KERALANEWS

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതിൽ ഗതാഗത മന്ത്രിക്കും പങ്കുണ്ട്; നാളെ മുതൽ സമരത്തിനൊരുങ്ങി ടി.ഡി.എഫ്

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സമരം തുടങ്ങാൻ ഉറച്ച് കെ.എസ്.ആർ.ടി.സി പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ്. ഗതാഗത മന്ത്രിക്കും ശമ്പളം നീട്ടികൊണ്ടുപോകുന്നതിൽ പങ്കുണ്ടെന്ന് ടി.ഡി.എഫ് വര്‍ക്കിംഗ് പ്രസിഡന്റ് ആർ.ശശിധരൻ ആരോപിച്ചു.

പണിമുടക്ക് മഹാ അപരാദമാണെന്നാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ഇത് പ്രകോപനപരമായ പ്രസ്താവനയാണ്. ശമ്പളം നൽകേണ്ട ഉത്തരവാദിത്തം മന്ത്രിക്കുമുണ്ട്. കെ.എസ്.ആര്‍.ടി.സി പണിമുടക്കിനെ വിമർശിച്ചവർ എന്തുകൊണ്ട് അഖിലേന്ത്യ പണിമുടക്കിനെ പറ്റി പറയുന്നില്ലെന്നും ആര്‍ ശശിധരന്‍ ചോദിച്ചു. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ടി.ഡി.എഫ് ആവശ്യപ്പെടുന്നു.

അതേസമയം കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം നീളുന്നു. മെയ് മാസം 11 ആയിട്ടും ശമ്പളം വിതരണം ചെയ്തിട്ടില്ല. മെയ് 10 നകം ശമ്പളം ലഭിക്കുമെന്ന വിശ്വാസത്തില്‍ മെയ് 6ലെ പണിമുടക്കില്‍ നിന്ന് വിട്ടു നിന്ന സിഐടിയു ആഭിമുഖ്യത്തിലുള്ള യൂണിയന്‍ പ്രതിരോധത്തിലായി. തത്ക്കാലം പണിമുടക്കിനില്ലെന്ന നിലപാടിലാണ് അവര്‍. ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടും. എഐടിയുസി ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് യൂണിയനും തത്ക്കാലം കടുത്ത നിലപാടിലേക്കില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്ന് അവരും വ്യക്തമാക്കി.

കെ എസ് ആർടിസി ശമ്പള പ്രശ്നത്തിന് പരിഹാരം കാണാതെ സർക്കാർ ജീവനക്കാരെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.കെ എസ് ആർടിസി സ്വകാര്യ സ്ഥാപനമല്ല,പൊതു മേഖലാ സ്ഥാപനമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.കെഎസ്ആർടിസിയിൽ ശമ്പളം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ തൊഴിലാളി യുണിയനുകൾ. വിവിധ സംഘടനകൾ ഇന്ന് വെവേറെ യോഗം ചേർന്ന് തീരുമാനം എടുക്കും. കെഎസ്ആർടിസി യുടെ സാമ്പത്തികാവസ്ഥയും ജീവനക്കാരുടെ ജീവിത പ്രശ്നങ്ങളും ജനങ്ങളെ കൂടി ബോധ്യപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. സ്ഥാപനത്തിന് പുറത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെയുള്ള സമരങ്ങളുടെ സാധ്യതയും ആലോചനയിൽ ഉണ്ട്. മെയ് മാസത്തിലെ ശമ്പളം നൽകാൻ ബാങ്ക് വായ്പയ്ക്കുള്ള ശ്രമം മാനേജ്മെൻ്റ് തുടരുകയാണ്.

കെഎസ്ആര്‍ടിസി ശമ്പളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി ആന്‍റണി രാജു. പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. നൂറ് പൊതുമഖല സ്ഥാനപങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റാണെന്നും ആന്‍റണി രാജു പറഞ്ഞു. സർക്കാർ പതിവായി നൽകുന്ന 30 കോടി രൂപ നൽകിയെങ്കിലും എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഇത് തികയില്ല. ബാക്കി വേണ്ട 55 കോടി രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്‍റ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close