
ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പി.എം കെയേഴ്സ് ഫണ്ടിലേക്ക് പൊതുമേഖല സ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 38 പൊതുമേഖല സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിനത്തിലെ 2,105 കോടി രൂപയാണ് വകമാറ്റിയത്. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്പ്പറേഷന് 300 കോടി, എന്‍ടിപിസി 250 കോടി, ഇന്ത്യന്‍ ഓയില്‍ 225 കോടി, പവര്‍ ഫിനാന്‍സ് കോര്പറേഷന് 200 കോടി , പവര്‍ ഗ്രിഡ് 200 കോടി, എന്‍എംഡിസി 155 കോടി, ബിപിസിഎല്‍ 125 കോടി, എച്ച് പിസിഎല്‍ 120 കോടി എന്നിങ്ങനെയാണ് പി.എം കെയേഴ്സിലേക്ക് വകമാറ്റിയ പ്രധാന ഫണ്ടുകള്‍.
വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യത്തിലാണ് ഇത്രയും തുക വകമാറ്റയെന്ന വിവരം പുറത്ത് വന്നത്. ഇതേ സമയം 55 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഫണ്ട് സംബന്ധിച്ച് നല്കിയ വിവരാവകാശത്തില്‍ 38 സ്ഥാനപങ്ങളുടെ കണക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ. പി.എം കെയേഴ്സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് തടസമാവുകയാണ്. പി.എം കെയര്‍ ഫണ്ടിനെ കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് നല്കിയ ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഫണ്ടുകളെ കുറിച്ച് നല്കിയ ചോദ്യത്തിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.