
കൊച്ചി: വ്യാജവാഗ്ദാനം നൽകി പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. കുറ്റകൃത്യം നടന്നതായി പരാതിക്കാരി വെളിപ്പെടുത്തിയ പനമ്പിള്ളിനഗറിലെ ഫ്ലാറ്റിൽ ഇന്നലെ തെളിവെടുപ്പു നടന്നു. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഇന്നു തെളിവെടുപ്പു തുടരും. അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതിനു വ്യക്തമായ തെളിവും വിശ്വസനീയമായ മൊഴികളും ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പീഡനക്കേസ് പ്രതിയുടെ ലൈംഗികശേഷി പരിശോധനയും നിയമപ്രകാരം അടുത്തദിവസങ്ങളിൽ നടത്തും.
ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടും വിജയ്ബാബുവിനെ റിമാൻഡ് ചെയ്തില്ല. 5 ലക്ഷം രൂപയുടെ ബോണ്ടിൽ 2 പേരുടെ ആൾജാമ്യമാണു കോടതി നിർദേശിച്ചിട്ടുള്ളത്. ജാമ്യവ്യവസ്ഥയനുസരിച്ചു ജൂലൈ 3 വരെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം. ചോദ്യം ചെയ്യലിനു ശേഷം വിജയ്ബാബുവിനു ദിവസവും വീട്ടിലേക്കു മടങ്ങാം.
പുതുമുഖ നടി പൊലീസിനു പരാതി നൽകാതിരിക്കാൻ വിജയ്ബാബു പരാതിക്കാരിയുടെ ബന്ധുവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി പറയപ്പെടുന്ന ശബ്ദസന്ദേശം ഇന്നലെ പുറത്തു വന്നു. പുതുമുഖ നടി പരാതി നൽകിയാൽ താൻ മരിക്കുമെന്നും നടിയോടു കാലുപിടിച്ചു മാപ്പു പറയാൻ തയാറാണെന്നും വേണമെങ്കിൽ നടിക്കു തന്നെ അടിക്കാമെന്നും പറയുന്ന ശബ്ദസന്ദേശമാണു പുറത്തുവന്നത്.
വിജയ് ബാബുവിന്റെ പോസ്റ്റ്
നിശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്ന വിജയ്ബാബുവിന്റെ പോസ്റ്റ് ഇന്നലെ സമൂഹമാധ്യമങ്ങളിൽ വന്നു. ‘എന്തു സംഭവിച്ചാലും പ്രകോപിതനാവില്ല. കോടതിയുടെ നിർദേശമുണ്ട്, മാധ്യമങ്ങളോടു സംസാരിക്കില്ല. അന്വേഷണവുമായി നൂറുശതമാനം സഹകരിക്കും. അവസാനം സത്യം ജയിക്കും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു പോസ്റ്റ്.