4000 പേരെ കിടത്താവുന്ന ലണ്ടനിലെ നൈറ്റിന്‍ഗെയില്‍ ആശുപത്രിയില്‍ ഇതുവരെ അഡ്മിറ്റാക്കിയത് 40 രോഗികളെ; കാരണം ആവശ്യത്തിന് നഴ്സുമാരില്ല

ലണ്ടന്‍: ലണ്ടനിലെ എന്‍എച്ച്എസ് നൈറ്റിംഗേല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കണ്ട പ്രതീക്ഷകള്‍ അസ്ഥാനത്തായി. ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്ന കൊറോണാ രോഗികളെ പ്രവേശിപ്പിക്കാതെ തിരിച്ചയയ്ക്കുകയാണ് ഇവിടെ ഇപ്പോള്‍ ചെയ്യുന്നത്. ഏപ്രില്‍ 7-നാണ് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി ലണ്ടനില്‍ എന്‍എച്ച്എസ് നൈറ്റിംഗേല്‍ ആശുപത്രി രൂപംകൊണ്ടത്. ലണ്ടനിലെ വിവിധ ആശുപത്രികളില്‍ നിന്നെത്തിയ 30 പേരെ സ്വീകരിക്കാന്‍ എന്‍എച്ച്എസ് നൈറ്റിംഗേല്‍ തയ്യാറായില്ലെന്ന് ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യത്തിന് നഴ്സിംഗ് ജീവനക്കാരില്ലാത്തതാണ് ലണ്ടനിലെ ഈ അഭിമാന സംരംഭത്തിന് പാരയാകുന്നത്.
41 രോഗികളെ മാത്രമാണ് ഇതുവരെ ലണ്ടന്‍ നൈറ്റിംഗേലില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഇതില്‍ 4 പേര് മരിച്ചപ്പോള്‍ ഏഴ് പേരെ ഗുരുതരാവസ്ഥയില്‍ നിന്നും ഡൗണ്‍ഗ്രേഡ് ചെയ്യാനും സാധിച്ചു. 30 പേരെ ഇപ്പോഴും പരിചരിച്ച് വരികയാണ്. ലണ്ടനിലെ ആശുപത്രികള്‍ കൊറോണ രോഗികളെ കൊണ്ട് പൊറുതിമുട്ടുമ്പോഴാണ് ഫീല്‍ഡ് ആശുപത്രിയില്‍ ആയിരക്കണക്കിന് ബെഡുകള്‍ അനാഥമായി കിടക്കുന്നത്. ഇതോടെ നൈറ്റിംഗേല്‍ ആശുപത്രി ഈ യുദ്ധകാല സമയത്ത് സൃഷ്ടിക്കപ്പെട്ട വെള്ളാനയായി മാറുകയാണെന്ന് ലണ്ടന്‍ ഹോസ്പിറ്റല്‍ മാനേജര്‍മാര്‍ ആശങ്കപ്പെടുന്നു. സുപ്രധാന ശ്രോതസ്സുകള്‍ മറ്റ് ഇടങ്ങളില്‍ നിന്നും അപഹരിച്ച കുറ്റപ്പെടുത്തലാണ് ഈ അഭിമാന സംരംഭത്തിന് ഇപ്പോള്‍ പറയാനുള്ള കഥ.
മറ്റ് ആശുപത്രികളില്‍ ജോലിയിലുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ നൈറ്റിംഗേല്‍ ബുദ്ധിമുട്ട് നേരിടുന്നതായി ഗാര്ഡിയന് പത്രത്തിന് ലഭിച്ച എന്‍എച്ച്എസ് രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. ‘നിരവധി പേര് ഇവിടെ ജോലി ചെയ്യുന്നു, ആവശ്യത്തിലേറെ ഡോക്ടര്‍മാരുമുണ്ട്. എന്നാല്‍ ആവശ്യത്തിന് ക്രിട്ടിക്കല്‍ കെയര്‍ നഴ്സുമാര്‍ ഇല്ല. മറ്റ് ആശുപത്രികളില്‍ സേവനത്തിലുള്ള നഴ്സുമാര്‍ സമ്മര്‍ദത്താല്‍ നെട്ടോട്ടത്തിലാണ്. ഒഴിവുള്ള സ്പെഷ്യലിസ്റ്റ് നഴ്സുമാരില്ലാത്തതാണ് പ്രശ്നം’, ഒരു സ്റ്റാഫ് അംഗം വെളിപ്പെടുത്തി. 20 കൊവിഡ്-19 രോഗികളുടെ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ മടക്കി അയച്ചെന്നും എന്‍എച്ച്എസ് രേഖ തെളിയിക്കുന്നു. 200 സൈനികര്‍ അധ്വാനിച്ചാണ് ലണ്ടനിലെ സംവിധാനം 9 ദിവസം കൊണ്ട് തയ്യാറാക്കിയത്. ഇത് സമ്പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ 16,000 ജീവനക്കാര്‍ ആവശ്യമാണ്. എന്നാല്‍ നൈറ്റിംഗേല്‍ സംവിധാനം അടിയന്തരാവസ്ഥയെ നേരിടാനാണെന്നും ഇത് ഒഴിഞ്ഞ് കിടന്നാല്‍ എന്‍എച്ച്എസ് തന്ത്രങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണെന്നും ബോറിസ് ജോണ്‍സനും, സംഘവും വാദിക്കുന്നു.