
കോട്ടയം: ഇന്ധനവിലയിൽ പതിവ് തെറ്റാതെയുള്ള വർധനവിൽ പ്രതിഷേധിച്ച് തോട്ടിലേക്ക് എറിഞ്ഞ ആ സ്കൂട്ടർ ആരുടേതെന്നാണ് ഇപ്പോൾ ചോദ്യം. കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധത്തിനിടെ തോട്ടിൽ മുങ്ങിയ സ്കൂട്ടറിന്റെ ഉടമസ്ഥൻ ഇപ്പോഴും കാണാമറയാണ്. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ഞായറാഴ്ച നടത്തിയ സമരത്തിലാണ് സ്കൂട്ടറും പാചക വാതക സിലിണ്ടറുകളും തോട്ടിലേക്കു വലിച്ചെറിഞ്ഞത്. പല സമരങ്ങളും കണ്ടിട്ടുണ്ടെങ്കിലും സ്കൂട്ടർ തോട്ടിലെറിഞ്ഞുള്ള സമരം ആദ്യം. അതോടെ സ്കൂട്ടർ ആരുടേതെന്നായി പലരുടെയും ചോദ്യം.
സ്കൂട്ടറും കാലി സിലിണ്ടറുകളും തോട്ടിലേക്ക് വലിച്ചെറിഞ്ഞ് സമരം നടത്താമെന്ന നിർദേശം വന്നത് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ്. ഇതിനായി പ്രവർത്തകർ ഓടാത്ത സ്കൂട്ടർ തപ്പിനടന്നു. എൻജിൻ തകരാറിനെത്തുടർന്ന് കോട്ടയത്തെ ഒരു വർക്ഷോപ്പിലുള്ള സ്കൂട്ടർ കണ്ടെത്തി. പെട്രോൾ വിലക്കയറ്റത്തിനെതിരായ പ്രതിഷേധമെന്നു കേട്ടപ്പോൾ വർക്ഷോപ് ഉടമ പറഞ്ഞു– ‘സ്കൂട്ടർ കൊണ്ടുപോയ്ക്കോളൂ. വെള്ളത്തിൽ ഉപേക്ഷിച്ചു പോരരുത്. തിരിച്ചെത്തിക്കണം.’
സ്കൂട്ടർ തോട്ടിൽ വലിച്ചെറിഞ്ഞു വെള്ളം മലിനമായാൽ നാട്ടുകാരുടെ ‘പ്രതിഷേധം ’ ഉണ്ടാകുമെന്ന് പ്രവർത്തകർ ഭയപ്പെട്ടു. സ്കൂട്ടറിന്റെ എൻജിൻ കവർ അഴിച്ച് ഓയിൽ മുഴുവൻ മാറ്റി സ്കൂട്ടർ കഴുകി വൃത്തിയാക്കി. ഫിൽട്ടറിന്റെ ഭാഗവും വൃത്തിയാക്കി. എന്നിട്ടാണ് സമരത്തിനു കൊണ്ടുവന്നത്. കാലി സിലിണ്ടറുകൾ വീട്ടമ്മമാർ കൊടുത്തതാണ്. ചെങ്ങളം നെടുഞ്ചിറ കടവിലായിരുന്നു സമരം. സമരം കഴിഞ്ഞതോടെ പ്രവർത്തകർ തോട്ടിലിറങ്ങി സ്കൂട്ടറും സിലിണ്ടറുകളും വെള്ളത്തിൽ നിന്നു പൊക്കി ഉടമകൾക്ക് തിരിച്ചുകൊടുത്തു.