
കണ്ണൂർ: മാടായി പോർക്കലി സ്റ്റീൽസിന് നേരെ വീണ്ടും അക്രമം. ചരക്കുമായി പോയ വാഹനം എരിപുരത്ത് വച്ച് സിഐടിയു സമരാനുകൂലികൾ തടഞ്ഞു. വാഹനത്തിലെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടതായും ഡ്രൈവറെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.
മാതമംഗലത്തെ പ്രശ്നത്തിന് ശേഷം മാടായിയിൽ സിഐടിയു യൂണിയൻ തൊഴിലാളികൾ നടത്തിവരുന്ന പ്രതിഷേധമാണിത്. കഴിഞ്ഞ രണ്ട് മാസത്തോളമായി തുടരുന്ന സമരത്തിനിടെ കടയുടമ രണ്ട് തവണ സ്ഥാപനം തുറന്നിരുന്നു. എന്നാൽ പോർക്കലി സ്റ്റീൽസിലേക്ക് വീണ്ടും സമരാനുകൂലികൾ ഇരച്ചെത്തിയതോടെ വീണ്ടും അടയ്ക്കേണ്ടി വരികയായിരുന്നു.
സംഭവത്തിൽ കടതുറക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ കെ. വി മോഹൻലാൽ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെടലും ഉണ്ടായി. ഇതിന് ശേഷമാണ് ഇപ്പോൾ സ്ഥാപനത്തിലേക്ക് ചരക്കുമായി പോയ വാഹനം സമരാനുകൂലികൾ തടഞ്ഞിരിക്കുന്നത്. മാടായി ശ്രീപോർക്കലി സ്റ്റീൽസിനു മുന്നിലാണ് സിഐടിയുവിന്റെ സമരം നടന്നു വരുന്നത്.
ഇതോടെ കടയുടമയും കടയിലെ തൊഴിലാളികളും വീണ്ടും തൊഴിൽ രഹിതരായി. കടയ്ക്കു മുൻപിൽസമരം ചെയ്യേണ്ടെന്ന നിലപാട് സ്വീകരിച്ച നേതൃത്വം നിലപാട് മാറ്റിയത് ദുരൂഹമാണെന്ന് കടയുടമ പറയുന്നു. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരംപോലും നിഷേധിക്കുന്ന തൊഴിലാളിസംഘടനകളുടെ നിലപാടിനെതിരേ കോടതിയെ കടയുടമ കോടതിയെ സമീപിച്ചിരുന്നു. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് 65 ലക്ഷം രൂപയോളം മുടക്കി സ്ഥാപനം തുടങ്ങിയത്. കട തുറന്ന് പ്രവർത്തിക്കാത്തതിനാൽ ഇവിടുത്തെ തൊഴിലാളികളുടെ കുടുംബങ്ങളക്കം പട്ടിണിയിലാണ്. കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിൽ പോലീസ് സംരക്ഷണയോടെ കട തുറന്നുപ്രവർത്തിപ്പിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നതായി കടയുടമ പറഞ്ഞു.