TECH

നഗ്നഫോട്ടോ വാങ്ങി പണം തട്ടിയെടുത്തു, പതിനേഴുകാരൻ ജീവനൊടുക്കി; എന്താണ് സെക്‌സ്‌റ്റോര്‍ഷൻ?

ഇന്റര്‍നെറ്റിന്റെ ഗുണങ്ങള്‍ അറിയാവുന്ന പലര്‍ക്കും പക്ഷേ അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു വ്യക്തമായി അറിയില്ല. പ്രത്യേകിച്ചേ, തങ്ങളുടെ ഓമനക്കുഞ്ഞുങ്ങള്‍ പെട്ടുപോയേക്കാവുന്ന ചതികളെക്കുറിച്ച്. കുട്ടികളെ വളർത്തുമ്പോൾ രക്ഷിതാക്കൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് അമേരിക്കൻ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ അടക്കമുള്ള സംഘടനകള്‍ പുറത്തുവിടുന്നത്. അത്തരമൊരു ചതിക്കുഴിയിലാണ് കലിഫോര്‍ണിയയിലെ സാനോസിലുള്ള റയാൻ എന്ന പതിനേഴുകാരൻ പെട്ടത്. ഇക്കാലത്ത് ഇന്റര്‍നെറ്റുമായി ഇടപെടുന്ന ഏതു കുട്ടിക്കും സംഭവിക്കാവുന്ന ഒരബദ്ധത്തിന്റെ പേരിൽ ജീവനൊടുക്കുകയായിരുന്നു വിദ്യാര്‍ഥിയും ബോയ് സ്‌കൗട്ടുമായിരുന്ന അവൻ.

∙ മരണം മണിക്കൂറുകള്‍ക്കുള്ളില്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ദിവസം രാത്രി റയാന് ഒരു സന്ദേശം ലഭിച്ചു. അയച്ചത് ഒരു പെണ്‍കുട്ടിയാണെന്ന മട്ടിലായിരുന്നു ആ സന്ദേശം. അതു ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റയാന്‍ ആത്മഹത്യ ചെയ്തു. പെൺകുട്ടിയാണെന്നു ഭാവിച്ച് ആരോ റയാനോടു സംസാരിച്ചിരുന്നുവെന്നും അടുപ്പമുണ്ടാക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും അങ്ങനെയാണ് അവൻ ജീവനൊടുക്കിയതെന്നും റയാന്റെ അമ്മ പോളീന്‍ സ്റ്റ്യുവര്‍ട്ട് പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. റയാനെ പരിചയപ്പെട്ട ‘പെൺകുട്ടി’ അവനുമായി അടുത്തു. സംഭാഷണം സ്വകാര്യ കാര്യങ്ങളിലേക്കു കടന്നു. തന്നോടു സംസാരിക്കുന്നത് ഒരു തട്ടിപ്പുസംഘമായിരുന്നു എന്ന് റയാന് അറിയില്ലായിരുന്നു.

∙ നഗ്ന ചിത്രം അയച്ചു കൊടുത്ത് കുട്ടിയുടെ നഗ്ന ചിത്രം വാങ്ങിക്കുന്നു

തന്നോട് ഇടപെടുന്നത് ഒരു പെണ്‍കുട്ടിയാണെന്നതില്‍ റയാനു സംശയമില്ലായിരുന്നു. അടുപ്പമുണ്ടാക്കിയ ശേഷം തട്ടിപ്പുകാർ പെൺകുട്ടിയുടേതെന്ന പേരിൽ ഒരു നഗ്നചിത്രം റയാന് അയച്ചു കൊടുത്തു. തുടര്‍ന്ന് റയാന്റെ ഒരു നഗ്ന ചിത്രം ചോദിച്ചു. ചതി മനസ്സിലാക്കാതിരുന്ന അവൻ തന്റെ നഗ്നചിത്രവും നല്‍കി. ഫോട്ടോ ലഭിച്ചതോടെ തട്ടിപ്പു സംഘം റയാനോട് 5000 ഡോളര്‍ ചോദിച്ചു. തന്നില്ലെങ്കില്‍ റയാന്റെ നഗ്നഫോട്ടോ പരസ്യമാക്കുമെന്നും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. തന്റെ കയ്യില്‍ അത്ര വലിയ തുകയൊന്നും ഇല്ലെന്നു പറഞ്ഞപ്പോൾ തട്ടിപ്പുകാർ ഡിമാന്‍ഡ് കുറച്ച് 150 ഡോളര്‍ വരെ എത്തിച്ചു. ഈ തുക കുട്ടി തന്റെ പഠനാവശ്യത്തിനായി വച്ചിരിക്കുന്ന സമ്പാദ്യത്തില്‍ നിന്നു നല്‍കി. എന്നാല്‍ തട്ടിപ്പുകാർ കൂടുതല്‍ തുക ആവശ്യപ്പെട്ട് അവനെ സമ്മര്‍ദത്തിലാക്കി. അതു താങ്ങാനാവാതെയാണ് അവൻ ജീവനൊടുക്കിയത്.

∙ വെളിച്ചത്തുവന്നത് അന്വേഷണത്തില്‍ നിന്ന്

ഇതൊന്നും അവന്റെ അമ്മ പോളീന് അറിയില്ലായിരുന്നു. കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസ് സംഘമാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. അമ്മ രാത്രി 10 മണിക്ക് പതിവുപോലെ മകന് ശുഭരാത്രി നേര്‍ന്ന് ഉറങ്ങാന്‍ പോയി. വെളുപ്പിന് രണ്ടുമണിക്കു മുൻപ് നടന്ന നാടകങ്ങളുടെ സത്യം മനസ്സിലാക്കാനാകാതെ, ആഘാതം സഹിക്കാനാകാതെ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. താന്‍ തന്റെ കുടുംബത്തിന് എന്തൊരു നാണക്കേടാണ് ഉണ്ടാക്കിവച്ചിരിക്കുന്നത് എന്നൊരു ആത്മഹത്യാ കുറിപ്പും എഴുതി വച്ചാണ് റയാന്‍ ലോകത്തോട് വിട പറഞ്ഞത്.

∙ താന്‍ പെട്ടുവെന്ന് കുട്ടി കരുതി

മുതിര്‍ന്നവര്‍ക്കുള്ള അനുഭവ സമ്പത്തൊന്നുമില്ലാത്ത കുട്ടി കരുതിയത് താന്‍ എത്തിപ്പെട്ട സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഇനി മാര്‍ഗങ്ങള്‍ ഒന്നുമില്ലെന്നാണ്. തന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തുമെന്ന് അവന്‍ ഭയന്നു. അവന്റെ ആത്മഹത്യക്കുറിപ്പില്‍നിന്നു മനസ്സിലാകുന്നത് അവന്‍ അത്രയധികം ഭയന്നിരുന്നു എന്നാണ്– പോളീന്‍ പറയുന്നു. ഒരു കുട്ടിയും ഇത്രയധികം ഭയന്നു കൂടെന്നും പോളീന്‍ പറഞ്ഞു. അതിനായി ലോകമെമ്പാടും ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നതിനെതിരെ മാതാപിതാക്കള്‍ക്കും ഉത്തരവാദിത്വപ്പെട്ടവര്‍ക്കും അവബോധം നല്‍കുന്ന പരിപാടികള്‍ക്ക് തന്റെ പിന്തുണ നല്‍കുമെന്നും പോളീന്‍ പറഞ്ഞു.

∙ ഇത് സെക്‌സ്‌റ്റോര്‍ഷന്‍

റയാനെതിരെ നടന്ന ആക്രമണത്തെ വിശേഷിപ്പിക്കുന്ന വാക്കാണ് സെക്‌സ്റ്റോര്‍ഷന്‍. അനുദിനം വര്‍ധിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ അവബോധം വര്‍ധിപ്പിക്കണമെന്ന് എഫ്ബിഐയും പറയുന്നു. അമേരിക്കയില്‍ മാത്രം 2021ല്‍ 18,000 സെക്‌സ്റ്റോര്‍ഷന്‍ കേസുകള്‍ ഉണ്ടായെന്നും 13 ദശലക്ഷത്തിലേറെ ഡോളര്‍ തട്ടിച്ചെടുത്തെന്നും എഫ്ബിഐ പറയുന്നു. കുട്ടികളെ ആകര്‍ഷിക്കാനായി കുട്ടികളുടെതന്നെ അശ്ലീല രംഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും അത് വലിയ ഗൗരവമുള്ള കുറ്റകൃത്യമാണെന്നും അവര്‍ പറയുന്നു. കൂട്ടികള്‍ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ വലിയ ക്രിമിനലുകളായിരിക്കും. കുട്ടികള്‍ക്കു സമൂഹത്തോടുള്ള വിശ്വാസം നഷ്ടപ്പെടാനും അവരുടെ ഭാവിജീവിതം ദുരിതപൂര്‍ണമാക്കാനും ഇത്തരം ആക്രമണങ്ങൾ വഴിയൊരുക്കും.

∙ മുതിര്‍ന്നവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളോട് സമാനത ?

സെക്‌സ്‌റ്റോര്‍ഷന്‍ ആക്രമണകാരികൾ മുതലെടുക്കുന്നത് ഇന്റര്‍നെറ്റിലെ പരിചയക്കുറവാണ്. നേരത്തെ, അമേരിക്കയില്‍ ഇന്റര്‍നെറ്റിനെക്കുറിച്ച് അത്ര പരിചയമില്ലാത്ത മുതിര്‍ന്നവരെ മുതലെടുക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത് ഇവിടെ വായിക്കാം: https://bit.ly/3wyrZNU. അതിനു സമാനമായിരിക്കാം പുത്തന്‍ ആക്രമണങ്ങളും. എഫ്ബിഐ പറയുന്നത് ഇത്തരം ആക്രമണങ്ങള്‍ പ്രധാനമായും തുടക്കിമിടുന്നത് ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമാണ് എന്നാണ്. ചൈനയും ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന പ്രദേശമാണിത്.
മുതിര്‍ന്നവര്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ സിരാകേന്ദ്രങ്ങളിലൊന്ന് കൊല്‍ക്കത്ത ആണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ ലോകമെമ്പാടുമുള്ള നിയമപാലകര്‍ സംയുക്ത നീക്കങ്ങള്‍ നടത്തിയേക്കും.

∙ പ്രധാന വെല്ലുവിളി

ഇങ്ങനെയുള്ള ആക്രമണത്തിന് ഇരയാകുന്നവര്‍ എല്ലാ രാജ്യങ്ങളിലും ഉണ്ടാകാം. നാണക്കേടു ഭയന്ന് പലരും പരാതിപ്പെടാന്‍ മടിക്കുന്നു. ഇത് ആക്രമണകാരികള്‍ക്ക് പ്രോത്സാഹനമാണ്. ഇരകള്‍ നാണക്കേട് എന്ന പ്രശ്‌നം തരണംചെയ്യുക എന്നതാണ് ഇതിനെ പ്രതിരോധിക്കാൻ ആദ്യം വേണ്ടത്. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായാല്‍ ഒട്ടും സമയം കളയാതെ പരാതി നല്‍കണം എന്നാണ് അധികാരികള്‍ ആവശ്യപ്പെടുന്നത്. കൊച്ചുകുട്ടികളുടെ തലച്ചോറ് വികസിച്ചുവരുന്ന ഘട്ടമാണിത്. തന്റെ നഗ്നചിത്രം പുറത്തുവിടുമെന്നും മറ്റും ഭീഷണിപ്പെടുത്തിയാല്‍ കുട്ടികള്‍ ഭയപ്പെടും.

∙ മാതാപിതാക്കളുടെ റോള്‍

ഇത്തരം ആക്രമണങ്ങള്‍ സ്വന്തം കുട്ടികള്‍ക്കു നേരെ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍, മക്കള്‍ ഓണ്‍ലൈനില്‍ ആരെല്ലാമായാണ് ഇടപെടുന്നത് എന്നു മനസ്സിലാക്കണമെന്ന് ഡോ. സ്‌കോട്ട് ഹാഡ്‌ലാന്‍ഡ് പറയുന്നു. അവര്‍ എപ്പോഴാണ് ഓണ്‍ലൈനിലേക്കു കടക്കുന്നതെന്നും എന്തെല്ലാം പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നതെന്നും അറിയണം. ഇത് എളുപ്പം നടക്കുന്ന കാര്യമല്ല. കുട്ടികളും മാതാപിതാക്കളും തമ്മില്‍ സൗഹാര്‍ദപരമായ അന്തരീക്ഷം വീട്ടില്‍ ഉണ്ടായിരിക്കണം. ഇത് ടീനേജിലേക്കു കടക്കുന്നതിനു മുൻപു തന്നെ വളര്‍ത്തിയെടുക്കണം. പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാവുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാനുള്ള അവസരം വീടുകളില്‍ സൃഷ്ടിക്കണം.

∙ മറ്റു കരുതലുകള്‍

അപരിചിതര്‍ ചോദിച്ചാല്‍ വ്യക്തിവിവരങ്ങളോ ഫോട്ടോകളോ കൈമാറരുതെന്ന് കുട്ടികളെ പഠിപ്പിക്കണം. കുട്ടികളോട് സെക്‌സ്‌റ്റോര്‍ഷന്‍ തുടങ്ങിയ തട്ടിപ്പുകളുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതും ഇത്തരം ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു പരിധിവരെ സഹായിച്ചേക്കും. ഇനി എന്തെങ്കിലും പ്രശ്‌നത്തില്‍ പെട്ടുപോയെന്നു പറഞ്ഞാല്‍ ഒരു തരത്തിലും കുട്ടികളെ നാണം കെടുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുമായി ഉത്തരവാദിത്വപ്പെട്ടവര്‍ കൂടുതല്‍ സംസാരിക്കണം. തന്റെ കുട്ടിക്ക് സംഭവിച്ച കാര്യം വീട്ടിലുള്ളവരോട് പറയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് പോളീന്‍ പറയുന്നു. അത്തരത്തില്‍, തങ്ങള്‍ക്കു നേരെ ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറയാവുന്ന സാഹചര്യം നിലവില്‍ വരുത്തുക എന്നതാണ് മാതാപിതാക്കളുടെയും മറ്റും കടമ. ഒരു കുട്ടിയുടെ ജീവിതത്തിന് 150 ഡോളറിന്റെ വില പോലും കല്‍പിക്കാത്ത ഹീനരാണ് ആക്രമണകാരികള്‍ എന്ന് മനസ്സിലാക്കണമെന്നും പോളീന്‍ ഓര്‍മപ്പെടുത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close