KERALANEWS

കുന്നംകുളം അപകടം; കെ സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറും പിക് അപ് വാൻ ഡ്രൈവറും അറസ്റ്റിൽ

തൃശൂര്‍: കുന്നംകുളം അപകടത്തിന് കാരണമായ കെ സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറും പിക് അപ് വാൻ ഡ്രൈവറും അറസ്റ്റിൽ. പിക് അപ് വാൻ ഡ്രൈവറായ സൈനുദ്ദീൻ, കെ സ്വിഫ്റ്റ് ബസ് ഡ്രൈവർ വിനോദും ആണ് അറസ്റ്റിലായത്. കെ സ്വിഫ്റ്റ് ബസ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുന്നംകുളത്ത് വാഹനമിടിച്ച് ഒരാള്‍ മരിച്ച സംഭവത്തിലാണ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് അപകടത്തില്‍ മരിച്ചത്.

തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് കുന്നംകുളം മലായ ജംഗ്ഷനില്‍ വെച്ച് പുലര്‍ച്ചെ 5.30നാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് തമിഴ്നാട് സ്വദേശിയായ പരസ്വാമിയെ ഇടിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന പരസ്വാമിയെ ഒരു പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചത്. റോഡില്‍ വീണ പരസ്വാമിയുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ കെ സ്വിഫ്റ്റ് ബസും കയറിയിറങ്ങുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.
കെ-സ്വിഫ്റ്റ് ബസ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിക്കപ്പ് വാനിടിച്ച് 30 സെക്കന്റുകള്‍ക്ക് ശേഷമാണ് കെ സ്വിഫ്റ്റ് ബസ് ഇയാളുടെ ശരീരത്തിലൂടെ കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരിക്കുന്നത്.

കെ- സ്വിഫ്റ്റ് ബസ് അപകടം തുടർകഥയാകുമ്പോൾ

ഇന്നലെ വൈകിട്ട് കെഎസ് 042 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. ലോറിയിൽ തട്ടി ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിഞ്ഞു. മുൻ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടി. ആർക്കും പരിക്കില്ല. സർവ്വീസുകൾ ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് അകമാണ് ആദ്യ രണ്ട് അപകടങ്ങൾ നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്നാണ് വിലയിരുത്തൽ.

ഏപ്രിൽ 11 ആം തീയതി രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും , ഏപ്രിൽ 12 ആം തീയതി രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്. സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിനി‍റെ തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആർടിസി സ്വിഫ്റ്റിന് തുടക്കമായത്. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെഎസ് 29 ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ഉരസുകയായിരുന്നു. റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. മുന്‍ഭാഗത്ത് പെയിന്‍റും പോയി. യാത്രക്കാര്‍ക്ക് പരിക്കില്ല.മറ്റൊരു കണ്ണാടി പിടിപ്പിച്ച് യാത്ര തുടര്‍ന്നു.

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസ് മലപ്പുറം ചങ്കുവെട്ടില്‍ സ്വകാര്യ ബസ്സുമായി ഉരസിയാണ് രണ്ടാമത്തെ അപകടം. ഒരു വശത്തെ പെയിന്‍റ് പോയി. കെഎസ്ആർടിസി സ്വിഫ്റ്റിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. വോള്‍വോ അടക്കമുള്ള ബസ്സുകള്‍ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമായിരുന്നു.

ഇതിന് പിന്നാലെ ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി എടുത്തു. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് വീണ്ടും അപകടം ഉണ്ടാകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close