ചന്ദ്രനിലെ മണ്ണിൽ ചെടികൾ വളർത്തി; സ്വപ്ന നേട്ടം കൈവരിച്ച് ശാസ്ത്രജ്ഞർ

അമേരിക്കയുടെ ആർട്ടമിസ് ദൗത്യവും ചൈനയും റഷ്യയും ചേർന്ന് ലൂണാർ സ്റ്റേഷൻ നിർമിക്കാനുള്ള ദൗത്യവുമെല്ലാം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ്. ഭാവിയിൽ മനുഷ്യൻ ചന്ദ്രനിലേക്ക് കുടിയേറുകയാണെങ്കിൽ ചന്ദ്രനിൽ കൃഷിചെയ്യേണ്ടിവരും. ഭൂമിയില്‍ ഒരു ചെടി വളരുകയെന്നത് നിത്യസാധാരണ സംഭവമാണ്. എന്നാല്‍ ചന്ദ്രനിലെ മണ്ണിലാണ് ഇത് വളരുന്നതെങ്കിലോ? തീര്‍ച്ചയായും അതൊരു മനുഷ്യരാശിയുടെ മറ്റൊരു വലിയ കാല്‍വെപ്പ് തന്നെയാവും. ഈ സ്വപ്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ഫ്ളോറിഡ സര്‍വകലാശാലയിലെ ഗവേഷകര്‍. നാസയുടെ അപ്പോളോ 11, 12, 17 ദൗത്യങ്ങള്‍ ശേഖരിച്ച ചന്ദ്രനില്‍ നിന്നുള്ള മണ്ണില്‍ നിന്നാണ് വിത്തുകള്‍ മുളച്ചത്.
‘ഭാവിയിലെ ഗോളാന്തരയാത്രകളില്‍ ചന്ദ്രനെ വിക്ഷേപണ തറയാക്കുകയോ ഇടത്താവളമാക്കുകയോ ഒക്കെയാണ് നമ്മുടെ ലക്ഷ്യം. ചന്ദ്രനിലെ മണ്ണില്‍ കൃഷി ചെയ്യാനും വിളവെടുക്കാനും സാധിച്ചാലേ ഇത് യാഥാര്‍ഥ്യമാവൂ’ എന്ന് പഠനത്തിനു പിന്നിലെ ഗവേഷകരിലൊരാളായ പ്രഫ. റോബ് ഫേള്‍ പറഞ്ഞു. ഇതുവരെ ചന്ദ്രനിലെ മണ്ണില്‍ ഏതെങ്കിലും തരത്തിലുള്ള വിത്തുകള്‍ മുളപ്പിക്കാന്‍ നമുക്ക് സാധിച്ചിരുന്നില്ല.
‘ചന്ദ്രനില്‍ കൃഷിയിറക്കാന്‍ ശ്രമിച്ചാല്‍ എന്താണുണ്ടാവുക? അതുവരെ പരിചിതമല്ലാത്ത ഒന്നിനോട് ചന്ദ്രനിലെ മണ്ണ് എങ്ങനെയാവും പ്രതികരിക്കുക? ചന്ദ്രനിലെ ഗ്രീന്‍ ഹൗസുകളില്‍ സസ്യങ്ങള്‍ എങ്ങനെയാവും വളരുക? നമുക്ക് ചന്ദ്രനില്‍ കൃഷിക്കാരുണ്ടാവുമോ?’ പ്രഫ. ഫേള്‍ നിരവധി ചോദ്യങ്ങളാണ് നമുക്ക് മുന്നിലേക്ക് തൊടുക്കുന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ കൂടിയാണ് പഠനത്തിലൂടെ ഗവേഷകര്‍ ശ്രമിച്ചതും.
ആകെ 12 ഗ്രാം ചന്ദ്രനില്‍ നിന്നുള്ള മണ്ണ് മാത്രമായിരുന്നു ഇവര്‍ക്ക് പരീക്ഷണങ്ങള്‍ക്കായി ലഭിച്ചതെന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ചെടിച്ചട്ടികളിലല്ല മറിച്ച് വിരല്‍ വലുപ്പമുള്ള ചെറു പാത്രങ്ങളിലാണ് ചെടികള്‍ നട്ടത്. ചെറിയ കുറ്റിച്ചെടിയായ താലെ ക്രസ് ആണ് ഇവിടെ ആദ്യം നട്ടത്. ജനിതക ഘടന പൂര്‍ണമായും കണ്ടെത്തിയിരുന്നു എന്നതാണ് ഈ ചെടി തിരഞ്ഞെടുക്കാനുള്ള കാരണം.
താരതമ്യത്തിനായി മറ്റു മണ്ണിനങ്ങളിലും ഇതേ ചെടിയുടെ വിത്തുകള്‍ ഇട്ടിരുന്നു. ഏതാണ്ടെല്ലാ വിത്തുകളും മുളച്ചുപൊന്തുകയും ചെയ്തു. ഇക്കാര്യം തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും പഠനത്തില്‍ പങ്കാളിയായ പ്രഫ. അന്ന ലിസ പോള്‍ പറയുന്നു. അതേസമയം, ഭൂമിയിലെ മണ്ണില്‍ വളര്‍ന്നവയെ അപേക്ഷിച്ച് ചന്ദ്രനില്‍ വളര്‍ന്നവയില്‍ ചിലത് താരതമ്യേന വലുപ്പം കുറവുള്ളവയായിരുന്നു. ചിലത് വളര്‍ന്നത് വളരെ പതുക്കെയായിരുന്നു.
അനുകൂലമല്ലാത്ത സാഹചര്യങ്ങളിലും വളരാനുള്ള പ്രവണത സസ്യങ്ങള്‍ കാണിക്കാറുണ്ട്. ഇതു തന്നെയാണ് ചന്ദ്രനിലെ മണ്ണിന്റെ കാര്യത്തിലും സംഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. സസ്യങ്ങള്‍ വളര്‍ത്താനായാല്‍ അത് ചന്ദ്രന്റെ ഉപരിതലത്തേയും മാറ്റിമറിക്കുമെന്ന് പഠനത്തിന്റെ ഭാഗമായിരുന്ന ഡോ. സ്റ്റീഫന്‍ എലാര്‍ഡോ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. കാരണം, വളരെ വരണ്ട പ്രദേശമാണ് ചന്ദ്രന്. അല്പം ജലാംശംകൂടി ലഭിച്ചാല്‍ ചന്ദ്രനിലെ മണ്ണ് കൂടുതല്‍ വളക്കൂറുള്ളതാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 2025ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിന് മുന്നോടിയായി നടത്തുന്ന ഇത്തരം പഠനങ്ങള്‍ ആര്ട്ടിമിസിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.