32 പേജുള്ള സ്വപ്നയുടെ രഹസ്യമൊഴി രാഷ്ട്രീയ നേതാക്കളുടെ ഉറക്കം കെടുത്തും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ രാഷ്ട്രീയ ബോംബിനുള്ള മരുന്നുണ്ടെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷിന്റെ 32 പേജുള്ള രഹസ്യ മൊഴി. ഉദ്യോഗസ്ഥര്‍ക്കു പുറമേ ഉന്നത രാഷ്ട്രീയനേതാക്കളുടെയും സഹായം ലഭിച്ചതായി സ്വപ്ന സുരേഷ് കസ്റ്റംസിനു മൊഴി നല്കി. സഹായം നല്കിയ വ്യക്തികളെക്കുറിച്ചും ഇവര്‍ ഏതു തരത്തിലുള്ള സഹായമാണു നല്കിയതെന്നതും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ 32 പേജുള്ള മൊഴിയിലുണ്ടെന്നാണു സൂചന. കേസിലെ നിര്‍ണായക മൊഴിയായി കസ്റ്റംസ് ഇതിനെ കാണുന്നു.
മൊഴിയുടെ പ്രാധാന്യം കണക്കാക്കി കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരം മൊഴിപ്പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. സാമ്പ ത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതി ചേംബറില്‍ കസ്റ്റംസ് നേരിട്ടു കവര്‍ നല്‍കുകയായിരുന്നു. ഇത്തരത്തില്‍ നല്കുന്ന മൊഴിക്കു നിയമപ്രാബല്യമുണ്ട്. രാഷ്ട്രീയനേതാക്കളും മറ്റും മൊഴി മാറ്റിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദവും ഭീഷണിയും ചെലുത്തുമെന്നും കണ്ടാണ് സ്വപ്നയുടെ നീക്കം. സോളാറില്‍ ഉന്നത ബന്ധങ്ങള്‍ വ്യക്തമാക്കിയ സരിതാ നായരുടെ കത്തിനും മൊഴിയ്ക്കും മേലുണ്ടായ അധികാര സ്വാധീനം ഇവിടെ സംഭവിക്കരുതെന്നു സ്വപ്ന കരുതുന്നുണ്ടാവണം.
ഭാവിയില്‍ മൊഴി മാറ്റിപ്പറയാന്‍ തനിക്കുമേല്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടാകാമെന്നും മൊഴിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ചൂണ്ടിക്കാട്ടി സ്വപ്ന ആവശ്യപ്പെട്ട പ്രകാരമാണു മൊഴിപ്പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് അസാധാരണ നടപടിയാണെന്നു നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. സ്വപ്ന സുരേഷും കൂട്ടാളികളും ഇടനിലക്കാരായി നിന്നു സമ്പാ ദിച്ച കോടികളെക്കുറിച്ചു പരിശോധിക്കാന്‍ എന്‍ഫോഴ്സ്മെന്റും നടപടി തുടങ്ങിയിട്ടുണ്ട്. സ്വപ്ന, സന്ദീപ് നായര്‍, സരിത് എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് അപേക്ഷ സമര്‍പ്പിച്ചു.