TECH

വരാനിരിക്കുന്നത് വെർച്വൽ സ്ക്രീനുകളുടെ യുഗം! കണ്ണട ധരിച്ചാൽ കണ്മുന്നിൽ വരിക പുതിയൊരു ലോകം, വിവരങ്ങൾ ഇങ്ങനെ

വേൾഡ് കപ്പ് ഫുട്ബോൾ ഫൈനൽ പോരാട്ടം 145 ഇഞ്ച് വരെ വലുപ്പമുള്ള മൈക്രോ ഒഎൽഇഡിക്കു തുല്യമായ സ്ക്രീനിൽ കണ്ടാലോ ? കളത്തിലിറങ്ങി കളി കാണുന്നതു പോലുണ്ടാകും ആ ഗംഭീര കാഴ്ച. അതിനു പക്ഷേ, വമ്പൻ ടിവി വാങ്ങേണ്ട ആവശ്യമില്ല. മൂക്കിൽ ഉറപ്പിച്ചു വയ്ക്കാവുന്ന സുന്ദരൻ കണ്ണട വാങ്ങിയാൽ മതി. വെറും കണ്ണടയല്ല, സ്മാർട് ഗ്ലാസ്!
∙ കണ്ടാൽ വെറും കണ്ണട

ഭംഗിയുള്ള ഫ്രെയിം, അൽപം തടിച്ച കണ്ണടക്കാലുകൾ. ഒറ്റക്കാഴ്ചയിൽ, സ്റ്റൈലിഷ് ആയൊരു സൺ ഗ്ലാസ് മാത്രം. പക്ഷേ, ഈ കണ്ണട ധരിച്ചാൽ കൺമുന്നിൽ പുതിയൊരു ലോകം ഉയർന്നു വരും; വെർച്വൽ സ്ക്രീനുകളിൽ നിറയും ഡിജിറ്റൽ ലോകം! ഇത്തരം കണ്ണടകളെ ടെക് ലോകം സ്മാർട് ഗ്ലാസ് വിളിക്കും. ഇവയെ സ്മാർട്ട് ഫോണുമായി ബ്ലൂ ടൂത്തും വൈ – ഫൈയും വഴി ബന്ധിപ്പിക്കാം. വോയ്സ് കമാൻഡിന് അനുസരിച്ചും പ്രവർത്തിക്കാൻ കഴിയും. ഹെഡ് ഫോണും ക്യാമറയുമെല്ലാം ഉണ്ടാകും അവയിൽ. ഫോൺ കോൾ സ്വീകരിക്കാനും വിളിക്കാനുമെൊക്കെ കഴിയും. പല തരം സ്മാർട്ട് ഗ്ലാസുകൾ ലഭ്യമാണെങ്കിലും മിക്കവയും വിനോദ ഉപയോഗത്തിനുള്ളതാണ്. ഫോണുമായി ബന്ധിപ്പിച്ചു സംഗീതം കേൾക്കാനും കോൾ സ്വീകരിക്കാനും മറ്റും മാത്രം കഴിയുന്ന ‘ബേസിക്’ ഗ്ലാസുകൾ ഏറെ. മറ്റു ചിലതിൽ സിനിമയും വിഡിയോയുമെല്ലാം കൺമുന്നിലെ വലിയ വെർച്വൽ സ്ക്രീനിൽ ആസ്വദിക്കാം. ചിത്രങ്ങളെടുക്കാം, അവ അയച്ചു കൊടുക്കാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുമൊക്കെ കഴിയും. ചുരുക്കത്തിൽ ഇതൊരു സംഭവമാണ്. പല വിദേശ രാജ്യങ്ങളിലും സ്മാർട്ട് ഗ്ലാസുകൾ ഏതാനും വർഷങ്ങളായി ലഭ്യമാണെങ്കിലും യഥാർഥ വിപ്ലവം വരാനിരിക്കുന്നതേയുള്ളൂ. ചില സ്മാർട്ട് ഗ്ലാസുകൾ ഏറെക്കുറെ കംപ്യൂട്ടറിനു പകരമായി ഉപയോഗിക്കാം! ഏറെക്കാലം കഴിയും മുൻപേ ലാപ്ടോപ് – ടാബ്‌ലറ്റ് കംപ്യൂട്ടറുകൾ അപ്രത്യക്ഷമാകുമോ? ഉറപ്പില്ലെങ്കിലും അങ്ങനെ സംഭവിച്ചാലും അദ്ഭുതം വേണ്ട. സാങ്കേതികവിദ്യയുടെ പൊട്ടിത്തെറിക്കൽ കാലമായതിനാൽ എന്തും സംഭവിക്കാം.

∙ മൂക്കിലുറപ്പിക്കാം, കണ്ണട കംപ്യൂട്ടർ

മറ്റു ചില ഗ്ലാസുകൾ വെറും വിനോദത്തിനപ്പുറം, ഒന്നാന്തരം കംപ്യൂട്ടറായി ഉപയോഗിക്കാൻ കഴിയും. ലാപ്ടോപ്പോ ടാബോ ഉപയോഗിച്ചു ചെയ്യുന്ന ജോലികളെല്ലാം ചെയ്യാൻ അവയ്ക്കു കഴിയും. ‘ഓൾവെയ്സ് കണക്ടഡ്’ ആയി പ്രവർത്തിക്കാൻ ശേഷിയുണ്ട്. വിമാനത്താവളത്തിലോ മെട്രോ സ്റ്റേഷനിലോ പോയാൽ വിമാന സർവീസുകളുടെയും ട്രെയിൻ സർവീസുകളുടെയുമൊക്കെ വിശദാംശങ്ങൾ വെർച്വൽ സ്ക്രീനിൽ കിട്ടും. രാവിലെ വോക്കിങ്, റണ്ണിങ് തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്കു ദൂരം, വേഗം, കാലറി കത്തിക്കൽ, ഡെസ്റ്റിനേഷൻ മാപ് തുടങ്ങിയ വിവരങ്ങളെല്ലാം സ്ക്രീനിൽ കാണാം. ഗൂഗിൾ പോലുള്ള ആഗോള ടെക് ഭീമൻമാർ മുതൽ സ്റ്റാർ‍ട്ടപ്പുകൾ വരെ വെയറബിൾ സ്മാർട്ട് ഗ്ലാസ് അഥവാ ധരിക്കാവുന്ന സ്മാർട്ട് കണ്ണടകൾ വികസിപ്പിച്ചിട്ടുണ്ട്. പലതും വിനോദ ആവശ്യത്തിനുള്ളത്. കൂടുതൽ കിടിലൻ സ്മാർട്ട് ഗ്ലാസുകൾക്കായി ഗവേഷണം തുടരുകയുമാണ്. ഗൂഗിൾ എന്റർപ്രൈസ് എഡിഷൻ, മൈക്രോസോഫ്റ്റ് ഹോളോലെൻസ്, തോഷിബ ഡൈനാഎജ്, റേയ്ബാൻ, ആമസോൺ എക്കോ ഫ്രെയിംസ്, വ്യുസിക്സ് ബ്ലേഡ്, ബോസ് ഫ്രെയിംസ്, സ്നാപ്ചാറ്റ് സ്പെക്റ്റക്കിൾസ്, ടിസിഎൽ, ലെനൊവോ, ആൽഫ, ടൈറ്റൻ ഐ തുടങ്ങി ആഗോള വിപണിയിൽ ഒട്ടേറെ ബ്രാൻഡുകളുടെ സ്മാർട്ട് കണ്ണടകൾ ലഭ്യമാണ്. ഇന്ത്യയിൽ എല്ലാം ലഭ്യമല്ല താനും.

∙ ആൾക്കൂട്ടത്തിൽ തനിയെ

ഗ്ലാസ് ഫ്രെയിമിൽ ഉറപ്പിച്ച മൈക്രോഫോണിൽ നിന്നുള്ള ശബ്ദം ഗ്ലാസ് ധരിച്ചയാൾക്കു മാത്രമേ കേൾക്കാൻ കഴിയൂ. ശബ്ദമോ ദൃശ്യമോ മറ്റാർക്കും കിട്ടില്ല. വിആർ (വെർച്വൽ റിയാലിറ്റി), എആർ അധിഷ്ഠിത ഡിജിറ്റൽ വിദ്യകൾക്കും സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കാം. മിക്കവാറും സ്മാർട് ഗ്ലാസുകൾ പാട്ടും വിഡിയോയും ആസ്വദിക്കുന്നത് ഉൾപ്പെടെയുള്ള ‘ ഫൺ’ഗ്ലാസുകളാണ്. മികച്ച നിലവാരമുള്ള ക്യാമറയും മൈക്രോഫോണുകളും ഘടിപ്പിച്ച സ്മാർട്ട് ഗ്ലാസുകൾ വിദേശ രാജ്യങ്ങളിൽ ഫാക്ടറികളിലും കമ്പനികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രെയിനിങ് ടൂൾ ആയി ഉപയോഗിക്കുന്നുണ്ട്. ചിത്രങ്ങളും വിഡിയോകളും ഉന്നത നിലവാരത്തിലും വലുപ്പത്തിലും കൺമുന്നിലെ വെർച്വൽ സ്ക്രീനിൽ കാണാൻ കഴിയുമെന്നതാണു പ്രധാന കാരണം. എന്നാൽ, അതിനപ്പുറമുള്ള ഉപയോഗത്തിലേക്കു സ്മാർട്ട് ഗ്ലാസുകളെ എത്തിക്കുകയാണു ടെക് പ്രതിഭകൾ. സ്മാർട്ട് ഗ്ലാസ് വച്ചാൽ കംപ്യൂട്ടർ മൂക്കിനു മുകളിൽ ധരിക്കുന്നതിനു തുല്യമാണെന്ന സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. കംപ്യുട്ടറുകൾക്കും സ്മാർട്ട് ഫോണുകൾക്കും ഉള്ളതു പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചാണു ‘കണ്ണട കംപ്യൂട്ടർ’ പ്രവർത്തിക്കുന്നത്. സ്മാർട് ഫോണിൽ പ്രത്യേക ആപ്പും ഡൗൺലോഡ് ചെയ്യണം.

∙ ദാ വരുന്നു, മലയാളി സ്റ്റാർട്ടപ്

സ്മാർട്ട് ഗ്ലാസ് ലോകം യുഎസിലെ യൂറോപ്പിലെയോ ടെക് ഭീമൻമാരുടെ മാത്രം സ്വന്തമല്ല. ഡിജിറ്റൽ ലോകത്തെ ഞെട്ടിക്കാൻ ഒരു മലയാളി സ്റ്റാർട്ടപ്പും ഒരുങ്ങുകയാണ്. വിനോദത്തിനപ്പുറം, പ്രഫഷനൽ ഉപയോഗത്തിനുള്ള സ്മാർ‌ട്ട് ഗ്ലാസാണു യുഎസിലെ മിൽപീറ്റസ് (കലിഫോർണിയ) ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ്പ് നിമോ പ്ലാനറ്റ് നിർമിക്കുന്നത്. ലാപ്ടോപ്പും ഡെസ്ക് ടോപ്പും ഇല്ലാതെ തന്നെ ലോകത്ത് എവിടെയിരുന്നും ‘കംപ്യൂട്ടറിൽ’ ജോലി ചെയ്യാൻ സഹായിക്കുന്ന സ്മാർട്ട് കണ്ണട! ലോകത്തെ ആദ്യ ‘അൾട്രാ പോർട്ടബ്ൾ മൾട്ടി സ്ക്രീൻ കംപ്യൂട്ടർ’ എന്ന വിശേഷണവുമായാണു നിമോ സ്മാർട്ട് ഗ്ലാസ് വരുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ യുഎസ്, ഇന്ത്യൻ വിപണികളിലെത്തും. വില ഏകദേശം 799 ഡോളർ അഥവാ ഏകദേശം 60,000 രൂപ. ‘സ്മാർട്ട് വെയറബ്ൾസ്’ ലോകത്തു പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന നിമോ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് ടീം പ്രവർത്തിക്കുന്നതു കൊച്ചിയിലാണ്. നിമോ പ്ലാനറ്റ് സ്ഥാപകനും സിഇഒയുമായ രോഹിൽദേവിനോടു സംസാരിക്കാം. മലപ്പുറം തിരൂർ സ്വദേശിയായ രോഹിൽദേവ് പ്രവർത്തിക്കുന്നതു യുഎസ് ആസ്ഥാനമാക്കിയാണ്.

∙ പ്രഫഷനൽ രംഗത്തു സാധ്യതകളേറെ

‘‘ വിനോദ ആവശ്യങ്ങൾക്കുള്ള സ്മാർട്ട് ഗ്ലാസുകൾ ലഭ്യമാണെങ്കിലും പ്രഫഷനൽ ഉപയോഗത്തിനുള്ള സ്മാർട്ട് ഗ്ലാസുകൾ അപൂർവമാണ്. ആഗോളതലത്തിൽ വർക് ഫ്രം ഹോം തൊഴിൽ സംസ്കാരം വേരുറപ്പിച്ചതോടെ ലാപ്ടോപ് ഇല്ലാതെ തന്നെ എവിടെയിരുന്നും ജോലി ചെയ്യാൻ നിമോ ഗ്ലാസുണ്ടെങ്കിൽ സാധിക്കും. ഹൈബ്രിഡ് മോഡ് വർക്കിങ് സ്റ്റൈലാണ് ഇപ്പോൾ ലോകത്തെങ്ങും പരീക്ഷിക്കുന്നത്. യുഎസിൽ നിമോ ഗ്ലാസിന്റെ ബീറ്റ വേർഷൻ പരീക്ഷണം നടക്കുകയാണ്. നല്ല അഭിപ്രായമാണു കിട്ടുന്നത്. സ്മാർട്ട് ഗ്ലാസ് ധരിച്ചാൽ കണ്ണിനു മുന്നിൽ 2 മീറ്റർ അകലെ 50 ഇഞ്ച് വലുപ്പമുള്ള വെർച്വൽ സ്ക്രീൻ തുറന്നു വരും. 6 സ്ക്രീനുകൾ വരെ കാണാം. 2 വശത്തേക്കും തല ചലിപ്പിക്കുന്നതിന് അനുസരിച്ചു സ്ക്രീനുകൾ മാറി വരും. ജോലി ചെയ്യുന്നതിനു മൗസും ബ്ലൂ ടൂത്ത് കീ പാഡും ഉപയോഗിക്കാം. സ്മാർട്ട് ഫോണിൽ ഡൗൺലോഡ് ചെയ്യാവുന്ന ആപ് വഴിയും ശബ്ദ നിർദേശങ്ങൾ വഴിയും സ്മാർട്ട് ഗ്ലാസ് കംപ്യൂട്ടർ പ്രവർത്തിപ്പിക്കാം.. എവിടെയിരുന്നും ജോലി ചെയ്യാം എന്നതാണു പ്രധാന കാര്യം. ലാപ്ടോപ് കൊണ്ടു നടക്കേണ്ട കാര്യമില്ല. ഗ്ലാസ് ധരിക്കുന്നയാൾക്കു മാത്രമേ വെർച്വൽ സ്ക്രീൻ കാണാൻ കഴിയൂ’’– രോഹിൽദേവിന്റെ വാക്കുകൾ.

∙ ലാഭം 2.5 മണിക്കൂർ, കാര്യക്ഷമത പത്തിരട്ടി

നിമോ ഗ്ലാസ് ഉപയോഗിച്ചു ജോലി ചെയ്യുമ്പോൾ രണ്ടര മണിക്കൂർ ലാഭിക്കാനാകുമെന്നു രോഹിൽദേവ് പറയുന്നു. ‘‘ പത്തിരട്ടി കാര്യക്ഷമതയും ലഭിക്കും. റിമോട്ട്, ഹൈബ്രിഡ് രീതിയിലാണു വൻകിട കമ്പനികൾ പ്രവർത്തിക്കുന്നത്. യുഎസിലെ വൻ കമ്പനികളായ ഡിലോയ്റ്റ്, മക്കിൻസി, ഗിറ്റ് ലാബ് തുടങ്ങിയ കമ്പനികളിലെ 80 % പ്രഫഷനലുകളും ഓഫിസിനു പുറത്താണു ജോലി ചെയ്യുന്നത്. അത്തരം കമ്പനികളെ സംബന്ധിച്ചിടത്തോളം മൾട്ടി സ്ക്രീൻ വെർച്വൽ സ്ക്രീനുകൾ കാര്യക്ഷമത വർധിക്കാൻ സഹായിക്കും. അവരിൽ നിന്നെല്ലാം അഭിപ്രായം സമാഹരിച്ചാണു നിമോ ഗ്ലാസ് വികസിപ്പിച്ചത്. എവിടെയിരുന്നും ഏറ്റവും കാര്യക്ഷമവും സൗകര്യപ്രദവുമായി ജോലി ചെയ്യാൻ സൗകര്യമൊരുക്കുകയാണു ഞങ്ങളുടെ ലക്ഷ്യം’’ – രോഹിൽദേവിന്റെ വാക്കുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close