മരിച്ചാലും വിടില്ല; വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ കുറ്റപത്രം, പിഴയടക്കാന്‍ നോട്ടീസും; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍

മയ്യിൽ: മയ്യില്‍ വാഹനാപകടത്തില്‍ മരിച്ചയാളെ കേസില്‍ പ്രതിയാക്കി പൊലിസ്. കൈവരിയില്ലാത്ത മയ്യില്‍ കൊളച്ചേരിയി പള്ളിപ്പറമ്ബ് മുക്കിലെ മസ്കറ്റ് ടെയിലേഴ്സിനടുത്തുള്ള കനാല്‍ പാലം റോഡില്‍ നിന്നും കനാലിലെ താഴ്ചയിലക്ക് വീണ് മരണമടഞ്ഞ സ്കൂട്ടര്‍ യാത്രക്കാരനെ കുറ്റക്കാരനാക്കി കണ്ണൂര്‍ കോടതിയില്‍ പൊലീസ് കേസ് നല്‍കിയത്.
കൊളച്ചേരി കാവുംചാൽ കനാൽ റോഡിൽ മാർച്ച് എട്ടിന് അപകടമുണ്ടായത്. സി ഒ ഭാസ്കരൻ എന്നയാളാണ് മരിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 279-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം സംഭവിച്ച് മരിക്കാനിടയായത് ആണ് കുറ്റം.
അസ്വാഭാവിക മരണമായാണ് മയ്യിൽ പൊലീസ് കേസിനെ പരിഗണിച്ചിരുന്നത്. എന്നാൽ ശരിയായ രീതിയിൽ അന്വേഷണം നടത്താതെ കേസവസാനിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം എന്ന് കുടുംബം ആരോപിക്കുന്നു. ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നിലെ കാരണം അതാണെന്നും കാണിച്ച് ഭാസ്കരന്റെ ഭാര്യ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.