മട്ടൻ ബിരിയാണി

റ്റോഷ്മ ബിജു വർഗീസ്
ബിരിയാണിക്ക് ആരാധകർ ഏറെയാണ്. അതിൽ മട്ടൻ ബിരിയാണി ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. മട്ടൻ ബിരിയാണി രുചിയൊട്ടും കുറയാതെ പ്രഷർ കുക്കറിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ആട്ടിറച്ചി – ഒരു കിലോ (ചെറിയ കഷ്ണങ്ങളായി നുറുക്കിയത്)
ഉപ്പ് – പാകത്തിന്
വെളുത്തുള്ളി – ഏഴ് അല്ലി
ഇഞ്ചി – ഒരു കഷ്ണം (അരച്ചത്)
ഗരം മസാല – രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി – രണ്ട് ടീസ്പൂൺ
നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
ചുവന്നുള്ളി – പത്തെണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – നാലെണ്ണം (അരിഞ്ഞത്)
ബിരിയാണി അരി – മൂന്ന് കപ്പ്
കട്ടിയുള്ള തേങ്ങാപാൽ – ആറ് കപ്പ്
മല്ലിയില – രണ്ട് ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ആട്ടിറച്ചിയിൽ ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്, ഗരം മസാല, മുളകുപൊടി എന്നിവ പുരട്ടിവയ്ക്കുക. അൽപ്പസമയം കഴിഞ്ഞ് ഒരു കപ്പ് വെള്ളവും ചേർത്ത് കുക്കറിൽ നാല് വിസിൽ വരുന്നതുവരെ വേവിക്കുക. ശേഷം ഇറച്ചിയിൽ നിന്ന് ഊറിവന്ന വെള്ളവും കഷ്ണങ്ങളും പ്രത്യേകം മാറ്റിവെയ്ക്കുക.
കുക്കർ കഴുകി എണ്ണയൊഴിച്ച് ചൂടാക്കുക. ഉള്ളിയും പച്ചമുളകും വഴറ്റുക. ഉള്ളി ചുവന്നനിറമാകുമ്പോൾ ഇറച്ചിയും മാറ്റി വച്ച വെള്ളവും അരിയും തേങ്ങാപാലും ചേർത്ത് കുക്കർ അടച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കാം. ആവി പോയശേഷം കുക്കർ തുറന്ന് മല്ലിയിലയും കറിവേപ്പിലയും വിതറി വിളമ്പാം.