
ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെയുള്ള കർശന നടപടികൾ സ്വീകരിക്കാത്തതിൽ ശ്വേതാ മേനോൻ ‘അമ്മ’ ഐസിസിയിൽ നിന്നും രാജിവെച്ചത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ ശ്വേതയുടെ രജിക്കത്തിന്റെ ഉള്ളടക്കം പുറത്തുവന്നിരിക്കുകയാണ്. അമ്മയിൽ ഒരു പരാതി പരിഹാര സെല്ലിന് പ്രസക്തിയില്ലെന്നാണ് ശ്വേതാ മേനോൻ കത്തിൽ പരാമർശിച്ചിട്ടുള്ളത്.
‘മെയ് ഒന്നിന് നടന്ന ഇ സി മീറ്റിങ്ങിനും അതിന് പിന്നാലെയുള്ള മീഡിയ റിലീസിനും പിന്നാലെ അമ്മയിൽ ഒരു ഐസിസിക്ക് പ്രസക്തിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ദുരവസ്ഥ നിങ്ങളിലേക്ക് എത്തിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഐസിസി ചെയർപേഴ്സൺ, ഐസിസി അംഗം എന്നീ സ്ഥാനങ്ങൾ രാജിവെക്കുന്നു’, എന്നാണ് ശ്വേതാ മേനോൻ രാജിക്കത്തിലൂടെ അറിയിക്കുന്നത്.
ഇന്നലെ ശ്വേതാ മേനോൻ ഈ വിഷയത്തിൽ മോഹൻലാലിന് ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാൽ ഇതിൽ താരത്തിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. ഒപ്പം വിജയ് ബാബു വിഷയത്തിലെ ഇടവേള ബാബുവിന്റെ നിലപാടും ശ്വേതാ മേനോന്റെ രാജിയ്ക്ക് കാരണമായിട്ടുണ്ട്. സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു ഒരു അഭിമുഖത്തിൽ നടത്തിയ പ്രസ്താവന തിരുത്തണം എന്നും ശ്വേതാ മേനോൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുക്കു പരമേശ്വരനും ശ്വേതയ്ക്കൊപ്പം രാജി സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടി മാല പാർവതിയും വിഷയത്തിൽ രാജി നൽകിയിരുന്നു. കമ്മിറ്റി അംഗമെന്നത് വലിയ ഉത്തരവാദിത്തമാണ്. എന്നാൽ തന്റെ മനസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട് എന്നും അതിനാലാണ് രാജി സമർപ്പിക്കുന്നത് എന്നും മാല പാർവതി രാജിയിൽ പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഒരു ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ കൃത്യമായ നിയമം പാലിക്കാനും സ്ത്രീകളിൽ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാനും സാധിച്ചു. ഒരു പരാതി പരിഹാര സമിതി എന്ന രീതിയിൽ മാത്രമല്ല, സ്ത്രീകൾക്ക് നേരെയുള്ള പീഡനം തടയുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയും കൂടെയാണ് സമിതി എന്നും മാല പാർവതി അറിയിച്ചു.