
കണ്ണൂര്‍: കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ കെ.എസ്.ആര്.ടി.സി. ബസ് പിടിക്കാന്‍ യാത്രക്കാരന് ഓട്ടോയില്‍ പിന്നാലെ പോയത് 18 കിലോമീറ്റര്‍. ഓട്ടോനിരക്കായി 600 രൂപ പോയെങ്കിലും കണ്ണൂരിലേക്ക് ബസ് കിട്ടിയ ആശ്വാസത്തിലായിരുന്നു യാത്രക്കാരന്. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലെ അസിസ്റ്റന്റ് കരിപ്പാല്‍ സുരേന്ദ്രനാണ് കെ.എസ്.ആര്.ടി.സി.യില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ഈ ദുരിതം നേരിടേണ്ടിവന്നത്.
മേയ് 11-ന് ചങ്ങനാശ്ശേരിയില്‍നിന്ന് കണ്ണൂരിലേക്ക് വരാന്‍ സുരേന്ദ്രന് രാത്രി 9.15-നുള്ള കൊട്ടാരക്കര-കൊല്ലൂര്‍ സൂപ്പര്‍ഫാസ്റ്റ് ഡീലക്സ് ബസില്‍ ഓണ്‍ലൈനില്‍ സീറ്റ് ബുക്ക്ചെയ്തിരുന്നു. ചില തിരക്കുകള്‍ കാരണം ചെങ്ങന്നൂരില്‍നിന്നാണ് അദ്ദേഹം ബസ് കയറാന്‍ തീരുമാനിച്ചത്. ഇക്കാര്യം ചങ്ങനാശ്ശേരി ഡിപ്പോയിലും ചെങ്ങന്നൂര്‍ ഡിപ്പോയിലും വിളിച്ചറിയിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ രാത്രി 8.40-ന് ചെങ്ങന്നൂരിലെത്തി. ഡിപ്പോയില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെക്കണ്ട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സ്റ്റാന്‍ഡിന് മുന്‍വശം പ്രധാന റോഡില്‍ ബസ് കാത്തുനിന്നു. മറ്റുചില യാത്രക്കാരുമുണ്ടായിരുന്നു.
ഒന്‍പതിന് ബസ് എത്തിയപ്പോള്‍ റോഡിലിറങ്ങി കൈകാണിച്ചെങ്കിലും ബസ് നിര്‍ത്താതെ പോയി. യാത്രക്കാര്‍ ഒച്ചവെച്ചെങ്കിലും കണ്ടക്ടര്‍ തിരിഞ്ഞുനോക്കിയില്ല. പിറ്റേന്ന് രാവിലെ ഒന്‍പതിന് കണ്ണൂരിലെ മുഖ്യ തപാല്‍ ഓഫീസില്‍ ഡ്യൂട്ടിക്ക് കയറണം. മാത്രമല്ല ഈ ദിവസം ഉത്തരമേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫീസ് സന്ദര്‍ശനവും നിശ്ചയിച്ചിരുന്നു. മറ്റൊന്നും നോക്കാതെ സുരേന്ദ്രന് ഓട്ടോപിടിച്ച് ബസിന് പിറകെ പറന്നു. പരമാവധി വേഗത്തില്‍ ഓടിപ്പിടിക്കാന്‍ ഓട്ടോക്കാരനും യത്നിച്ചു.
ചങ്ങനാശ്ശേരിയില്‍വെച്ച് ബസില്‍ കയറാന്‍ പറ്റി. കണ്ടക്ടറുടെ നിരുത്തരവാദ പെരുമാറ്റത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന് കെ.എസ്.ആര്.ടി.സി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബസില്‍ കണ്ണൂര്‍വരെ യാത്രക്കാര്‍ കുറവായിരുന്നു.