക് തിരിച്ച് വരുന്ന ശീലം ഇല്ലാത്തതിനാല്‍ , അപരിചിത സ്ഥലങ്ങളില്‍ ഇവ വേഗത്തില്‍ ഇരപിടിയന്മാരുടെ കൈയില്‍ പെട്ട് ചത്ത് പോകും. ഒളിമ്പിക്സ് മത്സരങ്ങളോടനുബന്ധിച്ച് ചടങ്ങായി പ്രാവുകളെ പറത്തിവിടല്‍ ആരംഭിച്ചത് 1896 ല്‍ ആണ്. എന്നാല്‍ 1988 ലെ സിയോള്‍ ഒളിമ്പിക്‌സില്‍ ഇത്തരത്തില്‍ പറത്തിവിട്ട പ്രാവുകള്‍ തിരിച്ച് ഒളിമ്പിക്ള്‍ ദീപത്തില്‍ വന്നിരുന്ന് കത്തിക്കരിഞ്ഞുപോയതിനേത്തുടര്‍ന്ന് പിന്നീട് പ്രാവുകളേ പറത്തിവിടല്‍ പ്രതീകാത്മകമായി മാത്രം നടത്താന്‍ തുടങ്ങി. ആകാശത്തേക്ക് ചടങ്ങുകള്‍ക്കായി പ്രാവുകളെ പറത്തിവിടുന്ന സ്‌നേഹമാനസര്‍ ചെയ്യുന്നത് പലപ്പോഴും പ്രാവുകളെ കൊലക്ക് കൊടുക്കലാവാം എന്ന് സാരം.

കുലം മുടിഞ്ഞ സഞ്ചാരിപ്രാവുകള്‍

വടക്കേ അമേരിക്കയില്‍ സ്വദേശിയായിരുന്നു സഞ്ചാരിപ്രാവുകള്‍ (Ectopistes migratorius) .1740 ല്‍ ഒരു സ്ഥലത്ത് നാലുമൈല്‍ നീളവും ഒരു മൈല്‍ വീതിയുമുള്ള വന്‍ സംഘമായി ലക്ഷക്കണക്കിന് സഞ്ചാരിപ്രാവുകളുടെ കൂട്ടം പറന്നുപോകുന്നത് കണ്ടതായി വിവരിക്കപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് അഞ്ഞൂറ് കോടിയോളം എണ്ണം സഞ്ചാരിപ്രാവുകള്‍ അവിടെ ഉണ്ടായിരുന്നു. മണിക്കൂറില്‍ 100 കിലോമീറ്റല്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന ഇവര്‍ ഭക്ഷണം തേടി ലക്ഷക്കണക്കിന് എണ്ണമുള്ള കൂട്ടങ്ങളായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് പറക്കുകയാണ് ചെയ്യുക. പണ്ട്മുതലേ തദ്ദേശീയര്‍ ഇവയെ കെണിവെച്ച് പിടിച്ച് ഭക്ഷണം ആക്കാറുണ്ടെങ്കിലും യൂറോപ്യന്മാരുടെ വരവോടെ ഇവയെ പിടിക്കൂടുന്നതിന്റെ വ്യാപ്തി വലിയതോതില്‍ വര്‍ദ്ധിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രാവിറച്ചി തുഛമായ തുകയ്ക്ക് കിട്ടുന്ന മികച്ച ഇറച്ചിയായതോടെ ഇവയുടെ കച്ചവടം പൊടിപൊടിച്ചു. തോക്കും മറ്റ് സൗകര്യങ്ങളും ആയതോടെ സഞ്ചാരിപ്രാവ് വേട്ട വളരെ വലിയ വ്യവസായമായി. അനേക ലക്ഷം പക്ഷികളെ കൊന്ന് പ്രോസസ് ചെയ്ത് വണ്ടികളിലും കപ്പലുകളിലും നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് തുടങ്ങി. മനുഷ്യരുടെ ആര്‍ത്തിയുടെ ക്രൂരമായ തെളിവായി 1901 ല്‍ അവസാനത്തെ വന്യ സഞ്ചാരിപ്രാവും വെടിയേറ്റു വീണു. 1914 സെപ്തംബര്‍ 1ന് സിന്‍സിനാറ്റി മൃഗശാലയിലെ മാര്‍ത്ത എന്ന സഞ്ചാരിപ്രാവ് ചട്ടതോടെ ലോകത്തിലെ അവസാനത്തെ സഞ്ചാരി പ്രാവും ഇല്ലാതായി. ആകാശം മറയും വിധം കൂട്ടമായി പറന്നിരുന്ന , ഒരു സമയം അഞ്ഞൂറു കോടി എണ്ണം ഉണ്ടായിരുന്ന ഒരു ജീവി വര്‍ഗ്ഗം ഭൂമുഖത്ത് നിന്ന് ഇങ്ങനെ വളരെപ്പെട്ടന്ന് അപ്രത്യക്ഷമാകും എന്ന് ഒരിക്കലും ആരും കരുതിയിരുന്നില്ല. ഇന്നിപ്പോള്‍ മനുഷ്യര്‍ക്ക് സഞ്ചാരിപ്രാവുകളെ കാണണമെങ്കില്‍ മ്യൂസിങ്ങളിലെ സ്റ്റഫ് ചെയ്ത കോലങ്ങള്‍ മാത്രം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close